'അസ്സലാമു അലൈക്കും പറഞ്ഞാണ് ഷര്‍ജില്‍ ഇമാം പ്രസംഗം തുടങ്ങിയത്'; ഷര്‍ജില്‍ ലക്ഷ്യം വെച്ചത് പ്രത്യേക വിഭാഗത്തെയായിരുന്നെന്ന് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ദല്‍ഹി കോടതിയില്‍
ന്യൂദല്‍ഹി: ജാമിഅ മിലിയയിലും അലിഗഡിലും ഷര്‍ജില്‍ ഇമാം നടത്തിയ പ്രസംഗം പ്രത്യേക വിഭാഗത്തെ ലക്ഷ്യം വെച്ചുള്ളതായിരുന്നെന്ന് ദല്‍ഹി കോടതിയില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍. ദല്‍ഹി കലാപവുമായി ബന്ധപ്പെട്ട കേസിലെ വാദത്തിനിടെയായിരുന്നു പരമാര്‍ശം.
ഷര്‍ജില്‍ നടത്തിയ പ്രസംഗങ്ങളില്‍ ഒന്ന് തുടങ്ങുന്നത് ‘അസ്സലാമു അലൈക്കും’ എന്നുപറഞ്ഞുകൊണ്ടാണെന്നും ഇത് പ്രത്യേക സമുദായത്തെ ഉദ്ദേശിച്ചുള്ളതാണെന്നുമാണ് പ്രോസിക്യൂഷന്‍ പറഞ്ഞത്.
പ്രസംഗത്തിലൂടെ അരാജകത്വം ഉണ്ടാക്കാനാണ് ഷര്‍ജില്‍ ശ്രമിച്ചതെന്നും പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അമിത് പ്രസാദ് ആരോപിച്ചു.
ഷര്‍ജില്‍ നടത്തിയ ഇസ്‌ലാമിക അഭിവാദ്യം ഒരു പ്രത്യേക സമുദായത്തെ മാത്രം ഉദ്ദേശിച്ചുള്ളതാണെന്ന് തെളിയിച്ചതായി പ്രോസിക്യൂട്ടര്‍ കോടതയില്‍ പറഞ്ഞു.
കേള്‍വിക്കാരോട് അവരുടെ ദേഷ്യം ഫലപ്രദമായി ഉപയോഗിക്കണമെന്ന് ഷര്‍ജീല്‍ ആവശ്യപ്പെട്ടതായും അദ്ദേഹം ആരോപിച്ചു.
പൗരത്വ നിയമ പ്രതിഷേധത്തോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തിന്റെ പേരില്‍ ഷര്‍ജിലിനെതിരെ രാജ്യദ്രോഹക്കുറ്റവും യു.എ.പി.എയും ചുമത്തിയിരുന്നു.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിന്റെ കേന്ദ്രമായിരുന്ന ഷഹീന്‍ ബാഗില്‍ സംഘര്‍ഷമുണ്ടാക്കാനായി വിദ്വേഷപ്രസംഗം നടത്തി എന്ന് ഷര്‍ജിലിനെതിരെ ചുമത്തിയ കുറ്റപത്രത്തില്‍ ആരോപിച്ചിരുന്നു.