ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു മത്സരത്തില്‍ മികച്ച സ്‌കോര്‍ നേടി കെ.കെ.ആര്‍. നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സാണ് കൊല്‍ക്കത്ത നേടിയത്.
ഒരുവേള ടീം സ്‌കോര്‍ 130 പോലും കടക്കുമോ എന്ന് ആരാധകര്‍ ഭയന്നിരുന്നു. ക്യാപ്റ്റന്‍ നിതീഷ് റാണ ഒരു റണ്‍സിനും വമ്പനടി വീരന്‍മാരായ ആന്ദ്രേ റസലും മന്ദീപ് സിങ്ങും ഗോള്‍ഡന്‍ ഡക്കായും മടങ്ങിയപ്പോള്‍ ഈഡന്‍ ഗാര്‍ഡന്‍സ് അപകടം മണത്തു.
എന്നാല്‍ 89 റണ്‍സിന് അഞ്ച് എന്ന നിലയില്‍ ടീം ഉഴറിയപ്പോള്‍ ഏഴാമനായി ഷര്‍ദുല്‍ താക്കൂര്‍ ക്രീസിലെത്തി. പിന്നെ കൊല്‍ക്കത്ത കണ്ടത് വാക്കുകള്‍ കൊണ്ട് വിവരിക്കാന്‍ സാധിക്കാത്ത നിശ്ചയദാര്‍ഢ്യമായിരുന്നു.
കിങ് ഖാനെ ഗാലറിയില്‍ സാക്ഷിയാക്കി ഒന്നിന് പിന്നാലെ ഒന്ന് എന്ന നിലയില്‍ ബൗണ്ടറികളും സിക്‌സറുമായി താക്കൂര്‍ കളം നിറഞ്ഞാടി. 20 പന്തില്‍ നിന്നും അര്‍ധ സെഞ്ച്വറി തികച്ച താക്കൂര്‍ കൊല്‍ക്കത്ത ഇന്നിങ്‌സിന്റെ ഗതി തന്നെ മാറ്റി മറിച്ചു.
അത്രയും നേരം ആത്മവിശ്വാസം നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത റിങ്കു സിങ്ങും പിന്നെയങ്ങോട്ട് തകര്‍ത്തടിച്ചു. 33 പന്തില്‍ നിന്നും 46 റണ്‍സ് നേടിയ റിങ്കുവും ഇന്നിങ്‌സില്‍ നിര്‍ണായകമായി.
ടീം സ്‌കോര്‍ 89ല്‍ നില്‍ക്കവെ ഒരുമിച്ച ഈ കൂട്ടുകെട്ട് പിരിയുന്നത് 192 റണ്‍സിലാണ്. 19ാം ഓവറില്‍ ഷര്‍ഷല്‍ പട്ടേലിനെ തകര്‍പ്പന്‍ സിക്‌സറുകള്‍ക്ക് പറത്തിയ റിങ്കു അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുന്നതിനെടെ പുറത്തായി.
ശേഷം, മുഹമ്മദ് സിറാജ് എറിഞ്ഞ അവസാന ഓവറിലെ നാലാം പന്തില്‍ മാക്‌സ്‌വെല്ലിന് ക്യാച്ച് നല്‍കി മടങ്ങുമ്പോള്‍ 29 പന്തില്‍ നിന്നും 68 റണ്‍സായിരുന്നു താക്കൂര്‍ തന്റെ പേരിന് നേരെ എഴുതിച്ചേര്‍ത്തത്.
198 റണ്‍സില്‍ നില്‍ക്കവെ താക്കൂര്‍ പുറത്തായതിന് ശേഷം ക്രീസിലെത്തിയത് ഉമേഷ് യാദവായിരുന്നു. നേരിട്ട ആദ്യ പന്തില്‍ തന്നെ സിറാജിനെ ബൗണ്ടറി കടത്തിയ യാദവ് ടീം സ്‌കോര്‍ 200 കടത്തി. അവസാന പന്തില്‍ രണ്ട് റണ്‍സും നേടിയതോടെ കൊല്‍ക്കത്ത 204 റണ്‍സിലെത്തി.
Content Highlight: Shardul Thakur’s brilliant knock against Royal Challenges Bengaluru