| Sunday, 28th May 2023, 9:39 am

'ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നു, ജീവനക്കാര്‍ക്ക് ബി.ജെ.പിയുമായി ബന്ധം'; ഫേസ്ബുക്കിനെതിരെ ഓഹരി ഉടമകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഫേസ്ബുക്കിനെതിരെ പരാതിയുമായി ഓഹരി ഉടമകള്‍. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഫേസ്ബുക്ക് പക്ഷാപാതപരമായി ഇടപെടുന്നുവെന്നും ഉള്ളടക്കത്തെ സ്വാധീനിക്കുന്നുവെന്നുമാണ് വിമര്‍ശനമുള്ളത്.

ആക്ടിവിസ്റ്റ് മാരി മെന്നല്‍ ബെല്‍ അടക്കമുള്ളവരാണ് മെറ്റക്കെതിരെ പ്രമേയം കൊണ്ടുവരുന്നത്. ഇതുമായി ബന്ധപ്പെട്ട് മെയ് 31ന് ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന മെറ്റയുടെ വാര്‍ഷിക ഷെയര്‍ഹോള്‍ഡര്‍ ബോര്‍ഡ് മീറ്റിങ്ങില്‍ പ്രമേയം അവതരിപ്പിക്കുമെന്നാണ് ദി എകണോമിക് ടൈംസിന്റെ റിപ്പോര്‍ട്ട്.

ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയപാര്‍ട്ടിയായ(പ്രമേയത്തില്‍ പറയുന്നത്) ബി.ജെ.പിയുമായി ഫേസ്ബുക്ക് ഇന്ത്യയിലെ ജീവനക്കാര്‍ക്ക് ബന്ധമുണ്ടെന്നടക്കമുള്ള വിമര്‍ശനങ്ങള്‍ പ്രമേയത്തില്‍ ഉന്നയിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ വിശദമായി തന്നെ പരിശോധിക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.

ഇന്ത്യയില്‍ ഫേസ്ബുക്ക് വഴി പ്രചരിക്കുന്ന ഉള്ളടക്കത്തിന്റെ സത്യാവസ്ഥ പരിശോധിക്കാന്‍ സംവിധാനം പരിമിതമാണെന്ന വിമര്‍ശവും പ്രമേയത്തിലുണ്ട്.

‘ഇന്ത്യയില്‍ അടുത്ത വര്‍ഷം പൊതുതെരഞ്ഞടുപ്പ് നടക്കാനിരിക്കെ, ഇപ്പോള്‍ ഫേസ്ബുക്ക് കടന്നുപോകുന്ന തെറ്റായ വഴികള്‍ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും.
മെറ്റയുടെ ഇന്ത്യയിലെ പ്രവര്‍ത്തനത്തില്‍ സുതാര്യത ഉറപ്പുവരുത്തണം. ഇത് കമ്പനിയുടെ വിശ്വാസ്യതയെ ബാധിക്കും,’ തുടങ്ങിയ കാര്യങ്ങളും പ്രമേയത്തില്‍ പറയുന്നുണ്ട്.

അതേസമയം, ബോര്‍ഡ് മീറ്റിങ്ങില്‍ ഷെയര്‍ഹോള്‍ഡര്‍മാരുടെ പ്രമേയം വോട്ടിങ്ങിന് വെക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യ സിവില്‍ വാച്ച് ഇന്റര്‍നാഷണല്‍ (ICWI), ഇന്റര്‍നെറ്റ് ഫ്രീഡം ഫൗണ്ടേഷന്‍ (IFF), ആക്‌സസ് നൗ തുടങ്ങിയ ഗ്രൂപ്പുകളും പ്രമേയത്തെ പിന്തുണക്കുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Content Highlight: Shareholders filed a complaint against Facebook

We use cookies to give you the best possible experience. Learn more