| Saturday, 30th December 2023, 8:04 pm

സൗത്ത് ആഫ്രിക്കക്കയെ പറഞ്ഞ് നാക്കെടുത്തില്ല, ഇന്ത്യക്ക് മുട്ടന്‍ പണി കിട്ടി

സ്പോര്‍ട്സ് ഡെസ്‌ക്

സൗത്ത് ആഫ്രിക്കക്കെതിരെയായ ആദ്യ ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യ ഇന്നിങ്‌സിനും 32 റണ്‍സിനുമാണ് നാണം കെട്ട തോല്‍വി വഴങ്ങിയത്. ഇതോടെ 2024 ജനുവരി മൂന്നിന് കേപ്പ് ടൗണില്‍ നടക്കാനിരിക്കുന്ന രണ്ടാം ടെസ്റ്റ് മത്സരം ഇന്ത്യക്ക് നിര്‍ണായകമാണ്. സൗത്ത് ആഫ്രിക്കയോട് അവരുടെ തട്ടകത്തില്‍ ഇതുവരെ ഇന്ത്യക്ക് വിജയിക്കാന്‍ സാധിച്ചില്ലെന്ന പേര് ഇപ്പോഴും മാറ്റമില്ലാതെ തുടരുകയാണെന്നത് മറ്റൊരു പ്രത്യേകതയാണ്.

എന്നാല്‍ ഇതിനിടയില്‍ സൗത്ത് ആഫ്രിക്കന്‍ സ്റ്റാര്‍ പേസര്‍ ജെറാള്‍ഡ് കോട്‌സിക്കും ക്യാപ്റ്റന്‍ തെംബ ബാവുമക്കും പരിക്കിനെതുടര്‍ന്ന് രണ്ടാം ടെസ്റ്റ് നഷ്ടമായ വാര്‍ത്തകള്‍ വന്നിരുന്നു. ഇന്ത്യക്കെതിരെ അപ്രതീക്ഷിതമായ ആക്രമണങ്ങള്‍ നടത്താന്‍ ശേഷിയുള്ള താരങ്ങളായിരുന്നു ഇരുവരും. ഇത് ഇന്ത്യക്ക് ആശ്വാസം നല്‍കുന്ന ഒരു വാര്‍ത്തയുമായിരുന്നു. പരിമിതമായ പ്രോട്ടിയാസ് പേസര്‍ നിരയില്‍ നിന്നും കോട്‌സിയെപോലെ ഒരു ബൗളര്‍ പുറത്തായത് ഇന്ത്യക്ക് അനുകൂലമായ അവസരങ്ങള്‍ സൃഷ്ടിക്കുമെങ്കിലും ഇന്ത്യ മറ്റൊരു വെല്ലുവിളി നേരിടുകയാണിപ്പോള്‍.

ശനിയാഴ്ച സെഞ്ചൂറിയില്‍ നടന്ന നെറ്റ് പ്രാക്ടീസില്‍ ബാറ്റിങ്ങിനിടയില്‍ ഇന്ത്യന്‍ സ്റ്റ്ാര്‍ ഓള്‍ റൗണ്ടര്‍ ശര്‍ദുല്‍ താക്കൂറിന്റെ തോളില്‍ പന്ത് ശക്തമായി ഇടിച്ച് താരത്തിന് പരിക്ക് പറ്റിയിരിക്കുകയാണ്. താരത്തിന്റെ തോളില്‍ ഒരു വലിയ ഹിറ്റ് തന്നെയായിരുന്നു സംഭവിച്ചത്. പരിക്ക് ഗുരുതരമാണോ എന്ന് ഇതുവരെയും വ്യക്തമല്ല.

ഇതോടെ രണ്ടാം ടെസ്റ്റ് താരത്തിന് നഷ്ടപ്പെടാനുള്ള സാധ്യതകളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. വേണ്ടിവന്നാല്‍ കൂടുതല്‍ സ്‌കാനിങ്ങുകള്‍ എടുക്കുമെന്നാണ് മെഡിക്കല്‍ സംഘം സ്ഥിരീകരിച്ചിരിക്കുന്നത്.

ആദ്യ ഇന്നിങ്‌സില്‍ താരം 33 പന്തില്‍ നിന്നും 24 റണ്‍സ് നേടുകയും ഒരു വിക്കറ്റ് സ്വന്തമാക്കുകയും ചെയ്തിരുന്നു. 19 ഓവറില്‍ രണ്ട് മെയ്ഡന്‍ അടക്കം 101 റണ്‍സ് താരം വഴങ്ങിയിരുന്നു.

Content Highlight: Shardul Thakur has a shoulder injury

We use cookies to give you the best possible experience. Learn more