എംജി മോട്ടോര്‍സിന്റെ എസ് യു വിയായ ഹെക്ടര്‍ വിപണിയില്‍ എത്തി. വാഹനപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരുന്ന മോഡലിന്റെ വിലയും കമ്പനി പ്രഖ്യാപിച്ചു. 12.18 ലക്ഷം മുതല്‍ 16.88 ലക്ഷം രൂപാ വരെയാണ് എക്‌സ്‌ഷോറൂം വില.
ഏതാനും മാസങ്ങള്‍ക്ക് ശേഷം വില വര്‍ധിപ്പിച്ചേക്കും. സ്റ്റൈല്‍,സൂപ്പര്‍,.ഷാര്‍പ്പ്,സ്മാര്‍ട്ട് എന്നി നാലുവേരിയന്റുകളാണുള്ളത്. സ്വന്തം സെഗ്മെന്റിലെ തന്നെ ആദ്യ കണക്ടട് കാറുകൂടിയാണ് ഇത്. ഹെക്ടര്‍ എസ് യുവിയുടെ ഏഴ് സീറ്റര്‍ വരും വര്‍ഷം കമ്പനി പുറത്തിറക്കുമെന്നും വിവരമുണ്ട്.
സവിശേഷതകള്‍
ഇന്റര്‍നെറ്റ് കാറെന്നാണ് (കണക്ടഡ് കാര്‍) ഹെക്ടറിനെ എം.ജി വിശേഷിപ്പിക്കുന്നത്. ആധുനിക വയര്‍ലെസ് സംവിധാനങ്ങള്‍ ഉപയോഗിച്ച് ഇന്റര്‍നെറ്റുമായി പൂര്‍ണ സമയം ബന്ധപ്പെടാന്‍ ഹെക്ടറിന് കഴിയും. അത്യാധുനിക ഐ-സ്മാര്‍ട്ട് സംവിധാനമാണ് ഇത് സാധ്യമാക്കുന്നത്. സിസ്‌കോ, അണ്‍ലിമിറ്റ്, മൈക്രോസോഫ്റ്റ് തുടങ്ങിയ നിരവധി കമ്പനികള്‍ എംജിയുടെ ഐ-സ്മാര്‍ട്ട് സംവിധാനത്തില്‍ പങ്കാളികളാണ്.
ഇന്റര്‍നെറ്റുമായി മുഴുവന്‍ സമയം ബന്ധപ്പെടാന്‍ പ്രത്യേക ഇന്‍ബില്‍ട്ട് സിം എസ്.യു.വിയിലുണ്ടാവും. ഒപ്പം തടസ്സമില്ലാത്ത 5G കണക്ടിവിറ്റി സാധ്യമാക്കാന്‍ ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ ആറാം പതിപ്പിന്റെ പിന്തുണയും ഹെക്ടറിലുണ്ട്.
ബില്‍ട്ട് ഇന്‍ ആപ്പുകള്‍, ശബ്ദ നിര്‍ദ്ദേശം അനുസരിച്ച് പ്രവര്‍ത്തിക്കുന്ന നിര്‍മ്മിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്), സ്മാര്‍ട്ട് ഫീച്ചറുകള്‍, സ്മാര്‍ട്ട് ഇന്‍ഫോടെയ്ന്‍മെന്റ് എന്നിവ ഐ-സ്മാര്‍ട്ട് കണക്ടിവിറ്റി സംവിധാനത്തിന്റെ ഭാഗമാവുന്നു.