| Wednesday, 5th November 2014, 12:51 pm

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ പ്രവാസി രിസാലയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഷാര്‍ജ: മുപ്പത്തിമൂന്നാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ പ്രവാസി രിസാലയും. പ്രവാസി രിസാല പ്രസാധകരായ ഐ.പി.ബിയുടെ നൂറോളം പുസ്തകങ്ങളുമായാണ് പവലിയന്‍ തുറക്കുന്നത്. പ്രസിദ്ധീകരണമാരംഭിച്ച് അഞ്ചു വര്‍ഷത്തിനകം പ്രവാസി മലയാളികളുടെ സാംസ്‌കാരിക വായനാ പരിസരത്ത് കൂടുതല്‍ വരിക്കാരുമായി ഇടം പിടിച്ച പ്രവാസി രിസാല പവലിയനില്‍ വിജ്ഞാനം, സാഹിത്യം, ബാലസാഹത്യം, ചരിത്രം തുടങ്ങി മലയാളത്തിലെ ശ്രദ്ധേയമായ പുസ്തകങ്ങള്‍ ലഭ്യമാക്കും.

ഐ.പി.ബിയുടെ എട്ടു പുതിയ പുസ്തകങ്ങള്‍ മേളയില്‍ പ്രമുഖര്‍ പ്രകാശനം ചെയ്യും. കുട്ടികള്‍ക്കായി പ്രസിദ്ധീകരിക്കുന്ന “തേന്‍തുള്ളി”യുടെ ഇംഗ്ലീഷ് മലയാളം ഉള്‍പ്പെടെ നാലു പതിപ്പുകള്‍, മീഡിയേഷന്‍സ് (നുഐമാന്‍),  തളിരിലകള്‍ (ഫൈസല്‍ ഉളിയില്‍), അനുരാഗിയുടെ തീര്‍ഥാടന വഴികള്‍ (ഫൈസല്‍ രണ്ടത്താണി), വിശ്വാസികളുടെ ഉമ്മമാര്‍ (സ്വാദിഖ് അന്‍വരി) എന്നീ പുസ്തകങ്ങളുടെ പ്രകാശനമാണ് മേളയില്‍ നടക്കുക.

ഷാര്‍ജ എക്‌സ്‌പോ സെന്ററിലെ അഞ്ചാം ഹാളില്‍ കെ 26 സ്റ്റാളിലാണ് പ്രവാസി രിസാല പ്രവര്‍ത്തിക്കുക. ഐ.പി.ബി പുസ്തകങ്ങള്‍ മേളയില്‍ പ്രത്യേക വിലക്കിഴിവില്‍ ലഭിക്കും. കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക ആനുകൂല്യവും ലഭിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

We use cookies to give you the best possible experience. Learn more