|

'എന്നിട്ടാണോ നീ ഇങ്ങനെ ചെയ്യുന്നത്, ഇവിടെ വേറെ പെണ്‍കുട്ടികളെ കിട്ടില്ലെന്നാണോ വിചാരം' എന്ന് ചോദിച്ച് പത്മരാജന്‍ സാര്‍ ചൂടായി: ശാരി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബാലതാരമായി സിനിമയിലേക്കെത്തിയ നടിയാണ് ശാരി. തമിഴിലും കന്നഡയിലും തെലുങ്കിലും മികച്ച വേഷങ്ങള്‍ ചെയ്ത ശാരി പത്മരാജന്റെ ‘ദേശാടനക്കിളി കരയാറില്ല’ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തില്‍ അരങ്ങേറിയത്. നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ശാരിയെ തേടിയെത്തി.

പത്മരാജന്‍ തന്നെ വഴക്ക് പറഞ്ഞതിനെ കുറിച്ച് സംസാരിക്കുകയാണ് ശാരി. ഒരു ചിത്രത്തിന്റെ ഷൂട്ട് നടക്കവേ താന്‍ ചാര കണ്ണ് മറക്കാനായി കറുത്ത ലെന്‍സ് വെച്ചെന്നും അത് കണ്ടുപിടിച്ച ക്യാമറാമാന്‍ വേണു പത്മരാജനോട് പോയി പറഞ്ഞെന്നും ശാരി പറയുന്നു.

അതറിഞ്ഞ പത്മരാജന്‍ തനിക്ക് പൂച്ചകണ്ണ് ഉള്ളതുകൊണ്ടുമാത്രമാണ് ഈ സിനിമയിലേക്ക് വിളിച്ചതെന്ന് പറഞ്ഞെന്നും എല്ലാവരുടെയും മുന്നില്‍ വെച്ചുള്ള ആ ശാസന തനിക്ക് നാണക്കേടായിരുന്നുവെന്നും പറഞ്ഞു. അമൃത ടി.വിയോട് സംസാരിക്കുകയായിരുന്നു ശാരി.

‘ലെന്‍സ് വെച്ച് അഭിനയിച്ചതിന് എല്ലാവരുടെയും മുന്നില്‍ വെച്ച് എന്നെ പത്മരാജന്‍ സാര്‍ വഴക്ക് പറഞ്ഞു. എല്ലാവരുടെയും മുന്നില്‍ വെച്ച് ഞാന്‍ നാണം കെട്ടുപോയി. ഒരു സ്‌കൂളില്‍ വെച്ചാണ് ഷൂട്ട് നടക്കുന്നത്. ഷൂട്ട് തുടങ്ങി രണ്ട് മൂന്ന് ദിവസത്തിന് ശേഷമാണ് ഞാന്‍ ലെന്‍സ് വെക്കുന്നുണ്ട് എന്നവര്‍ അറിയുന്നത്.

അതിന് കാരണമായതോ ക്യാമറാമാന്‍ വേണുവും. ഒരു ക്ലോസപ്പ് വരുമ്പോള്‍ അദ്ദേഹം എന്റെ അടുത്ത ചോദിച്ചു ‘ശാരി, കണ്ണില്‍ ലെന്‍സ് എന്തെങ്കിലും ഉപയോഗിക്കുന്നുണ്ടോ’ എന്ന്.

വേണു സാര്‍ വിചാരിച്ചത് കാഴ്ചക്കുറവിനോ മറ്റോ ഉപയോഗിക്കുന്ന ലെന്‍സ് ഉണ്ടല്ലോ അതാണെന്നാണ്. ‘ഉണ്ട് സാര്‍, ഞാന്‍ ബ്ലാക്ക് ലെന്‍സ് വെക്കുന്നുണ്ട്’ എന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. അദ്ദേഹം ഉടനെ ഇതൊന്നും ശരിയല്ലെന്ന് പത്മരാജന്‍ സാറിനോട് പോയി പറഞ്ഞു.

‘ഈ കഥാപാത്രം ചെയ്യാന്‍ ഇവിടെ ഒരുപാട് അഭിനേതാക്കള്‍ ഉണ്ട്. അതല്ലാതെ ഞാന്‍ ചെന്നൈയില്‍ പോയി നിന്നെ സെലക്ട് ചെയ്തത് നിന്റെ കണ്ണുകൊണ്ട് മാത്രമാണ്. എന്നിട്ടാണോ നീ ഇങ്ങനെ ചെയ്യുന്നത്. ഇവിടെ വേറെ ഒരു പെണ്‍കുട്ടിയെയും കിട്ടില്ലെന്നാണോ വിചാരം’ എന്നെല്ലാം പത്മരാജന്‍ സാര്‍ എല്ലാവരെയുടെയും മുന്നില്‍ വെച്ച് വഴക്ക് പറഞ്ഞു.

സ്‌കൂളിലെ കുട്ടികളും അധ്യാപകരും, ഒരുപാട് ആളുകള്‍ അവിടെ ഉണ്ടായിരുന്നു. ഞാന്‍ ആകെ നാണം കെട്ടുപോയി,’ ശാരി പറയുന്നു.

Content highlight: Shari talks about Pathmarajan