ന്യൂദല്‍ഹി: ജോഡോ യാത്രക്കിടയിലെ അമ്മയും മുന്‍ എ.ഐ.സി.സി അധ്യക്ഷയുമായ സോണിയ ഗാന്ധിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് രാഹുല്‍ ഗാന്ധി. ദല്‍ഹിയിലെത്തിയ ഭാരത് ജോഡോ യാത്രയില്‍ സോണിയയും എത്തിയിരുന്നു.
അമ്മയില്‍ നിന്ന് കിട്ടിയ സ്‌നേഹം രാജ്യം മുഴുവന്‍ പകരുകയാണ് എന്ന് പറഞ്ഞുകൊണ്ടാണ് രാഹുല്‍ സോണിയക്കൊപ്പമുള്ള ചിത്രം സമൂഹ മാധ്യമത്തില്‍ പങ്കുവെച്ചത്.
ഇത് രണ്ടാം തവണയാണ് സോണിയ യാത്രയുടെ ഭാഗമാവുന്നത്. മൂന്ന് കിലോമീറ്ററോളം ദൂരമാണ് സോണിയ ഗാന്ധി ജോഡോ യാത്രയുടെ ഭാഗമായി ദല്‍ഹിയില്‍ നടന്നത്. കര്‍ണാടകയില്‍ നടന്ന മെഗാ കാല്‍നട യാത്രയിലാണ് സോണിയ ആദ്യമെത്തിയത്.
തലസ്ഥാനത്ത് ശക്തി പ്രകടിപ്പിക്കാന്‍ എത്തിയിരിക്കുകയാണ് കോണ്‍ഗ്രസെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ബി.ജെ.പിയും ആര്‍.എസ്.എസും നടത്തുന്ന വെറുപ്പ് നിറഞ്ഞ മാര്‍ക്കറ്റില്‍ കോണ്‍ഗ്രസ് സ്‌നേഹത്തിന്റെ കട തുറക്കുമെന്നും അദ്ദേഹം പറഞ്ഞു. ദല്‍ഹിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു രാഹുല്‍.
‘രാജ്യത്തുള്ള സാധാരണക്കാരായ ജനങ്ങള്‍ സ്‌നേഹത്തെ കുറിച്ച് സംസാരിക്കാന്‍ താല്‍പര്യമുള്ളവരാണ് എന്നാണ് കോണ്‍ഗ്രസിന്റെ അഭിപ്രായം. ഓരോ സംസ്ഥാനത്ത് എത്തുമ്പോഴും യാത്രയെ പിന്തുണച്ച് കൊണ്ട് ലക്ഷക്കണക്കിന് ആളുകളാണ് പങ്കെടുക്കുന്നത്. ദല്‍ഹിയില്‍ ഭാരത് ജോഡോ യാത്രയ്ക്ക് പ്രമുഖര്‍ ഉള്‍പ്പടെ നിരവധിപേരാണ് നേതൃത്വം നല്‍കിയത്,’ രാഹുല്‍ പറഞ്ഞു.
കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുന്നില്ലെങ്കില്‍ യാത്ര നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് അടുത്തിടെ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാന്‍ഡവ്യ രാഹുലിന് കത്തയച്ചിരുന്നു. ഇതിനെതിരെ നിരവധി കോണ്‍ഗ്രസ് നേതാക്കളും രംഗത്തുവന്നിരുന്നു.
സിനിമാ താരവും മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമല്‍ ഹാസന്‍, കോണ്‍ഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധി, ജയ്‌റാം രമേശ്, പവന്‍ ഖേര, ഭൂപീന്ദര്‍ സിങ് ഹൂഡ, കുമാരി സെല്‍ജ, രണ്‍ധീപ് സുര്‍ജേവാല എന്നിവരും യാത്രയില്‍ പങ്കെടുത്തു.
ദല്‍ഹിയില്‍ ആയിരക്കണക്കിന് ആളുകളാണ് യാത്രയില്‍ പങ്കാളിയായത്. സെപ്റ്റംബര്‍ ഏഴിന് ആരംഭിച്ച യാത്ര 108ാം ദിവസമാണ് ദല്‍ഹിയില്‍ എത്തുന്നത്. ബദര്‍പൂര്‍ വഴി ദല്‍ഹില്‍ എത്തിയ യാത്ര 22 കിലോ മീറ്റര്‍ സഞ്ചരിച്ച് ചെങ്കോട്ടയില്‍ അവസാനിക്കും.