'എന്റെ അച്ഛനൊപ്പം കിടക്കുന്നത് പോലെ മമ്മൂക്കയോടൊപ്പം കിടന്നു, ദുല്‍ഖറിന് പോലും കിട്ടാത്ത ഭാഗ്യമാണ്'
Film News
'എന്റെ അച്ഛനൊപ്പം കിടക്കുന്നത് പോലെ മമ്മൂക്കയോടൊപ്പം കിടന്നു, ദുല്‍ഖറിന് പോലും കിട്ടാത്ത ഭാഗ്യമാണ്'
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 21st November 2022, 5:32 pm

മമ്മൂട്ടിയെ നായകനാക്കി സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ 1995ല്‍ പുറത്തിറങ്ങിയ മലയാള സിനിമയാണ് No.1 സ്നേഹതീരം ബാംഗ്ലൂര്‍ നോര്‍ത്ത്. ചിപ്പി, പ്രിയ രാമന്‍, കവിയൂര്‍ പൊന്നമ്മ തുടങ്ങിയവരും സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. മരിച്ചുപോയ സഹോദരിയുടെ മക്കളെ സ്വന്തം മക്കളായി വളര്‍ത്തുന്ന വിജയ ഭാസ്‌കര്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചിരിപ്പിച്ചത്.

ശരത് പ്രകാശ്, ലക്ഷ്മി മരക്കാര്‍ എന്നിവരാണ് സിനിമയില്‍ ബാലതാരങ്ങളായി എത്തിയത്. ഇപ്പോഴിതാ സിനിമ പുറത്തിറങ്ങി 27 വര്‍ഷങ്ങള്‍ക്കിപ്പുറം സിനിമയിലെ കുട്ടി താരമായിരുന്ന ശരത് പ്രകാശ് വീണ്ടും മമ്മൂട്ടിയെ കണ്ടുമുട്ടിയിരിന്നു. ശരത് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് മമ്മൂട്ടിയുമൊത്തുള്ള ചിത്രം പങ്കുവെച്ചത്.

ചിത്രീകരണ വേളയില്‍ മമ്മൂട്ടിയുമൊത്തുള്ള നിമിഷങ്ങള്‍ ബിഹൈന്‍ഡ്വുഡ്സിന് നല്‍കിയ അഭിമുഖത്തിലൂടെ പങ്കുവെക്കുകയാണ് ശരത്.

‘ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നത് മേലേ മേലേ മാനം എന്ന ഗാനരംഗം ഷൂട്ട് ചെയ്യുന്ന നിമിഷങ്ങളാണ്. സിനിമയില്‍ അനു എന്ന കഥാപാത്രം ഹോസ്പിറ്റലിലാകുമ്പോള്‍ ഞാനും മമ്മൂക്കയും മാത്രമാണ് വീട്ടിലുള്ളത്. അപ്പോള്‍ ഞങ്ങള്‍ തമ്മില്‍ കുറച്ച് ഷോട്സ് ഉണ്ടായിരുന്നു. അതില്‍ ഉറങ്ങുന്ന ഒരു ഷോട്ട് ഉണ്ട്.

വീട്ടില്‍ അച്ഛന്റെ കൂടെ എങ്ങനെയാ ഉറങ്ങുക എന്ന് അപ്പോള്‍ മമ്മൂക്ക എന്നോട് ചോദിച്ചു. ഞാന്‍ പറഞ്ഞു കാലെടുത്ത് വയറില്‍ വെക്കുമെന്ന്. എങ്കില്‍ അങ്ങനെ വെച്ചോളാന്‍ മമ്മൂക്ക പറഞ്ഞു. അങ്ങനെ കാലെടുത്ത് ഞാന്‍ വയറില്‍ വെച്ചാണ് ആ ഷോട്ട് എടുത്തത്. എന്റെ മക്കള്‍ക്ക് ഇങ്ങനെ ഭാഗ്യം കിട്ടാറില്ലെന്ന് അപ്പോള്‍ മമ്മൂക്ക പറഞ്ഞു.

ആ മകനാണല്ലോ ഇപ്പോള്‍ വളര്‍ന്ന് ദുല്‍ഖറായി മാറിയത്. അങ്ങനെയുള്ള ചെറിയ ചെറിയ സംഭവങ്ങള്‍ ഇപ്പോളും ഓര്‍മയിലുണ്ട്. അന്ന് സിനിമ എന്താണെന്നോ സിനിമയുടെ കഥ എന്താണെന്നോ എന്നൊന്നും അറിയില്ലായിരുന്നു. ആകപ്പാടെ സത്യന്‍ അന്തിക്കാട് അങ്കിള്‍ പറഞ്ഞത്, പറഞ്ഞാല്‍ അനുസരിക്കണമെന്ന് മാത്രമായിരുന്നു,’ ശരത് പറഞ്ഞു.

Content Highlight: sharath prakash talks his experience with mammootty in no 1 snehatheeram madras mail