ന്യൂദല്‍ഹി: പാചക വാതകം, ഡീസല്‍, പെട്രോള്‍ എന്നിവയുടെ വില്‍പ്പനയിലൂടെ കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ നേടിയ 20 ലക്ഷം കോടി രൂപയുടെ ലാഭം പൊതുജനങ്ങളുമായി പങ്കുവെക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ രാജ്യം നേരിട്ടുകൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാന്‍ ലക്ഷ്യമിട്ടാണ് ഈ നിര്‍ദ്ദേശമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. ധനസഹായം, സബ്‌സിഡി എന്നിവ ഉപയോഗിച്ച് കൊവിഡ് പ്രതിരോധം നടത്താനാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്.
‘സ്വന്തം പോക്കറ്റിലേക്ക് ലാഭം കൊയ്യുന്ന ഈ പ്രക്രിയ അവസാനിപ്പിക്കേണ്ടതുണ്ടെന്ന് ബി.ജെ.പി മനസ്സിലാക്കണം. എല്ലാ ലാഭവും അവര്‍ക്ക്, വേദന മുഴുവന്‍ സാധാരണക്കാര്‍ക്ക്. മോഷ്ടിക്കുന്നതിനുപകരം, സൗഖ്യം നല്‍കേണ്ടത് എങ്ങനെയാണെന്ന് അവര്‍ മനസിലാക്കണം’ കോണ്‍ഗ്രസ് വക്താവ് മനു അഭിഷേക് സിംഗ്‌വി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഈ ലാഭം മൊത്തം ഒറ്റയ്ക്ക് പോക്കറ്റിലാക്കാന്‍ സര്‍ക്കാരിന് കഴിയില്ല. കര്‍ഷകര്‍ക്ക് സഹായങ്ങള്‍ നല്‍കിയേ തീരു. കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും സബ്‌സിഡികള്‍ അനുവദിക്കണം എന്നും അദ്ദേഹം വ്യക്തമാക്കി.
ശ്രദ്ധിക്കേണ്ട പ്രധാന കാര്യം, 2014 മാര്‍ച്ചില്‍ അന്താരാഷ്ട്ര എണ്ണവില ബാരലിന് 108 ഡോളറായിരുന്നു. 6 വര്‍ഷത്തിനുശേഷം 2020 മാര്‍ച്ച് 30 ന് ഇത് ബാരലിന് 23 ഡോളറായി കുറഞ്ഞു, 18-19 വര്‍ഷത്തെ ചരിത്രപരമായ കുറവാണത്. അന്താരാഷ്ട്ര തലത്തിലെ വിലക്കുറവ് ഇന്ത്യാ സര്‍ക്കാരിന് ഗുണം ചെയ്യുമെന്ന് നാമെല്ലാവരും അറിഞ്ഞിരിക്കണം. അന്താരാഷ്ട്ര എണ്ണ വിപണിയിലെ ഇന്നത്തെ കണക്കനുസരിച്ച് പെട്രോള്‍ ലിറ്ററിന് 28 രൂപയ്ക്ക് ലഭ്യമാണ്, പക്ഷേ ഇത് ഇവിടെ ലിറ്ററിന് 74 രൂപയ്ക്കാണ് വില്‍ക്കുന്നതെന്നും മനു അഭിഷേക് ചൂണ്ടിക്കാട്ടി.
രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധിയില്‍ സര്‍ക്കാര്‍ പൂര്‍ണ ആശ്വാസം നല്‍കേണ്ടത് പ്രധാനമാണ്. അത് രാജ്യത്തിന്റെ സാമ്പത്തിക ആശ്വാസമായിരിക്കണം, അല്ലാതെ, സര്‍ക്കാരിന്റെ സാമ്പത്തിക ആശ്വാസമാവരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ