Advertisement
Entertainment
ആ മോഹൻലാൽ ചിത്രത്തിലെ വേഷം വേണ്ടെന്ന് വെച്ചത് കരുണാനിധിയോട് ചോദിച്ചിട്ടാണ്: ശരത്കുമാർ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Nov 11, 10:43 am
Monday, 11th November 2024, 4:13 pm

1997ല്‍ മണിരത്‌നത്തിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രമാണ് ഇരുവര്‍. എ.ആര്‍. റഹ്‌മാന്‍ സംഗീത സംവിധാനം നിര്‍വഹിച്ച ഈ ചിത്രം, തമിഴ് രാഷ്ട്രീയനേതാക്കളായിരുന്ന എം.ജി രാമചന്ദ്രന്റെയും എം. കരുണാനിധിയുടേയും രാഷ്ട്രീയജീവിതാംശങ്ങള്‍ പകര്‍ത്തിയിരുന്നു. മോഹന്‍ലാല്‍, പ്രകാശ് രാജ് എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ഇരുവര്‍ എക്കാലത്തെയും ക്ലാസിക് ചിത്രമായി വിശേഷിപ്പിക്കപ്പെടുന്നു. ചിത്രത്തിലെ പ്രകടനത്തിന് പ്രകാശ്‌രാജിന് മികച്ച സഹ നടനുള്ള ദേശീയ അവാർഡും കിട്ടിയിരുന്നു.

എന്നാൽ ആ റോളിലേക്ക് തന്നെയും പരിഗണിച്ചിരുന്നുവെന്ന് പറയുകയാണ് നടൻ ശരത്കുമാർ. ഇരുവറിലെ റോള്‍ വേണ്ടെന്നു വെച്ചതിന്റെ കാരണം വെളിപ്പെടുത്തുകയാണ് അദ്ദേഹം. ബിഹൈന്‍ഡ് വുഡ്‌സ് തമിഴിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

‘എം.ജി.ആര്‍, കലൈഞ്ജര്‍ എന്നിവരുടെ കഥയാണ് ആ സിനിമയുടേത്. ആ സമയത്ത് എനിക്ക് തോന്നിയ കാര്യമെന്താണെന്ന് വെച്ചാല്‍ ഡി.എം.കെ പാര്‍ട്ടിയില്‍ നിന്നുകൊണ്ട് ഈ സിനിമ ചെയ്താല്‍ എന്താകും എന്ന് അറിയില്ല. മണിരത്‌നം എന്ന സംവിധായകനില്‍ നല്ല വിശ്വാസമുണ്ടായിരുന്നു.

പക്ഷേ ഞാന്‍ അത് ചെയ്താല്‍ ശെരിയാകുമോ എന്ന സംശയമായിരുന്നു. കലൈഞ്ജരുടെ വേഷം ചെയ്തിട്ട് ശെരിയായില്ലെങ്കില്‍ അദ്ദേഹം എന്നെപ്പറ്റി എന്ത് വിചാരിക്കും എന്ന ചിന്തയായിരുന്നു എനിക്ക്. കലൈഞ്ജറുമായി സംസാരിച്ച ശേഷം ഞാന്‍ ആ വേഷം വേണ്ടെന്നു വെച്ചു,’ ശരത്കുമാര്‍ പറഞ്ഞു.

എം.ജി.ആര്‍- കരുണാനിധി സൗഹൃദത്തെ മുന്‍നിര്‍ത്തി മണിരത്‌നം സംവിധാനം ചെയ്ത ഇരുവറില്‍ എം.ജി.ആറായി വന്നത് മോഹന്‍ലാലായിരുന്നു.

കലൈഞ്ജറിന്റെ വേഷത്തിലേക്ക് ശരത്കുമാര്‍, മമ്മൂട്ടി, കമല്‍ ഹാസന്‍, നസ്‌റുദ്ദീന്‍ ഷാ എന്നിവരെ ആലോചിച്ചിരുന്നെങ്കിലും ഒടുവില്‍ ആ വേഷം പ്രകാശ് രാജ് ചെയ്യുകയായിരുന്നു. ആ വര്‍ഷത്തെ മികച്ച സഹനടനുള്ള ദേശീയ അവാര്‍ഡും ഇരുവറിലെ പ്രകടനത്തിന് പ്രകാശ് രാജ് നേടി.

 

Content Highlight: sharathumar About Iruvar Movie