ശാരി മരിച്ചത് അണുബാധയേറ്റാണെന്ന് ഡോക്ടര്‍മാര്‍
Kerala
ശാരി മരിച്ചത് അണുബാധയേറ്റാണെന്ന് ഡോക്ടര്‍മാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 16th November 2011, 2:50 pm

തിരുവനന്തപുരം: കിളിരൂര്‍ കേസില്‍ പീഡനത്തിനിരയായ ശാരി എസ്.നായരുടെ മരണത്തിന് കാരണം രക്തത്തിലെ അണുബാധയായിരുന്നുവെന്ന് സി.ബി.ഐ പ്രത്യേക കോടതിയില്‍ മൊഴി. ശാരിയെ പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരായ ഗിരീഷ്, ശിവപ്രസാദ്, ബാബു എന്നിവരാണ് കോടതിയില്‍ ഇപ്രകാരം മൊഴി നല്‍കിയത്. ശാരിയുടെ രക്തത്തില്‍ കോപ്പറിന്റെ അംശം ഉണ്ടായിരുന്നതായി കോട്ടയം മെഡിക്കല്‍ ലബോറട്ടറി ചീഫായിരുന്ന സുജാത കോടതിയില്‍ മൊഴി നല്‍കി.

എന്നാല്‍ ആശുപത്രി ലബോറട്ടറിയില്‍ സാങ്കേതിക പ്രശ്‌നങ്ങളുണ്ടായിരുന്നതിനാല്‍ കോപ്പറിന്റെ അംശം എത്ര അളവിലുണ്ടായരുന്നുവെന്ന് പരിശോധിക്കാന്‍ കഴിഞ്ഞില്ല. ഇത് പരിശോധിച്ചത് കോട്ടയം ഗവ. അനലറ്റിക്കല്‍ ലബോറട്ടറിയിലാണ്. കോപ്പറിന്റെ അംശം 5.25 മില്ലിഗ്രാം ഉണ്ടായിരുന്നുവെന്നാണ് പരിശോധനയില്‍ വ്യക്തമായത്. ഇത് കൂടിയ അളവാണെന്നും സുജാത വ്യക്തമാക്കി.

ശാരിയുടെ ആമാശയത്തില്‍ മുറിവുണ്ടായിരുന്നുവെന്നും എന്നാല്‍ ഇത് ഓപ്പറേഷനില്‍ സംഭവിച്ചതല്ലായിരുന്നുവെന്നും ശാരിയെ ചികിത്സിച്ച മെഡിക്കല്‍ ബോര്‍ഡിലെ ഡോക്ടര്‍മാരായ സുജാതന്‍, ജോണ്‍ കെ തോമസ് എന്നിവര്‍ മൊഴി നല്‍കി. സ്വാഭാവികമായി ഇത്തരം മുറിവുകളുണ്ടാവാമെന്നും അവര്‍ വ്യക്തമാക്കി.

ശാരിയെ പീഡിപ്പിച്ചുവെന്ന് പറയപ്പെടുന്ന ദിവസങ്ങളില്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാരായിരുന്ന പ്രവീണ്‍, മനോജ്, പ്രശാന്ത് എന്നിവര്‍ അവധിയിലായിരുന്നുവെന്ന് കെ.എസ്.ആര്‍.ടി.സി ഉദ്യോഗസ്ഥനായ രവീന്ദ്രനാഥ് കോടതിയില്‍ മൊഴി നല്‍കി. കേസില്‍ സാക്ഷികളുടെ വിസ്താരം പ്രത്യേക സി.ബി.ഐ കോടതിയില്‍ തുടരുകയാണ്.

Malayalam news

Kerala news in English