ന്യൂദല്‍ഹി: പൗരത്വ നിയമത്തിനെതിരെ നടത്തിയ പ്രതിഷേധങ്ങളില്‍ അറസ്റ്റിലായ ജെ.എന്‍.യു വിദ്യാര്‍ത്ഥി ഷര്‍ജീല്‍ ഇമാമിന്റെ ഇടക്കാല ജാമ്യം തള്ളി കോടതി. ജാമ്യം നല്‍കാന്‍ മതിയായ കാരണങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി അമിതാഭ് റാവത്ത് ആണ് ജാമ്യാപേക്ഷ തള്ളിയത്.
രാജ്യദ്രോഹ കേസുകളിലെ നടപടികള്‍ നിര്‍ത്തിവെക്കണമെന്ന സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലായിരുന്നു ഷര്‍ജീല്‍ കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ജാമ്യത്തിനുള്ള വ്യവസ്ഥകള്‍ ഷര്‍ജീല്‍ പാലിച്ചിരുന്നുവെന്നും സാക്ഷികളെ സ്വാധീനിക്കാനോ, തെളിവുകള്‍ നശിപ്പിക്കാനോ ശ്രമിച്ചിട്ടില്ലെന്നും ഷര്‍ജീലിന്റെ അഭിഭാഷകനായ അഹ്മദ് ഇബ്രാഹിം കോടതിയെ ബോധിപ്പിച്ചിരുന്നു.
ആക്രമ പ്രവര്‍ത്തനങ്ങള്‍ക്ക് ഷര്‍ജീല്‍ ആഹ്വാനം ചെയ്തിട്ടില്ലെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ അഭിഭാഷകന്റെ വാദങ്ങള്‍ തള്ളിയായിരുന്നു കോടതിയുടെ ഉത്തരവ്. ജാമ്യാപേക്ഷയെ എതിര്‍ത്ത പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടര്‍, കുറ്റത്തിന്റെ ഗൗരവം കോടതി പരിഗണിക്കണമെന്നും വ്യക്തമാക്കിയിരുന്നു. അമിത് പ്രസാദ് ആയിരുന്നു കേസിലെ പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടര്‍.
ജയിലിനുള്ളില്‍ ഷര്‍ജീല്‍ ഇമാമിനെ ആക്രമിച്ച കേസും കോടതി ഇതോടൊപ്പം പരിഗണിച്ചിരുന്നു. ആക്രമണം നടന്ന ദിവസത്തെ ദൃശ്യങ്ങള്‍ കണ്ട ശേഷം കോടതി തിഹാറിലെ ജയില്‍ സൂപ്രണ്ടിനെയും ഡെപ്യൂട്ടി ജയില്‍ സൂപ്രണ്ടിനെയും വിളിച്ചുവരുത്തുകയും സംഭവത്തില്‍ വിശദീകരണം തേടുകയും ചെയ്തു.
തിഹാറിലെ ജയില്‍ സൂപ്രണ്ട് ഉള്‍പ്പെടെ പത്തംഗ സംഘമാണ് ഷര്‍ജീലിനെ ജയിലില്‍ വെച്ച് ആക്രമിച്ചത്. ജൂണ്‍ 30നായിരുന്നു സംഭവം. ആക്രമികള്‍ തന്നെ തീവ്രവാദിയെന്നും രാജ്യദ്രോഹിയെന്നും വിളിച്ചിരുന്നുവെന്നും ആരോപണ വിധേയന്‍ മാത്രമായ തനിക്ക് നേരെ ഇത്തരം വാക്കുകള്‍ പ്രയോഗിക്കുന്നത് തെറ്റാണെന്നും ഷര്‍ജീല്‍ കോടതിയില്‍ പറഞ്ഞു.
2019 ഡിസംബറില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന വിവാദമായ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ചതിന്റെ പേരിലായിരുന്നു ജെ.എന്‍.യു വിദ്യാര്‍ത്ഥിയായ ഷര്‍ജീല്‍ ഇമാമിനെ പൊലീസ് അറസ്റ്റ് ചെയ്തത്. രാജ്യദ്രോഹമുള്‍പ്പെടെയുള്ള കേസുകള്‍ ചുമത്തിയായിരുന്നു അറസ്റ്റ്. 2020 ജനുവരി മുതല്‍ ഷര്‍ജീല്‍ ഇമാം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരുകയാണ്.
പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയെന്നും രാജ്യത്തെ ക്രമസമാധാനം തകര്‍ക്കാന്‍ ശ്രമിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് ഷര്‍ജീലിനെതിരെ രാജ്യദ്രേഹക്കുറ്റം ചുമത്തിയത്. സുപ്രീം കോടതിയിലെത്തിയ ഷര്‍ജീല്‍ ഇമാമിനോട് വിചാരണ കോടതിയെ സമീപിക്കാന്‍ സുപ്രീം കോടതി നിര്‍ദേശിക്കുകയും പിന്നാലെ ജാമ്യം ആവശ്യപ്പെട്ട് ഇമാം കീഴ്ക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.
രാജ്യദ്രോഹ നിയമം മരവിപ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവ് വന്നിട്ടും ജാമ്യം ലഭിക്കാതെ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍ ഉള്‍പ്പെടെയുള്ളവര്‍ ജയിലില്‍ തുടരുകയാണ്. 2020 ഒക്ടോബര്‍ അഞ്ചിന് ഹത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലേക്കുള്ള യാത്രാമധ്യേയായിരുന്നു മാധ്യമപ്രവര്‍ത്തകനായ സിദ്ദീഖ് കാപ്പനെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്. വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ മതസ്പര്‍ധയുണ്ടാക്കാന്‍ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി കാപ്പനെതിരെ പൊലീസ് കേസെടുത്തിരുന്നു. രാജ്യദ്രോഹക്കുറ്റവും പിന്നീട് യു.എ.പി.എയും ചുമത്തുകയും ചെയ്തു.
Content Highlight: Sharjeel Imam’s bail plea rejected, says no valid reason to provide bail