ടെസ്റ്റ് പരമ്പര സ്വന്തമാക്കിയതിന് പിന്നാലെ ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിലെ ഏകദിന പരമ്പരയും നേടിയാണ് സന്ദര്‍ശകര്‍ കരുത്ത് കാട്ടിയത്. മൂന്ന് ഏകദിനങ്ങളുടെ പരമ്പര 2-1നാണ് ഇന്ത്യ സ്വന്തമാക്കിയത്.
ആദ്യ മത്സരത്തില്‍ വിന്‍ഡീസിന്റെ അടിത്തറയിളക്കിയ ജയവുമായി ഇന്ത്യ തിളങ്ങിയപ്പോള്‍ രണ്ടാം മത്സരത്തില്‍ ആതിഥേയര്‍ തിരിച്ചടിച്ചു. നിര്‍ണായകമായ മൂന്നാം മത്സരത്തില്‍ വിജയം മാത്രം ലക്ഷ്യമിട്ടാണ് ഇരു ടീമും കളത്തിലിറങ്ങിയത്.
ബ്രയാന്‍ ലാറ ക്രിക്കറ്റ് അക്കാദമിയില്‍ നടന്ന സീരീസ് ഡിസൈഡര്‍ മത്സരത്തില്‍ വിന്‍ഡീസിനെ 200 റണ്‍സിന് തകര്‍ത്താണ് ഇന്ത്യ കരുത്ത് കാട്ടിയത്. ഇന്ത്യന്‍ നിരയില്‍ നാല് താരങ്ങള്‍ അര്‍ധ സെഞ്ച്വറി നേടിയപ്പോള്‍ ബൗളിങ്ങില്‍ പേസര്‍മാരും തിളങ്ങി.
ഇഷാന്‍ കിഷന്‍, ശുഭ്മന്‍ ഗില്‍, സഞ്ജു സാംസണ്‍, ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ ബാറ്റിങ്ങിനെ മുമ്പില്‍ നിന്നും നയിച്ചപ്പോള്‍ ഷര്‍ദുല്‍ താക്കൂര്‍ ബൗളിങ്ങിന്റെ നേതൃത്വം സ്വയം ഏറ്റെടുക്കുകയായിരുന്നു. ഫോര്‍ഫര്‍ സ്വന്തമാക്കിയാണ് ലോര്‍ഡ് താക്കൂര്‍ തിളങ്ങിയത്.
താക്കൂറിന്റെ പ്രകടനത്തിന് കയ്യടി ഉയരുന്നതിനിടെ അദ്ദേഹം പറഞ്ഞ വാക്കുകളും ശ്രദ്ധ നേടുകയാണ്. ടീമിലെ സ്ഥാനം ഉറപ്പാക്കാനല്ല താന്‍ കളിക്കുന്നതെന്നാണ് അദ്ദഹം പറഞ്ഞത്.
‘ടീമില്‍ സ്ഥാനം ഉറപ്പിക്കാന്‍ വേണ്ടി കളിക്കുന്ന താരങ്ങളുണ്ടാകും, എന്നാല്‍ ഞാന്‍ അങ്ങനെയുള്ള ഒരാളല്ല. എന്നെ ലോകകപ്പ് സ്‌ക്വാഡില്‍ ഉള്‍പ്പെടുന്നതും ഒഴിവാക്കുന്നതുമെല്ലാം മാനേജ്‌മെന്റിന്റെ മാത്രം തീരുമാനമാണ്. അതില്‍ എനിക്കൊന്നും ചെയ്യാന്‍ സാധിക്കില്ല. ടീമിലെ സ്ഥാനത്തിന് വേണ്ടി കളിക്കണം എന്ന് കരുതുന്നത് തെറ്റായിരിക്കും,’ താക്കൂര്‍ പറഞ്ഞു.
അതേസയമം, 6.3 ഓവറില്‍ 37 റണ്‍സ് വഴങ്ങിയാണ് താക്കൂര്‍ നാല് വിക്കറ്റ് വീഴ്ത്തിയത്. ഷിംറോണ്‍ ഹെറ്റ്‌മെയര്‍, റൊമാരിയോ ഷെപ്പേര്‍ഡ്, അല്‍സാരി ജോസഫ്, ജെയ്ഡന്‍ സീല്‍സ് എന്നിവരെയാണ് താക്കൂര്‍ മടക്കിയത്.
താക്കൂറിന് പുറമെ മൂന്ന് വിക്കറ്റ് വീഴ്ത്തിയ മുകേഷ് കുമാറും രണ്ട് വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് യാദവും ശേഷിക്കുന്ന വിക്കറ്റ് വീഴ്ത്തിയ ജയ്‌ദേവ് ഉനദ്കട്ടും വിന്‍ഡീസ് വധം പൂര്‍ത്തിയാക്കുകയായിരുന്നു.
പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഒരു വിക്കറ്റ് വീഴ്ത്തിയ താക്കൂര്‍ രണ്ടാം മത്സരത്തില്‍ മൂന്ന് വിക്കറ്റും വീഴ്ത്തിയിരുന്നു.
Content Highlight: Shardul Thakur says he doesn’t play for place in the team