|

ആ സിനിമക്ക് ശേഷം എന്റെ യഥാര്‍ത്ഥ പേര് പലരും മറന്നു, ഇപ്പോള്‍ കഥാപാത്രത്തിന്റെ പേരിലാണ് എന്നെ പലരും വിളിക്കുന്നത്: ശാരി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബാലതാരമായി സിനിമയിലേക്കെത്തിയ നടിയാണ് ശാരി. തമിഴിലും കന്നഡയിലും തെലുങ്കിലും മികച്ച വേഷങ്ങള്‍ ചെയ്ത ശാരി പദ്മരാജന്റെ നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തില്‍ അരങ്ങേറിയത്. ആദ്യ മലയാളചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ശാരിയെ തേടിയെത്തി. പിന്നീട് നിരവധി ചിത്രങ്ങളില്‍ മികച്ച വേഷങ്ങള്‍ ചെയ്യാന്‍ ശാരിക്ക് സാധിച്ചു. ഒരിടവേളക്ക് ശേഷം മലയാളത്തില്‍ ശാരി വീണ്ടും സജീവമായി.

മലയാളികള്‍ എക്കാലവും നെഞ്ചിലേറ്റുന്ന നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ എന്ന ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് ശാരി. ആ ചിത്രത്തിലെ തന്റെ കഥാപാത്രത്തിന്റെ പേരിലൂടെയാണ് പലരും തന്നെ ഇപ്പോഴും ഓര്‍ക്കുന്നതെന്ന് ശാരി പറഞ്ഞു. തന്റെ പേര് സോഫി എന്നാണെന്ന് പലരും ധരിച്ചിട്ടുണ്ടെന്നും ശാരി എന്ന പേര് ആര്‍ക്കും അറിയില്ലെന്നും ശാരി കൂട്ടിച്ചേര്‍ത്തു.

ആ ചിത്രത്തിലേക്ക് നായികയെ അന്വേഷിച്ച് പദ്മരാജന്‍ ചെന്നൈയില്‍ വന്നെന്നും അവിടെ വെച്ച് ഒരുപാട് നടിമാരെ കണ്ടെന്നും ശാരി പറഞ്ഞു. എന്നാല്‍ അദ്ദേഹം കണ്ട നടിമാരില്‍ ഒരു തൃപ്തി തോന്നിയില്ലെന്നും അദ്ദേഹത്തിന്റെ പങ്കാളിയാണ് ആ ചിത്രത്തിലേക്ക് തന്നെ നിര്‍ദേശിച്ചതെന്നും ശാരി കൂട്ടിച്ചേര്‍ത്തു. താന്‍ തമിഴിലും മറ്റ് ഭാഷയിലും ചെയ്ത സിനിമകള്‍ അദ്ദേഹത്തിന്റെ പങ്കാളി കണ്ടിട്ടുണ്ടെന്ന് ശാരി പറഞ്ഞു.

താന്‍ ആ സിനിമകളില്‍ നന്നായി അഭിനയിച്ചിട്ടുണ്ടെന്ന് അവര്‍ പദ്മരാജനോട് പറഞ്ഞെന്നും എന്തുകൊണ്ട് തന്നെ നായികയാക്കിക്കൂട എന്ന് ചോദിച്ചെന്നും ശാരി കൂട്ടിച്ചേര്‍ത്തു. അങ്ങനെയാണ് ആ ഓഫര്‍ തനിക്ക് കിട്ടിയതെന്നും കഥയൊന്നും അറിയാതെയാണ് ആ ലൊക്കേഷനിലെത്തിയതെന്നും ശാരി പറഞ്ഞു. തനിക്ക് അവാര്‍ഡ് കിട്ടുമെന്ന് ആദ്യദിവസം തന്നെ പദ്മരാജന്‍ തന്നോട് പറഞ്ഞെന്നും അതുപോലെ തന്നെ സംഭവിച്ചെന്നും ശാരി കൂട്ടിച്ചേര്‍ത്തു. അമൃത ടി.വിയോട് സംസാരിക്കുകയായിരുന്നു ശാരി.

‘നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ ചെയ്തതിന് ശേഷം എന്നെ ആരും ശാരി എന്ന് വിളിച്ചിട്ടില്ല. എല്ലാവര്‍ക്കും ഞാന്‍ ഇപ്പോഴും സോഫിയാണ്. ആ ക്യാരക്ടറിന്റെ പേരിലൂടെയാണ് പലരും ഇപ്പോഴും എന്നെ ഓര്‍ക്കുന്നത്. എന്റെ യഥാര്‍ത്ഥ പേര് സോഫിയെന്നാണ് ധരിച്ചിട്ടുള്ളത്. ആ സിനിമയിലേക്ക് എന്നെ സജസ്റ്റ് ചെയ്തത് രാധാലക്ഷ്മി ചേച്ചിയാണ്.

ആ പടത്തിലെ നായികയെ തപ്പി പദ്മരാജന്‍ സാര്‍ ചെന്നൈയിലേക്ക് വന്നിരുന്നു. ഒരുപാട് പേരെ നോക്കിയിട്ടും അദ്ദേഹത്തിന് തൃപ്തിയായില്ല. അപ്പോഴാണ് ചേച്ചി അദ്ദേഹത്തോട് ‘ശാരിയെ എന്തുകൊണ്ട് നോക്കിക്കൂട? ആ ക്യാരക്ടറിന് ചേരും’ എന്ന് പറഞ്ഞത്. ഞാന്‍ മുമ്പ് ചെയ്ത സിനിമകള്‍ കണ്ടതുകൊണ്ടാണ് ചേച്ചി അങ്ങനെ പറഞ്ഞത്. അങ്ങനെയാണ് ഞാന്‍ ആ സിനിമയിലേക്ക് എത്തിയത്.

സത്യം പറഞ്ഞാല്‍ കഥ പോലും കേള്‍ക്കാതെയാണ് ഞാന്‍ നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകളുടെ സെറ്റിലെത്തിയത്. എന്നോട് കഥയൊന്നും അദ്ദേഹം പറഞ്ഞിരുന്നില്ല. പക്ഷേ, ആദ്യത്തെ ദിവസം തന്നെ എന്നോട് ഒരു കാര്യം പറഞ്ഞിരുന്നു. ‘ഈ പടത്തിലെ അഭിനയത്തിന് ശാരിക്ക് അവാര്‍ഡ് ഉറപ്പാണ്’ എന്ന് സാര്‍ എന്നോട് പറഞ്ഞു. അതുപോലെ തന്നെ സംഭവിച്ചു. സ്‌റ്റേറ്റ് അവാര്‍ഡ്, ഫിലിംഫെയര്‍ അവാര്‍ഡ്, ക്രിട്ടിക്‌സ് അവാര്‍ഡൊക്കെ എനിക്ക് കിട്ടി,’ ശാരി പറഞ്ഞു.

Content Highlight: Shari saying today also many people calling her by the name of the character in Namukku Parkkan Munthirithoppukal

Video Stories