| Tuesday, 26th April 2022, 12:45 pm

പപ്പേട്ടന്റെ പടത്തില്‍ ലെന്‍സ് വെച്ച് പോയി പിടിക്കപ്പെട്ടിട്ടുണ്ട്; തമിഴില്‍ ഫോട്ടോഷൂട്ട് ചെയ്തപ്പോള്‍ എന്റെ കണ്ണ് കണ്ടിട്ട് അവര്‍ പറഞ്ഞതിതാണ്: ശാരി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വ്യത്യസ്തമായ കണ്ണുകള്‍ കാരണം മലയാളി സിനിമാ പ്രേക്ഷകരെ ആകര്‍ഷിച്ച നടിയാണ് ശാരി. പത്മരാജന്‍ സിനിമകളിലൂടെയാണ് വെള്ളാരം കണ്ണുകളുള്ള ഈ നടി മലയാളത്തില്‍ ചുവടുറപ്പിച്ചത്.

ദേശാടനക്കിളി കരയാറില്ല, നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ എന്നിവ മലയാളത്തിലെ എക്കാലത്തെയും ക്ലാസിക്കുകളാണ്.

തന്റെ കണ്ണിനെക്കുറിച്ച് സംസാരിക്കുകയാണ് ഇപ്പോള്‍ ശാരി. തമിഴില്‍ അഭിനയിക്കുമ്പോള്‍ തന്റെ കണ്ണ് മോശമാണെന്ന് ആളുകള്‍ പറഞ്ഞിട്ടുണ്ടെന്നും പത്മരാജന്റെ ദേശാടനക്കിളി കരയാറില്ല, സിനിമയില്‍ അഭിനയിക്കാനെത്തിയപ്പോള്‍ കണ്ണിന് ലെന്‍സ് വെച്ചിട്ടുണ്ടെന്നുമാണ് ശാരി പറയുന്നത്. ഇന്ത്യാഗ്ലിറ്റ്‌സ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ശാരി.

”മലയാളത്തിലെ ആദ്യ പടത്തില്‍ തന്നെ ലെന്‍സ് വെച്ചിട്ടുണ്ട്. പക്ഷെ അത് പിടിക്കപ്പെട്ടിട്ടുണ്ട്. അയ്യോ, നാണം കെട്ട് പോയി. ക്യാമറാമാനായിരുന്നു അത് കണ്ടുപിടിച്ചത്.

കണ്ണിന്റെ പ്രാധാന്യം ഇത്രയും ഉണ്ടെന്ന് എനിക്ക് അറിയില്ലായിരുന്നു. അതിനെക്കുറിച്ച് എപ്പോഴും എന്നോട് ആളുകള്‍ മോശമായാണ് പറയാറുണ്ടായിരുന്നത്.

ആളുകള്‍ കളിയാക്കിയിരുന്നു. ആദ്യം ഞാന്‍ ഒരു തമിഴ് പടത്തിന് വേണ്ടി ഫോട്ടോഷൂട്ട് ചെയ്തുകൊണ്ടിരുന്ന സമയം അവര് പറഞ്ഞു, ഈ കണ്ണ് വേണ്ട, നമുക്ക് ലെന്‍സ് വെക്കാം, കഥാപാത്രത്തിന് അതാണ് നല്ലത് എന്ന് അവര്‍ പറഞ്ഞു.

അപ്പോള്‍ ഞാന്‍ വിചാരിച്ചു, ഓക്കെ എന്റെ കണ്ണ് ശരിയല്ല എന്ന് എനിക്ക് തോന്നി.

അങ്ങനെ ഞാന്‍ മലയാളത്തിലെ ആദ്യ പടത്തിന് വന്നപ്പോള്‍, പിന്നേം അത് തന്നെ കേള്‍ക്കണമല്ലോ, എന്ന് വിചാരിച്ച് ഞാന്‍ റൂമില്‍ നിന്ന് തന്നെ ലെന്‍സ് വെച്ച് പോയി.

പോയി, ഒരു അഞ്ചാറ് ദിവസം ഷൂട്ട് ചെയ്തു. വലിയ വലിയ ഷോട്ടുകളായിരുന്നു. അതൊക്കെ എടുത്ത് കഴിഞ്ഞ്, എന്റെയും കാര്‍ത്തികയുടെയും സീന്‍ എടുത്തുകൊണ്ടിരിക്കുമ്പോള്‍ വേണു ചോദിച്ചു.

സൂം ചെയ്തപ്പോഴാണ് ക്യാമറാമാന്‍ വേണു കണ്ടുപിടിച്ചത്. ശാരി, എന്താ ലെന്‍സ് ഇട്ടിട്ടുണ്ടോ, എന്ന് ചോദിച്ചു. ഞാന്‍ ബ്ലാക്ക് ലെന്‍സ് കണ്ണിന് ഇട്ടിട്ടുണ്ട്, എന്ന് ഞാന്‍ പറഞ്ഞു.

അടുത്ത് തന്നെയുണ്ടായിരുന്നു പപ്പേട്ടന്‍. എന്തിനാ, ലെന്‍സിട്ടത്, ഫസ്റ്റ് ഊരിക്കള എന്ന് പറഞ്ഞു. ഈ കണ്ണിന് വേണ്ടിയല്ലേ ഞാന്‍ ക്യാരക്ടറെ സെലക്ട് ചെയ്തത്, അല്ലെങ്കില്‍ എനിക്ക് ഇവിടെ വേറെ ആര്‍ട്ടിസ്റ്റിനെ കിട്ടൂലേ.

ഈ കണ്ണ് ഈ കഥാപാത്രത്തിന് പ്രധാനമായും വേണം, അതുകൊണ്ടാണ് ഞാന്‍ ശാരിയെ സെലക്ട് ചെയ്തത്, നൗ ഗോ ആന്റ് റിമൂവ് യുവര്‍ കോണ്‍ടാക്ട് ലെന്‍സ് എന്ന് പറഞ്ഞു,” ശാരി പറയുന്നു.

”മുമ്പ് കണ്ണിനെ കുറ്റം പറഞ്ഞവര്‍, അയ്യോ ഞങ്ങള്‍ക്ക് മനസിലായില്ല ഈ കണ്ണിന് ഇത്രയും സ്‌പെഷ്യാലിറ്റി ഉണ്ടെന്ന്, എന്ന് പറഞ്ഞു.

ആ ക്രെഡിറ്റ് മലയാളം ഫിലിം ഇന്‍ഡസ്ട്രിക്ക് മാത്രം അവകാശപ്പെട്ടതാണ്. അവര്‍ തുടക്കം മുതല്‍ തന്നെ എനിക്ക് എല്ലാ സ്‌നേഹവും സംരക്ഷണവും തന്നു. എന്റെ കണ്ണിനെ അവര്‍ക്കെല്ലാവര്‍ക്കും ഒത്തിരി ഇഷ്ടപ്പെട്ടു,” താരം കൂട്ടിച്ചേര്‍ത്തു.

സുരാജ് വെഞ്ഞാറമൂട്, പൃഥ്വിരാജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമായ ജന ഗണ മന ശാരി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

മംമ്ത മോഹന്‍ദാസ്, ധ്രുവന്‍, വിന്‍സി അലോഷ്യസ് എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഷാരിസ് മുഹമ്മദ് ആണ് സിനിമയുടെ രചന. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിക്കുന്നത്.

Content Highlight: Shari about her eyes and acting in Padmarajan movies

We use cookies to give you the best possible experience. Learn more