|

മോഹൻലാലിനൊപ്പം റൊമാന്റിക് സീൻ ചെയ്തപ്പോൾ ഒരു ഫീലും ഉണ്ടായിരുന്നില്ല, ചെയ്ത് തീർക്കണമെന്ന ചിന്തയായിരുന്നു: ശാരി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബാലതാരമായി സിനിമയിലേക്കെത്തിയ നടിയാണ് ശാരി. തമിഴിലും കന്നഡയിലും തെലുങ്കിലും മികച്ച വേഷങ്ങള്‍ ചെയ്ത ശാരി പദ്മരാജന്റെ നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തില്‍ അരങ്ങേറിയത്.

ആദ്യ മലയാളചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ശാരിയെ തേടിയെത്തി. പിന്നീട് നിരവധി ചിത്രങ്ങളില്‍ മികച്ച വേഷങ്ങള്‍ ചെയ്യാന്‍ ശാരിക്ക് സാധിച്ചു. ഒരിടവേളക്ക് ശേഷം മലയാളത്തില്‍ ശാരി വീണ്ടും സജീവമായി. മലയാളികള്‍ എക്കാലവും നെഞ്ചിലേറ്റുന്ന നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ എന്ന ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് ശാരി.

ഭാഷയറിയാത്തതിനാൽ മലയാളത്തിലേക്ക് വരാൻ ആദ്യം മടിയുണ്ടായിരുന്നുവെന്നും ചിത്രത്തിൽ അഭിനയിക്കുമ്പോൾ റീടേക്കുകൾ വരുമോയെന്ന ടെൻഷൻ ഉണ്ടായിരുന്നുവെന്നും ശാരി പറയുന്നു. എന്നാൽ പത്മരാജൻ വളരെ കൂളായ ഒരു മനുഷ്യൻ ആയിരുന്നുവെന്നും എങ്ങനെയെങ്കിലും ചെയ്ത് തീർക്കണം എന്ന ചിന്തയോടെയാണ് മോഹൻലാലിനൊപ്പമുള്ള റൊമാന്റിക് സീനുകൾ അഭിനയിച്ചതെന്നും ശാരി പറഞ്ഞു. മോഹൻലാൽ ആ ഡയലോഗ് പറയുന്നത് ഇപ്പോൾ കാണുമ്പോഴും വലിയ ഫീൽ തോന്നാറുണ്ടെന്നും ശാരി കൂട്ടിച്ചേർത്തു.

ലാലേട്ടൻ ആ ഡയലോഗ് പറയുന്നത് ഇപ്പോൾ സിനിമയിൽ കാണുമ്പോഴും എനിക്ക് വല്ലാത്തൊരു ഫീലാണ് തോന്നാറുള്ളത്
– ശാരി

‘എന്റെ സിനിമാ കരിയർ തന്നെ വിജയകരമായി അടയാളപ്പെടുത്തിയ കഥാപാത്രമല്ലേ മുന്തിരിത്തോപ്പിലെ സോഫിയ. കന്യകാത്വവും ബന്ധങ്ങളും സ്ത്രീ മനസുകളുമൊക്കെ എത്ര മനോഹരമായാണ് പത്മരാജൻ സാർ ആ സിനിമയിൽ വരച്ചിട്ടിരിക്കുന്നത്. പാതിരാത്രിയിൽ ലോറിയുടെ ഹോൺമുഴക്കത്തിനുശേഷം സോളമൻ്റെ ചോദ്യവും അതിന് മടിച്ചുമടിച്ചു ഞാൻ നൽകുന്ന ഉത്തരവും പോലെ സത്യസന്ധമായ മറ്റൊരു ഡയലോഗ് മറ്റേതെങ്കിലും സിനിമയിൽ കാണാനാകുമോയെന്ന് സംശയമാണ്.

തമിഴ് സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് എനിക്ക് പത്മരാജൻ സിനിമയിലേക്ക് ക്ഷണം വരുന്നത്. ആദ്യം ഭാഷ അറിയാത്തതിൻ്റെ പേരിൽ അൽപം മടിച്ചെങ്കിലും പിന്നെ പോകാൻ തന്നെ തീരുമാനിക്കുകയായിരുന്നു. മുന്തിരിത്തോപ്പിൽ ആദ്യമായി അഭിനയിക്കുമ്പോൾ ഡയലോഗ് തെറ്റിക്കുമോ, ഒരുപാട് റീടേക്ക് വരുമോ, മോഹൻലാൽ അടക്കമുള്ള മറ്റ് താരങ്ങൾ എന്റെ തെറ്റ് കാരണം മൂഡ്ഓഫ് ആകുമോ എന്നൊക്കെ ചിന്തിച്ചായിരുന്നു എൻ്റെ നടപ്പ്.

പത്മരാജൻ സാർ പക്ഷേ കൂളായ മനുഷ്യനായിട്ടാണ് എനിക്ക് കാര്യങ്ങൾ പറഞ്ഞു തന്നിരുന്നത്. മോഹൻലാലിനൊപ്പം അന്ന് റൊമാന്റിക് സീൻ ചെയ്ത‌പ്പോൾ ഒരു ഫീലും ഉണ്ടായിരുന്നില്ല. എങ്ങനെയെങ്കിലും ചെയ്‌തു തീർക്കണമെന്ന ചിന്ത മാത്രമായിരുന്നു മനസിൽ. ചിത്രത്തിലെ റൊമന്റിക്ക് ഡയലോഗുകൾ കേട്ട് ഞാൻ പത്മരാജൻ സാറിന്റെ അടുത്തു പോയി പല സംശയങ്ങളും ചോദിച്ചിരുന്നു.

ഈ ഡയലോഗൊക്കെ ബൈബിളിൽ ഉണ്ടോയെന്നായിരുന്നു പ്രധാന സംശയം. ലാലേട്ടൻ ആ ഡയലോഗ് പറയുന്നത് ഇപ്പോൾ സിനിമയിൽ കാണുമ്പോഴും എനിക്ക് വല്ലാത്തൊരു ഫീലാണ് തോന്നാറുള്ളത്. ലോക്ക്ഡൗൺ സമയത്തും നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ എന്ന സിനിമ ഞാൻ പല തവണ കണ്ടിരുന്നു. എത്ര തവണ കണ്ടാലും ആ സിനിമ എന്നെ ഒരിക്കലും ബോറടിപ്പിച്ചിട്ടില്ല,’ശാരി പറയുന്നു.

Content Highlight: Shari About Namuk Parkkan Munthirthoppukal Movie Experience

Video Stories