| Thursday, 27th April 2023, 11:54 am

മാലിന്യം നിറഞ്ഞ തീവണ്ടി ബോഗിയുടെ ചിത്രം പങ്കുവെച്ച് കേരളത്തിലെ വന്ദേഭാരതിന്റേതെന്ന് വ്യാജപ്രചരണം; പ്രതിഷേധവുമായി മലയാളികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ചൊവ്വാഴ്ചയാണ് കേരളത്തില്‍ വന്ദേഭാരത് എക്‌സ്പ്രസ് സര്‍വീസ് തുടങ്ങിയത്. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയാണ് ട്രെയിന്‍ സര്‍വീസ് നടത്തുന്നത്. മാലിന്യം നിറഞ്ഞ ഒരു ട്രെയിന്‍ ബോഗിയുടെ ചിത്രം കേരളത്തിലെ വന്ദേഭാരതിന്റേത് എന്ന പേരില്‍ കഴിഞ്ഞ ദിവസം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

ഛത്തീസ്ഗഢ് കേഡറില്‍ നിന്നുള്ള ഐ.എ.എസ് ഉദ്യോഗസ്ഥനായ അവനിഷ് ശരണ്‍ 2023 ജനുവരി 28ന് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ചിത്രമാണ് കേരളത്തിലെ വന്ദേഭാരതില്‍ നിന്നുള്ളത് എന്ന തരത്തില്‍ പ്രചരിച്ചത്. മലയാളി നാറിയാണെന്നതുള്‍പ്പെടെയുള്ള ക്യാപ്ഷനുകളോട് കൂടിയാണ് പ്രചരണങ്ങള്‍ നടന്നത്. ഈ വ്യാജ പ്രചരണങ്ങള്‍ക്കെതിരെ രൂക്ഷമായ പ്രതികരണങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഉയരുന്നത്.

കേരളത്തിന് പുറത്തുള്ള തീവണ്ടിയില്‍ നിന്നുള്ള ചിത്രമാണിതെന്നാണ് സാമൂഹ്യ മാധ്യമങ്ങളിലെ കമന്റുകള്‍. മലയാളികള്‍ അത്ര മഹാന്മാരൊന്നുമല്ലെന്നും കുപ്പികളും മറ്റും വലിച്ചെറിയുന്ന ആളുകളാണെന്നും എന്നുവെച്ച് പഴയപടങ്ങള്‍ പൊക്കിക്കൊണ്ട് വന്ന് പോസ്റ്റിടുന്നവര്‍ക്ക് മറ്റ് പല ഉദ്ദേശങ്ങളുമുണ്ടെന്നും ചിലര്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ പറയുന്നു.

‘നമ്മള്‍ ജനങ്ങള്‍, വന്ദേഭാരത് എക്‌സ്പ്രസില്‍ നിന്നുള്ള ചിത്രം’ എന്ന ക്യാപ്ഷനോടെയായിരുന്നു അവനിഷ് ജനുവരിയില്‍ ചിത്രം പോസ്റ്റ് ചെയ്തിരുന്നത്. ഒരു തൊഴിലാളി, ട്രെയിന്‍ ബോഗിയിലെ പ്ലാസ്റ്റിക് കുപ്പികളും കവറുകളും പേപ്പറുമുള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ തൂത്ത് വൃത്തിയാക്കുന്ന ചിത്രമായിരുന്നു അത്. എന്നാല്‍ ഇത് എവിടെ നിന്നുള്ള ചിത്രമാണെന്ന് പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നില്ല.

നമ്മുടെ ജനങ്ങള്‍ മാറില്ലെന്നും ഈ കാഴ്ച വിഷമമുണ്ടാക്കുന്നതാണെന്നുമുള്ള തരത്തില്‍ നിരവധി കമന്റുകളായിരുന്നു പോസ്റ്റിന് താഴെ വന്നുകൊണ്ടിരുന്നത്. അടിസ്ഥാനപരമായ പൗരബോധം നമുക്കില്ലെങ്കില്‍ വികസനമൊന്നും കൊണ്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ലെന്നും ചിലര്‍ കമന്റ് ചെയ്തിരുന്നു.

കേരളത്തില്‍ ഏപ്രില്‍ 25നാണ് വന്ദേഭാരത് ഉദ്ഘാടനം ചെയ്തത് എന്ന സാഹചര്യത്തില്‍ ജനുവരിയിലെ ചിത്രം കേരളത്തിലേതെന്ന തരത്തില്‍ പ്രചരിപ്പിക്കുന്നതിലെ ദുരുദ്ദേശത്തെയാണ് മലയാളികള്‍ ചോദ്യം ചെയ്യുന്നത്.

അതിനിടെ ചൊവ്വാഴ്ച സര്‍വീസ് ആരംഭിച്ച വന്ദേഭാരത് മഴയില്‍ ചോര്‍ന്നൊലിച്ചത് വലിയ ചര്‍ച്ചയായിരുന്നു. കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന വന്ദേഭാരതിന്റെ എക്സിക്യുട്ടീവ് കോച്ചിലായിരുന്നു വെള്ളം കയറിയത്. ചൊവ്വാഴ്ച പെയ്ത മഴയെ തുടര്‍ന്നാണ് ട്രെയിനിനകത്ത് വെള്ളം കയറിയെന്നായിരുന്നു റെയില്‍വേയുടെ വിശദീകരണം. ബോഗിയുടെ മുകള്‍ വശത്തുണ്ടായ വിള്ളലിലൂടെയായിരുന്നു വെള്ളം അകത്തേക്കിറങ്ങിയത്.

വന്ദേഭാരതില്‍ ചോര്‍ച്ച സംഭവിച്ചതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മഴയായിരുന്നു. കുട കരുതിയാല്‍ മതിയെന്നും രണ്ടു ദിവസത്തില്‍ ഒരു ചോര്‍ച്ച ഉണ്ടായാല്‍ ഇനി വരും കാലങ്ങളില്‍ എന്തൊക്കെ ഉണ്ടാകുമെന്ന് ഊഹിക്കാമല്ലോ എന്നൊക്കെയുള്ള ട്രോള്‍ കമന്റുകളായിരുന്നു സോഷ്യല്‍ മീഡിയയില്‍ വന്നത്.

‘പുറത്ത് മഴ പെയ്യുന്നതിന്റെ ഒരംശം മാത്രമേ ഉള്ളില്‍ വീഴുന്നുള്ളു! അതായത് പുറത്ത് നിന്നാല്‍ നനയുന്നത്രപോലും ഉള്ളില്‍ നിന്നാല്‍ നനയില്ല. പിന്നെന്താണ് കുഴപ്പം,’ ‘ഓട്ടയുള്ള ഭാഗത്ത് കുറച്ച് ചാണകം തേച്ച് കൊടുത്താല്‍ ഓകെ ആകും,’, ‘ഒരു 125 കൊല്ലം കൂടി കൊടുത്താല്‍ ഇതൊക്കെ മോദിജി റെഡി ആക്കി തരും,’ തുടങ്ങിയ കമന്റുകളായിരുന്നു സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചത്.

Content Highlights: Sharing a picture of a train bogie full of garbage spreading fake news that it belongs to Vandebharat in Kerala

Latest Stories

We use cookies to give you the best possible experience. Learn more