Advertisement
Entertainment
കറുത്ത ലെന്‍സ് വെച്ചതിന് അദ്ദേഹം എല്ലാവരുടെയും മുന്നിലിട്ട് വഴക്ക് പറഞ്ഞു; ഞാന്‍ ആകെ നാണം കെട്ടുപോയി: ശാരി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 05, 10:35 am
Wednesday, 5th March 2025, 4:05 pm

സംവിധായകന്‍ പത്മരാജന്‍ ഒരു സിനിമയുടെ ഷൂട്ടിങ് സമയത്ത് തന്നെ വഴക്ക് പറഞ്ഞെന്ന് പറയുകയാണ് നടി ശാരി. ഷൂട്ട് തുടങ്ങി ഒന്ന് രണ്ട് ദിവസത്തിന് ശേഷം ക്യാമറാമാന്‍ വേണുവിന് താന്‍ ലെന്‍സ് വെച്ചിട്ടുണ്ടെന്ന് മനസിലായെന്നും അദ്ദേഹം അത് പോയി പത്മരാജന്റെ അടുത്ത് പറഞ്ഞെന്നും ശാരി പറയുന്നു.

അതറിഞ്ഞ പത്മരാജന്‍ എല്ലാവരുടെയും മുന്നില്‍ വെച്ച് തന്നെ വഴക്ക് പറഞ്ഞെന്നും തനിക്കാകെ നാണക്കേടായെന്നും ശാരി പറഞ്ഞു. അമൃത ടി.വിയിലെ ‘ഓര്‍മയിലെന്നും’ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ശാരി.

‘ലെന്‍സ് വെച്ച് അഭിനയിച്ചതിന് എല്ലാവരുടെയും മുന്നില്‍ വെച്ച് എന്നെ പത്മരാജന്‍ സാര്‍ വഴക്ക് പറഞ്ഞു. എല്ലാവരുടെയും മുന്നില്‍ വെച്ച് ഞാന്‍ നാണം കെട്ടുപോയി. ഒരു സ്‌കൂളില്‍ വെച്ചാണ് ഷൂട്ട് നടക്കുന്നത്. ഷൂട്ട് തുടങ്ങി രണ്ട് മൂന്ന് ദിവസത്തിന് ശേഷമാണ് ഞാന്‍ ലെന്‍സ് വെക്കുന്നുണ്ട് എന്നവര്‍ അറിയുന്നത്.

അതിന് കാരണമായതോ ക്യാമറാമാന്‍ വേണുവും. ഒരു ക്ലോസപ്പ് വരുമ്പോള്‍ അദ്ദേഹം എന്റെ അടുത്ത ചോദിച്ചു ‘ശാരി, കണ്ണില്‍ ലെന്‍സ് എന്തെങ്കിലും ഉപയോഗിക്കുന്നുണ്ടോ’ എന്ന്.

വേണു സാര്‍ വിചാരിച്ചത് കാഴ്ചക്കുറവിനോ മറ്റോ ഉപയോഗിക്കുന്ന ലെന്‍സ് ഉണ്ടല്ലോ അതാണെന്നാണ്. ‘ഉണ്ട് സാര്‍, ഞാന്‍ ബ്ലാക്ക് ലെന്‍സ് വെക്കുന്നുണ്ട്’ എന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. അദ്ദേഹം ഉടനെ ഇതൊന്നും ശരിയല്ലെന്ന് പത്മരാജന്‍ സാറിനോട് പോയി പറഞ്ഞു.

‘ഈ കഥാപാത്രം ചെയ്യാന്‍ ഇവിടെ ഒരുപാട് അഭിനേതാക്കള്‍ ഉണ്ട്. അതല്ലാതെ ഞാന്‍ ചെന്നൈയില്‍ പോയി നിന്നെ സെലക്ട് ചെയ്തത് നിന്റെ കണ്ണുകൊണ്ട് മാത്രമാണ്. എന്നിട്ടാണോ നീ ഇങ്ങനെ ചെയ്യുന്നത്. ഇവിടെ വേറെ ഒരു പെണ്‍കുട്ടിയെയും കിട്ടില്ലെന്നാണോ വിചാരം’ എന്നെല്ലാം പത്മരാജന്‍ സാര്‍ എല്ലാവരെയുടെയും മുന്നില്‍ വെച്ച് വഴക്ക് പറഞ്ഞു. സ്‌കൂളിലെ കുട്ടികളും അധ്യാപകരും, ഒരുപാട് ആളുകള്‍ അവിടെ ഉണ്ടായിരുന്നു. ഞാന്‍ ആകെ നാണം കെട്ടുപോയി,’ ശാരി പറയുന്നു.

Content highlight: Shari talks about Pathmarajan