മുംബൈ: ശിവസേനയുമായിച്ചേര്‍ന്നു സര്‍ക്കാര്‍ രൂപീകരിക്കുന്നത് കോണ്‍ഗ്രസിന്റെ നാശത്തിനായിരിക്കുമെന്ന് പാര്‍ട്ടി നേതാവ് സഞ്ജയ് നിരുപം. ഒരു സാഹചര്യത്തിലും ശിവസേനയുമായി അധികാരം പങ്കിടുന്നതിനെക്കുറിച്ച് ആലോചിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലായിരുന്നു സഞ്ജയിയുടെ പ്രതികരണം.
‘മഹാരാഷ്ട്രയിലെ നിലവിലുള്ള രാഷ്ട്രീയ കണക്കുകളില്‍ കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യത്തിനു സര്‍ക്കാരുണ്ടാക്കാന്‍ കഴിയില്ല. അപ്പോള്‍ നമുക്ക് ശിവസേനയെ വേണ്ടിവരും. ഏതു സാഹചര്യത്തിലാണെങ്കിലും ശിവസേനയുമായി അധികാരം പങ്കിടുന്നതിനെക്കുറിച്ച് ആലോചിക്കരുത്. അത് പാര്‍ട്ടിയുടെ നാശത്തിനുള്ള നീക്കമായിരിക്കും.’- അദ്ദേഹം പറഞ്ഞു.
രാജസ്ഥാനിലെ റിസോര്‍ട്ടില്‍ താമസിക്കുന്ന 44 കോണ്‍ഗ്രസ് എം.എല്‍.എമാരും ശിവസേനയ്ക്കു പിന്തുണ പ്രഖ്യാപിച്ചതിനിടെയാണ് സഞ്ജയ് ഈ അഭിപ്രായപ്രകടനം നടത്തിയത്.
മുന്‍ ശിവസേനാ നേതാവ് കൂടിയായ സഞ്ജയ്, കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രണ്ടരലക്ഷം വോട്ടിനാണു പരാജയപ്പെട്ടത്. 2009-14 കാലയളവില്‍ ലോക്‌സഭാ എം.പിയായിരുന്നു. ഒരുവട്ടം കോണ്‍ഗ്രസില്‍ നിന്നും ഒരുതവണ ശിവസേനയില്‍ നിന്നും അദ്ദേഹം രാജ്യസഭയിലെത്തിയിട്ടുണ്ട്.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെ ഇന്ന് രാജസ്ഥാനിലെത്തി എം.എല്‍.എമാരെ കാണുകയും സംസ്ഥാനത്തെ രാഷ്ട്രീയ സംഭവ വികാസങ്ങളെ കുറിച്ച് സംസാരിക്കുകയും ചെയ്തു.
പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാട് എം.എല്‍.എമാരെ ഖാര്‍ഗെ ബോധ്യപ്പെടുത്തിയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മാണിക് റാവു താക്കറെ പി.ടി.ഐയോട് പറഞ്ഞു.
ശിവസേനയ്ക്ക് പിന്തുണ കൊടുക്കുന്നതിനെ കുറിച്ച് ഒരു എം.എല്‍.എയും എതിരഭിപ്രായം പറഞ്ഞില്ല. സംസ്ഥാന അദ്ധ്യക്ഷന്‍ ബാലാസാഹേബ് തോറാട്ട്, മുതിര്‍ന്ന് നേതാവ് അശോക് ചവാന്‍ ഉള്‍പ്പെടെയുള്ളവര്‍ റിസോര്‍ട്ടിലുണ്ട്.
സര്‍ക്കാര്‍ രൂപീകരിക്കാനുള്ള കേവല ഭൂരിപക്ഷം ഇല്ലാത്തതാണ് ബി.ജെ.പിക്കു തലവേദന. ശിവസേന ഒപ്പമുണ്ടായാല്‍ അതു സാധ്യമാകുമെങ്കിലും മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള അവരുടെ കടുംപിടിത്തം തര്‍ക്കങ്ങള്‍ അവസാനിക്കില്ലെന്ന സൂചനയാണു നല്‍കുന്നത്.
ഈ സാഹചര്യത്തിലാണ് ബി.ജെ.പിയെ പുറത്താക്കി അധികാരത്തില്‍ പങ്കാളിയാകാന്‍ കോണ്‍ഗ്രസ് ശ്രമം നടത്തുന്നത്.
കോണ്‍ഗ്രസിനെക്കൂടാതെ എന്‍.സി.പിയും സേനയെ പിന്തുണയ്ക്കാമെന്ന നിലപാടിലാണ് ഏറെക്കുറേ നില്‍ക്കുന്നത്. 23 എം.എല്‍.എമാരുടെ പിന്തുണയാണ് ഇനി ബി.ജെ.പിക്കു വേണ്ടത്.
സ്വാഭാവികമായും മറ്റ് പാര്‍ട്ടികളുടെ എം.എല്‍.എമാര്‍ പിന്തുണച്ചെങ്കില്‍ മാത്രമേ ബി.ജെ.പിക്ക് സംസ്ഥാനത്ത് ഭരണം നിലനിര്‍ത്താന്‍ കഴിയൂ. ബി.ജെ.പി ഇതിന് വേണ്ടി കുതിരക്കച്ചവടത്തിന് വേണ്ടി ശ്രമിക്കുകയാണെന്നാണ് പ്രതിപക്ഷ കക്ഷികളുടെ ആരോപണം.
നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ എന്‍.സി.പി അദ്ധ്യക്ഷന്‍ ശരത് പവാര്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയെ വീണ്ടും കാണും. ചൊവ്വാഴ്ചയാണ് എന്‍.സി.പി നിയമസഭാ കക്ഷി യോഗം നടക്കുന്നത്.