കഴിഞ്ഞ ദിവസം ഷാര്‍ജ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ 92 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് അഫ്ഗാനിസ്ഥാന്‍ സ്വന്തമാക്കിയത്. മത്സരത്തില്‍ ടോസ് നേടിയ അഫ്ഗാന്‍ ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് 49.4 ഓവറില്‍ 235 റണ്‍സാണ് ടീമിന് നേടാന്‍ സാധിച്ചത്. മറുപടിക്കിറങ്ങിയ ബംഗ്ലാദേശിനെ 34.4 ഓവറില്‍ വെറും 143 റണ്‍സിന് തകര്‍ക്കുകയായിരുന്നു അഫ്ഗാനിസ്ഥാന്‍.
ഷാര്‍ജയില്‍ വിജയം സ്വന്തമാക്കിയ അഫ്ഗാനിസ്ഥാന് ക്രിക്കറ്റ് ചരിത്രത്തിലെ മധുരവിജയം തന്നെയാണ് നേടിയത്. കാരണം നിലവില്‍ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ഇന്റര്‍നാഷണല്‍ മത്സരങ്ങള്‍ നടന്ന സ്റ്റേഡിയത്തിലെ 300ാം മത്സരത്തില്‍ വിജയം സ്വന്തമാക്കിയത് അഗ്ഫാനിസ്ഥാന് ഒരു ക്രഡിബിലിറ്റി തന്നെയാണ്.
ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയം – 300*
സിഡ്ണി ക്രിക്കറ്റ് സ്റ്റേഡിയം – 291
മെല്‍ബണ്‍ ക്രിക്കറ്റ് സ്റ്റേഡിയം – 287
ഹരാരെ – 267
ലോഡ്‌സ് – 227
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത് 84 റണ്‍സ് നേടിയ മുഹമ്മദ് നബിയാണ് (79 പന്ത്). ഹഷ്മത്തുള്ള ഷാഹിദി 52 (92) റണ്‍സും നേടി സ്‌കോര്‍ ഉയര്‍ത്താന്‍ സഹായിച്ചു. ബംഗ്ലാ കടുവകള്‍ക്ക് വേണ്ടി തസ്‌കിന്‍ അഹമ്മദ് നാല് വിക്കറ്റും മുസ്തഫിസൂര്‍ റഹ്‌മാന്‍ നാല് വിക്കറ്റും നേടി മിന്നും പ്രകടനം കാഴ്ചവെച്ചു.
മറുപടിക്ക് ഇറങ്ങിയ കടുവകള്‍ക്ക് വേണ്ടി നജ്മല്‍ ഹൊസൈന്‍ ഷാന്റോ 47 റണ്‍സ് നേടി ഉയര്‍ന്ന സ്‌കോര്‍ കണ്ടെത്തിയപ്പോള്‍ 33 റണ്‍സ് നേടി സൗമ്യ സര്‍ക്കാരും സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചു. അഫ്ഗാനിസ്ഥാന് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത് അല്ലാഹ് ഗസന്‍ഫര്‍ ആണ്. 26 റണ്‍സ് വഴങ്ങി ആറ് വിക്കറ്റുകളാണ് താരം നേടിയത്. റാഷിദ് ഖാന്‍ രണ്ട് വിക്കറ്റും നേടി മികച്ചു നിന്നു.
Content Highlight: Sharja Cricket Stadium Host Most International Cricket Matches