രഞ്ജി ട്രോഫിയില്‍ മുംബൈ-അസം മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. എം.സി.എ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ മുംബൈ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. മുംബൈയുടെ തീരുമാനം ശരിവെക്കുന്നതായിരുന്നു പിന്നീട് ഗ്രൗണ്ടില്‍ കണ്ടത്.
ആദ്യം ബാറ്റ് ചെയ്ത അസം 32.1 ഓവറില്‍ 84 റണ്‍സിന് പുറത്താവുകയായിരുന്നു. മുംബൈ ബൗളിങ് നിരയില്‍ ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ഷാര്‍ദുല്‍ താക്കൂര്‍ ആറ് വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനം നടത്തി. 10.1 ഓവറില്‍ 21 റണ്‍സ് വിട്ടുനല്‍കിയാണ് താക്കൂര്‍ ആറ് വിക്കറ്റുകള്‍ വീഴ്ത്തിയത്. 2.07 ആണ് താരത്തിന്റെ ഇക്കോണമി.
അസം താരങ്ങളായ പര്‍വേജ് മുസറഫ്, സുമിത്ത് ഗഡിഗോങ്കര്‍, ഡെനിഷ് ദാസ്, കുനല്‍ ശര്‍മ, സുനില്‍ ലച്ചിത്, ദിബാകര്‍ ജോഹ്‌റി എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ വീഴ്ത്തിയത്.
അസം ബാറ്റിങ്ങില്‍ അഭിഷേക് താക്കുരി 46 പന്തില്‍ 31 റണ്‍സ് നേടി മികച്ച ചെറുത്ത്നില്‍പ് നടത്തി. മറ്റു താരങ്ങള്‍ക്ക് ഒന്നും 20ന് മുകളില്‍ റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ സാധിച്ചില്ല.
മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഒമ്പത് ഓവറില്‍ 31 റണ്‍സിന് രണ്ട് വിക്കറ്റ് എന്ന നിലയിലാണ്. 26 പന്തില്‍ 30 റണ്‍സുമായി ഓപ്പണര്‍ പ്രിത്വി ഷായെയും 15 പന്തില്‍ റണ്‍സ് ഒന്നും എടുക്കാതെ ഭൂപന്‍ ലാല്‍വാനിയെയും മുംബൈക്ക് നഷ്ടമായി.
അതേസമയം എലീറ്റ് ഗ്രൂപ്പ് ബിയില്‍ ആറു മത്സരങ്ങളില്‍ നിന്നും നാല് വിജയവും ഒരു തോല്‍വിയും അടക്കം 30 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് മുംബൈ. മറുഭാഗത്ത് ആറു മത്സരങ്ങളില്‍ നിന്നും മൂന്ന് തോല്‍വിയോടെ പത്ത് പോയിന്റോടെ ഏഴാം സ്ഥാനത്താണ് അസം.
Content Highlight: Shardul Thakur take six wickets against Assam in Ranji trophy