| Tuesday, 6th August 2024, 12:48 pm

ഞാൻ വിക്കറ്റ് കീപ്പറായി കളിക്കില്ല, അപ്പോൾ നീ എന്തുചെയ്യും? ധോണിയുടെ നിർദേശത്തെക്കുറിച്ച് ചെന്നൈ താരം പറയുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ ഇതിഹാസനായകന്‍ എം.എസ് ധോണിയെ പ്രശംസിച്ചുകൊണ്ട് മുന്നോട്ട് വന്നിരിക്കുകയാണ് ഇന്ത്യന്‍ പേസര്‍ ഷാര്‍ദുല്‍ താക്കൂര്‍. ധോണിക്ക് കീഴില്‍ കളിക്കുമ്പോഴുള്ള പ്രത്യേകതകളെക്കുറിച്ചാണ് താക്കൂര്‍ പറഞ്ഞത്.

‘അദ്ദേഹത്തോടൊപ്പം കളിക്കുന്നത് എല്ലായിപ്പോഴും സവിശേഷമുള്ള കാര്യമാണ്. കാരണം അദ്ദേഹം നമ്മളെ വളരാന്‍ അനുവദിക്കുന്നു. കളിക്കളത്തില്‍ നമ്മുടേതായിട്ടുള്ള സ്വന്തം പ്ലാനുകള്‍ നടപ്പിലാക്കാന്‍ അദ്ദേഹം അനുവദിക്കും. ‘ഞാന്‍ വിക്കറ്റിന് പിന്നില്‍ ഉണ്ടാവില്ല, അപ്പോള്‍ നീ എന്ത് ചെയ്യും? നിന്റെ റൂമില്‍ പോയി ഇതിനെക്കുറിച്ച് ചിന്തിക്കൂ എന്നിട്ട് നടപ്പിലാക്കാന്‍ പോകുന്ന പുതിയ പദ്ധതികളുമായി വരൂ,’ അദ്ദേഹം എന്നോട് പറഞ്ഞിരുന്നു,’ ഇന്ത്യന്‍ പേസര്‍ ഐ. ഐ. എസ്. എം ആതിഥേയത്വം വഹിച്ച ഒരു പരിപാടിയിലൂടെ പറഞ്ഞു.

2025 ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ മെഗാ ലേലത്തിനാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത് ഏതെല്ലാം താരങ്ങള്‍ ടീം വിടുമെന്നും പുതിയ ടീമില്‍ ചേരുമെന്നുമാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ധോണി അടുത്ത വർഷം ചെന്നൈ സൂപ്പര്‍ കിങ്‌സിന് വേണ്ടി കളിക്കുമോ എന്ന ചോദ്യവും ഉയര്‍ന്നുനില്‍ക്കുകയാണ്.

2024 ഐ.പി.എല്‍ തുടങ്ങുന്നതിനു മുന്നോടിയായിട്ടായിരുന്നു ധോണി ചെന്നൈയുടെ ക്യാപ്റ്റന്‍ സ്ഥാനം ഋതുരാജ് ഗെയ്ക്വാദിന് നല്‍കിയത്. ഗെയ്ക്വാദിന്റെ കീഴില്‍ 14 മത്സരങ്ങള്‍ കളിച്ച ചെന്നൈ ഏഴ് തോല്‍വിയും ജയവും അടക്കം 14 പോയിന്റുമായി അഞ്ചാം സ്ഥാനത്തായിരുന്നു തങ്ങളുടെ പോരാട്ടം അവസാനിപ്പിച്ചത്.

2008 മുതല്‍ 2023 വരെ ധോണി ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഭാഗമായിരുന്നു. എന്നാല്‍ 2013ല്‍ മാച്ച് ഫിക്‌സിങ് വിവാദത്തെ തുടര്‍ന്ന് രണ്ടുവര്‍ഷം ചെന്നൈക്ക് വിലക്ക് നേരിടേണ്ടിവന്ന സാഹചര്യത്തില്‍ മാത്രമാണ് ധോണിക്ക് മറ്റൊരു ഫ്രാഞ്ചൈസിക്ക് വേണ്ടി കളിക്കേണ്ടി വന്നത്.

2022ല്‍ ഇന്ത്യന്‍ സ്റ്റാര്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജക്ക് ധോണി ചെന്നൈയുടെ നായകസ്ഥാനം നല്‍കിയിരുന്നു. എന്നാല്‍ ജഡേജക്ക് കീഴില്‍ നിരാശാജനകമായ പ്രകടനം ആയിരുന്നു ചെന്നൈ നടത്തിയത്. ഇതിന് പിന്നാലെ എട്ടു മത്സരങ്ങള്‍ക്ക് ശേഷം വീണ്ടും ധോണി ചെന്നൈയുടെ ക്യാപ്റ്റന്‍ പദവി ഏറ്റെടുക്കുകയായിരുന്നു.

ചെന്നൈക്കായി അഞ്ച് ഐ.പി.എല്‍ കിരീടങ്ങളാണ് ധോണി നേടികൊടുത്തത്. 2010, 2011, 2018, 2021, 2023 എന്നീ വര്‍ഷങ്ങളിലായിരുന്നു ചെന്നൈ കിരീടം നേടിയത്. 2010, 2014 ചാമ്പ്യന്‍ ട്രോഫിയിലും ധോണിയുടെ നേതൃത്വത്തില്‍ ചെന്നൈ കിരീടം സ്വന്തമാക്കിയിരുന്നു.

Content Highlight: Shardul Takur Talks about M S Dhoni

We use cookies to give you the best possible experience. Learn more