ക്വീൻ എന്ന ചിത്രത്തിലൂടെ സംവിധായകനായി കടന്നുവന്ന വ്യക്തിയാണ് ഡിജോ ജോസ് ആന്റണി. രണ്ടാമത്തെ ചിത്രമായ ജനഗണമനയിലൂടെ വലിയ ശ്രദ്ധ നേടിയ ഡിജോ അടുത്തതായി ഒരുക്കുന്ന ചിത്രമാണ് മലയാളി ഫ്രം ഇന്ത്യ.
നിവിൻ പോളി നായകനായി എത്തുന്ന ചിത്രം പൂർണമായി കോമഡി ഴോണറിൽ ഒരുങ്ങുമെന്ന രീതിയിലായിരുന്നു ചിത്രത്തിന്റെ പ്രൊമോഷനുകളിലെല്ലാം പുറത്ത് വിട്ടത്. മുമ്പിറങ്ങിയ ചിത്രത്തിലെ ഗാനങ്ങളും അതായിരുന്നു സൂചിപ്പിച്ചത്.
എന്നാൽ കഴിഞ്ഞ ദിവസം ഇറങ്ങിയ ചിത്രത്തിന്റെ ടീസർ സിനിമ കുറച്ച് സീരിയസ് വിഷയം സംസാരിക്കുന്ന ഒന്നാണെന്ന സൂചന നൽകിയിരുന്നു.
സിനിമ കണ്ട് ഒരു മലയാളിക്കും തിയേറ്ററിൽ നിന്ന് തലകുനിച്ച് ഇറങ്ങേണ്ടി വരില്ലെന്ന് സംവിധായകൻ ഡിജോ ജോസ് ആന്റണി നേരത്തെ പറഞ്ഞിരുന്നു. അത് ആവർത്തിക്കുകയാണ് തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദും. മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.
‘ഈ ചിത്രം കണ്ട് ഒരു മലയാളിക്കും തിയേറ്ററിൽ നിന്ന് തലകുനിച്ച് ഇറങ്ങേണ്ടി വരില്ല എന്നത് എന്റെ സംവിധായകന്റെ വാക്കാണ്. ഞാൻ വീണ്ടും പറയുന്നു, ഒരു മലയാളി എന്ന നിലയിൽ നിങ്ങൾക്കാർക്കും തലകുനിച്ചിറങ്ങേണ്ടി വരില്ല. ഇത് പറയുമ്പോൾ ആ സ്റ്റേറ്റ്മെന്റിന്റെ ഡെപ്ത് എന്താണെന്നും ഗ്രാവിറ്റി എന്താണെന്നും അറിയാത്തരല്ല ഞങ്ങൾ.
ആ കോൺഫിഡൻസ് ഞങ്ങൾക്ക് ഈ ചിത്രത്തിലുണ്ട്. പ്രേക്ഷകരിലുണ്ട്. ഈ ചിത്രം വേൾഡ് വൈഡായി മലയാളത്തിൽ തന്നെയാണ് റിലീസ് ചെയ്യുന്നത്. ഞങ്ങളുടെ ഇതിന് മുമ്പത്തെ സിനിമ ജനഗണമന നാല് ഭാഷയിൽ ഇറങ്ങി നാല് ഭാഷയിലും നെറ്റ് ഫ്ലിക്സിൽ ട്രെൻഡിങ്ങിൽ കയറിയതാണ്. അവിടെ നിന്ന് ഞങ്ങൾ ഈ സിനിമ ചെയ്യുമ്പോൾ, ഇത് മലയാളത്തിൽ മാത്രം മതിയെന്ന തീരുമാനത്തിന് പിന്നിൽ, ഈ സിനിമ അതിന്റെ പൂർണാർത്ഥത്തിൽ ഒരു മലയാളിക്കെ കിട്ടുകയുള്ളൂ എന്ന ബോധ്യമാണ്.
ആ മലയാളിയുടെ ഭാഷയിൽ തന്നെയാണ് മറ്റു ഭാഷക്കാരും ഈ സിനിമ കാണേണ്ടതെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. ജനഗണമന എന്ന ചിത്രത്തിന് ആ ടൈറ്റിൽ എന്തുകൊണ്ട് ഇട്ടു എന്നത് ആ സിനിമ കണ്ടപ്പോൾ നിങ്ങൾക്ക് മനസിലായിട്ടുണ്ടാവും. അതുപോലെ വെറുതെയൊരു പ്രൊമോഷണൽ കണ്ടന്റിന് വേണ്ടിയല്ല മലയാളി ഫ്രം ഇന്ത്യ എന്ന ടൈറ്റിൽ ഇട്ടത്.
മലയാളികളെ പൊക്കിയടിച്ചാൽ തിയേറ്ററിൽ പടം കാണുമെന്നുള്ള മിഥ്യ ധാരണയൊന്നും ഞങ്ങൾക്കില്ല. പടം നല്ലതാണെങ്കിൽ മാത്രമേ മലയാളികൾ കയ്യടിക്കുകയുള്ളൂ. പക്ഷെ ഇത് ഞങ്ങളുടെ വിശ്വാസമാണ്. ഞങ്ങളുടെ സംവിധായകന്റെ വാക്കാണ്,’ഷാരിസ് മുഹമ്മദ് പറയുന്നു.
Content Highlight: Sharis Muhammad Talk About Why Malayali From India Only Released Malayalam