| Wednesday, 3rd August 2022, 9:32 am

എസ്.ഡി.പി.ഐ, ഫ്രറ്റേണിറ്റി നേതാക്കള്‍ പരിപാടിയിലേക്ക് വിളിച്ചിട്ടും പോയില്ല, ഇതായിരുന്നു കാരണം; ജന ഗണ മനയുടെ തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജന ഗണ മനയുടെ റിലീസിന് ശേഷം എസ്.ഡി.പി.ഐ, ഫ്രറ്റേണിറ്റി നേതാക്കള്‍ പരിപാടികളിലേക്ക് വിളിച്ചിട്ടും പോകാതത്തിന്റെ കാരണം വ്യക്തമാക്കി തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദ്. എസ്.ഡി.പി ഐ.യെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് ആവശ്യമായിരുന്നത് തന്റെ പേരിന് അറ്റത്തുള്ള മുഹമ്മദിനെ ആയിരുന്നുവെന്നാണ് ഷാരിസ് പറഞ്ഞത്.

രണ്ട് പ്രസ്ഥാനത്തോടും എന്തുകൊണ്ട് ചിത്രത്തിന്റെ സംവിധായകന്‍ ഡിജോ ജോസ് ആന്റണിയെ വിളിക്കുന്നില്ലെന്ന് ചോദിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ആവശ്യം നിങ്ങളെയാണ് എന്നായിരുന്നു മറുപടി എന്നും ഷാരിസ് വ്യക്തമാക്കി. എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച വേരില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഷാരിസ്.

ഷാഫി പറമ്പില്‍ ചിന്തന്‍ ശിബിറില്‍ സംസാരിക്കാന്‍ വിളിച്ചപ്പോള്‍ തന്നെ വരാമെന്ന് പറഞ്ഞെന്നും ഷാരിസ് പറയുന്നുണ്ട്. ‘ജന ഗണ മന റിലീസ് ചെയ്തതിന് ശേഷം എസ്.ഡി.പി.ഐ അവരുടെ പരിപാടിയിലേക്ക് വിളിച്ചു, ഞാന്‍ വരില്ലെന്ന് പറഞ്ഞു. അവര്‍ക്ക് വേണ്ടത് എന്റെ പേരിന്റെ അറ്റത്തുള്ള മുഹമ്മദിനെയായിരുന്നു.

അത് കഴിഞ്ഞ് ഫ്രറ്റേണിറ്റിയുടെ നേതാവ് അവരുടെ ഇസ്‌ലാമോഫോബിയ സമ്മേളനത്തിലേക്ക് വിളിച്ചു, ഞാന്‍ ചോദിച്ചു, എനിക്കെന്ത് ഇസ്‌ലാമോഫോബിയയെന്ന്.’, ഷാരിസ് പറയുന്നു.

എം.എസ്.എഫിന്റെ പരിപാടിക്ക് പോയിട്ട് അവാര്‍ഡ്
നിഷേധിക്കുന്നുവെങ്കില്‍ ആ നഷ്ടമാണ് എനിക്ക് ഏറ്റവും ലഭിക്കുന്ന ഏറ്റവും വലിയ അവാര്‍ഡെന്നും ഷാരിസ് പറഞ്ഞു.

‘ഞാനെന്റെ സുഹൃത്തുക്കളില്‍ ചിലരോട് എം.എസ്.എഫിന്റെ വേര് പരിപാടിയില്‍ പങ്കെടുക്കുന്നതിനെ കുറിച്ച് പറഞ്ഞപ്പോള്‍ നിന്റെ സിനിമയൊക്കെ നല്ല രീതിയില്‍ പോകുന്നുണ്ട്. നല്ല ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. നീയതിനൊക്കെ പോയാല്‍ അടുത്ത തവണത്തെ അവാര്‍ഡിന് പരിഗണിക്കില്ലെന്നാണ് അവര്‍ പറഞ്ഞത്.

എം.എസ്.എഫിന്റെ ക്യാമ്പിന് പോയതിന്റെ പേരില്‍ അര്‍ഹതപ്പെട്ട ഒരു അവാര്‍ഡ് കിട്ടുന്നില്ലെങ്കില്‍ ആ നഷ്ടമാണ് എനിക്കുള്ള ഏറ്റവും വലിയ അവാര്‍ഡ്’, ഷാരിസ് പറയുന്നു. ഇതിനൊപ്പം തന്നെ കെ റെയിലിനെതിരെയും ഷാരിസ് തന്റെ നിലപാട് വ്യക്തമാക്കുന്നുണ്ട്.

കെ റെയിലിനെ കുറിച്ച് ഒരു കവിതയെഴുതിയതിന്റെ പേരില്‍ റഫീഖ് അഹമ്മദിനെ സൈബറിടങ്ങളില്‍ അപമാനിച്ചെന്നും എനിക്കൊരു കെ റെയിലും വേണ്ടെന്നുമാണ് ഷാരിസ് പറഞ്ഞത്.

‘കെ റെയിലിനെ കുറിച്ച് ഒരു കവിതയെഴുതിയതിന്റെ പേരില്‍ റഫീഖ് അഹമ്മദിനെ സൈബറിടങ്ങളില്‍ അപമാനിച്ചു. എനിക്കൊരു കെ റെയിലും വേണ്ട, ആ രണ്ട് മണിക്കൂറിന്റെ ലാഭവും വേണ്ട’, എന്നാണ് ഷാരിസ് പറഞ്ഞത്.

Content Highlight : Sharis Mohammed tells the reason for  why he did not go to SDPI and fraternity event

We use cookies to give you the best possible experience. Learn more