| Friday, 5th August 2022, 12:42 pm

എന്റെ പരാമര്‍ശം ഏതെങ്കിലും മതത്തേയോ രാഷ്ട്രീയ സംഘടനകളെയോ വ്യക്തികളെയോ വേദനിപ്പിച്ചെങ്കില്‍ മാപ്പ്: ഷാരിസ് മുഹമ്മദ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

എം.എസ്.എഫ് സംഘടിപ്പിച്ച വേര് പരിപാടിയില്‍ നടത്തിയ പരാമര്‍ശങ്ങളില്‍ മാപ്പ് പറഞ്ഞ് ജന ഗണ മനയുടെ തിരക്കഥകൃത്ത് ഷാരിസ് മുഹമ്മദ്.

തന്റെ വാക്കുകള്‍ ഏതെങ്കിലും വ്യക്തികളേയോ രാഷ്ട്രീയ സംഘടനകളേയോ, മതത്തേയോ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ആ പരാമര്‍ശത്തില്‍ താന്‍ നിര്‍വ്യാജം ക്ഷമ ചോദിക്കുന്നുവെന്നാണ് ഷാരിസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

തന്റെ രാഷ്ടീയവും എന്റെ മതവും, എന്റെ നിലപാടുകളും തികച്ചും വ്യക്തിപരമാണെന്നും അതില്‍ തുടരുമെന്നും ഷാരിസ് കൂട്ടിച്ചേര്‍ക്കുന്നു.

‘വേര് എന്ന എം.എസ്.എഫ് സംഘടിപ്പിച്ച സമ്മേളനത്തില്‍ കല, സര്‍ഗ്ഗം, സംസ്‌ക്കാരം എന്ന ചര്‍ച്ചയിലെ എന്റെ വാക്കുകളില്‍ എന്റെ ചില സുഹൃത്തുകളും സഹപ്രവര്‍ത്തകരും പ്രതിഷേധവും ദുഖവും രേഖപെടുത്തുകയുണ്ടായി. (പ്രത്യേകിച്ച് ഫിലിം ക്ലബുമായി ബന്ധപ്പെട്ട പരാമര്‍ശം )

എന്റെ വാക്കുകള്‍ ഏതെങ്കിലും വ്യക്തികളേയോ രാഷ്ട്രിയ സംഘടനകളേയോ, മതത്തേയോ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ആ പരാമര്‍ശത്തില്‍ ഞാന്‍ നിര്‍വ്യാജം ക്ഷമ ചോദിക്കുന്നു.

എന്റെ രാഷ്ടിയവും എന്റെ മതവും, എന്റെ നിലപാടുകളും തികച്ചും വ്യക്തിപരമാണ്. അതില്‍ തുടരും,’ ഷാരിസ് മുഹമ്മദ് കുറിപ്പില്‍ പറയുന്നു.

ജന ഗണ മനയുടെ റിലീസിന് ശേഷം എസ്.ഡി.പി.ഐ, ഫ്രറ്റേണിറ്റി നേതാക്കള്‍ പരിപാടികളിലേക്ക് വിളിച്ചിട്ടും പോകാത്തതിന്റെ കാരണം എസ്.ഡി.പി ഐ.ക്ക് ആവശ്യമായിരുന്നത് തന്റെ പേരിന് അറ്റത്തുള്ള മുഹമ്മദിനെ ആയിരുന്നുവെന്നായിരുന്നു ഷാരിസ് പറഞ്ഞത്.

‘ജന ഗണ മന റിലീസ് ചെയ്തതിന് ശേഷം എസ്.ഡി.പി.ഐ അവരുടെ പരിപാടിയിലേക്ക് വിളിച്ചു, ഞാന്‍ വരില്ലെന്ന് പറഞ്ഞു. അവര്‍ക്ക് വേണ്ടത് എന്റെ പേരിന്റെ അറ്റത്തുള്ള മുഹമ്മദിനെയായിരുന്നു. അത് കഴിഞ്ഞ് ഫ്രറ്റേണിറ്റിയുടെ നേതാവ് അവരുടെ ഇസ് ലാമോഫോബിയ സമ്മേളനത്തിലേക്ക് വിളിച്ചു, ഞാന്‍ ചോദിച്ചു, എനിക്കെന്ത് ഇസ് ലാമോഫോബിയയെന്ന്.’, എന്നായിരുന്നു പരിപാടിയില്‍ പങ്കെടുത്തു കൊണ്ട് ഷാരിസ് നടത്തിയ പരാമര്‍ശം.

എം.എസ്.എഫിന്റെ പരിപാടിക്ക് പോയിട്ട് അവാര്‍ഡ് നിഷേധിക്കുന്നുവെങ്കില്‍ ആ നഷ്ടമാണ് എനിക്ക് ഏറ്റവും ലഭിക്കുന്ന ഏറ്റവും വലിയ അവാര്‍ഡെന്നും ചടങ്ങില്‍ ഷാരിസ് പറഞ്ഞിരുന്നു.

ഷാരിസിന്റെ പ്രസ്താവന പുറത്തുവേടെ പ്രസ്താവനക്കെതിരെ എസ്.ഡി.പി.ഐയും ഫ്രറ്റേര്‍ണിറ്റിയും രംഗത്ത് വന്നിരുന്നു.

ഫിലിം ക്ലബ്ബ് ഇല്ലാത്ത പാര്‍ട്ടി എങ്ങനെയാണ് ഫിലിം ക്ലബ്ബിന്റെ ഉദ്ഘാടനത്തിന് വിളിക്കുക എനായിരുന്നു എസ്.ഡി.പി.ഐ പറഞ്ഞത്.

ഇങ്ങിനെയൊരു പരാമര്‍ശം നടത്തിയത് ജന ഗണ മന പോലൊരു സിനിമ എടുത്തതിന്റെ പ്രതിസന്ധി ലഘൂകരിക്കാനോ, അവാര്‍ഡ് നല്‍കുന്ന കേന്ദ്രങ്ങളെ പ്രീതിപ്പെടുത്താനോ ആണെന്ന് സംശയിക്കുന്നതായും, എസ്.ഡി.പി.ഐയുടെ ഏതെങ്കിലും ഒരു നേതാവ് അദ്ദേഹത്തെ വിളിക്കുകയോ ബന്ധപ്പെടുകയോ ചെയ്തിട്ടില്ലെന്നും കുറഞ്ഞത് അദ്ദേഹത്തെ ബന്ധപ്പെട്ട ആളുടെ ഫോണ്‍ നമ്പറെങ്കിലും വെളിപ്പെടുത്താന്‍ തയ്യാറാകണമെന്നും എസ്.ഡി.പി.ഐ പറഞ്ഞിരുന്നു.

ഇത്തരം കളവുകള്‍ പറഞ്ഞ് മറുപക്ഷത്തിന്റെ കയ്യടി വാങ്ങുന്നത് ഒരു സത്യസന്ധനായ കലാകാരന് ചേര്‍ന്നതല്ലയെന്നുമായിരുന്നു എസ്.ഡി.പി.ഐയുടെ പ്രതികരണം.

സിനിമാലോകത്ത് ചാര്‍ത്തപ്പെടുമെന്ന് കരുതുന്ന ചില ‘ബ്രാന്‍ഡുകളോട്’ പ്രതികരിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഷാരിസ് പരിപാടികളില്‍ നിന്ന് പിന്മാറിയത് എന്നായിരുന്നു ഫ്രട്ടേണിറ്റി മൂവ്‌മെന്റ് പ്രതികരിച്ചത്.

Content Highlight : Sharis Mohammed apologies for the speech in msf stage

We use cookies to give you the best possible experience. Learn more