[share]
[]കോഴിക്കോട്: കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്‍ നടത്തുന്ന സോമയാഗ വേദിയില്‍ നരേന്ദ്ര മോഡിയുടെ പ്രചാരകനായ ബാബാ രാംദേവിനൊപ്പം മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് സാദിഖലി ശിഹാബാ തങ്ങള്‍ വേദി പങ്കിട്ടത് വിവാദമാകുന്നു.
സോമയാഗത്തിന്റെ വേദിയിലെത്തിയ യോഗഗുരു ബാബ രാംദേവ് കോണ്‍ഗ്രസിനും മൂന്നാം മുന്നണിക്കുമെതിരെ ആഞ്ഞടിക്കുകയും മോഡിക്ക് വേണ്ടി ശക്തമായി വാദിക്കുകയും ചെയ്തിരുന്നു.
ഇത്തരത്തില്‍ മോഡിക്ക് സ്തുതി പാടുന്ന നേതാക്കള്‍ക്കൊപ്പമുള്ള സാദിഖലിയുടെ സാന്നിധ്യമാണ് വിവാദമായത്.
പരിപാടിയിലെ സംഘ്പരിവാര്‍ അജണ്ട തിരിച്ചറിഞ്ഞ് ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ പരിപാടിയില്‍ നിന്ന് വിട്ടു നിന്നപ്പോഴാണ് സാദിഖലി തങ്ങള്‍ രാംദേവുമൊത്ത് വേദി പങ്കിട്ടത്.
പാര്‍ട്ടി പ്രവര്‍ത്തകരില്‍ ഇത് ശക്തമായ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ഉത്തരേന്ത്യയില്‍ ഉള്‍പ്പെടെ മുസ്‌ലിംകള്‍ തനിക്കൊപ്പമാണെന്ന് മോഡി കള്ള പ്രചാരണം നടത്തിക്കൊണ്ടിരിക്കെ കേരളത്തിലെ ഒരു മുസ്‌ലീം നേതാവിനെ കൂടെ ഇരുത്താനായത് സംഘ്പരിവാര്‍ തങ്ങളുടെ വിജയമായാണ് ആഘോഷിക്കുന്നത്.
വേദി പങ്കിട്ട സാദിഖലി തങ്ങളെ ഹരിദ്വാറിലെ തന്റെ ക്ഷേത്രത്തിലേക്ക് ക്ഷണിക്കാനും രാംദേവ് തയ്യാറായിരുന്നു. യാഗപരിപാടിയില്‍ സാദിഖലി തങ്ങള്‍ പങ്കെടുത്തത് അപമാനകരമാണെന്നും വര്‍ഗീയ ശക്തികളുമായി സന്ധിചേരുന്ന പാര്‍ട്ടി നിലപാട് ലീഗ് വ്യക്തമാക്കണമെന്നും സി.പി.ഐ.എം സെക്രട്ടേറിയറ്റ് അംഗം പളമരം കരീം എം.എല്‍ പറഞ്ഞു.
സന്യാസി സമൂഹത്തിന് തന്നെ അപമാനമായ ബാബാ രാംദേവിനൊപ്പം വേദി പങ്കിട്ട സാദിഖലി തങ്ങളുടെ നടപടി ഒരു തരത്തിലും ന്യായീകരിക്കാനാവില്ലെന്നും ഈ വേദി പങ്കിടലും ഉത്തരേന്ത്യയിലുള്‍പ്പെടെ മോഡി പ്രചാരണായുധമാക്കുമെന്നും ഡോ. കെ.ടി ജലീല്‍ എം.എല്‍.എ പറഞ്ഞു.
സാദിഖലി തങ്ഹളെ പോലെ ആത്മീയ സ്ഥാനത്തിരിക്കുന്ന വ്യക്തിയുടെ ഇത്തരം നടപടി സംഘ്പരിവാറിന് കരുത്തുപകരുന്നതാണ്. ഇക്കാര്യത്തിലുള്ള നയം ലീഗ് വ്യക്തമാക്കണമെന്ന് പി.ഡി.പി വൈസ് ചെയര്‍മാന്‍ സുബൈര്‍ സബാഹി പറഞ്ഞു.
അതേസമയം വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പതഞ്ജലി യോഗപീഠം വഴി നരേന്ദ്രമോദിക്കുവേണ്ടി 30 കോടി വോട്ടുകള്‍ സമാഹരിച്ചുനല്‍കുമെന്നും രാംദേവ് പറഞ്ഞിരുന്നു.
ഇതിനായി മാര്‍ച്ച് 24 മുതല്‍ വീട് വീടാന്തരം പ്രചാരണം നടത്തും. മൊബൈല്‍ എസ്.എം.എസ്. വഴിയാണ് പ്രചാരണം. രാജ്യത്തെ 50 കോടി വീടുകളില്‍ സന്ദേശം എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇതിന് പത്ത് കോടി സന്നദ്ധസേവകരെ ഉപയോഗപ്പെടുത്തും. കള്ളപ്പണവും അഴിമതിയും ഇല്ലാതാക്കാന്‍ മോഡിക്ക് കഴിയുമെന്നതിനാലാണ് അദ്ദേഹത്തെ പിന്താങ്ങുന്നത്.
മോദിയുടെ നേതൃത്വത്തില്‍ 300 സീറ്റ് സ്വന്തമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും രാംദേവ് പറഞ്ഞിരുന്നു.