മുംബൈ: മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അക്ഷമനായിക്കൊണ്ടിരിക്കുകയാണെന്ന് എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍. സര്‍ക്കാരിനെ താഴെയിറക്കുകയാണ് ഫഡ്‌നാവിസിന്റെ ലക്ഷ്യമെന്നും എന്‍.ഡി.ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ ശരദ് പവാര്‍ പറഞ്ഞു.
‘ഫഡ്‌നാവിസ് അക്ഷമനായിക്കൊണ്ടിരിക്കുകയാണ്. ഇത് സൂചിപ്പിക്കുന്നത് സര്‍ക്കാരിനെ താഴെയിറക്കാന്‍ ദേവേന്ദ്ര ഫഡ്‌നാവിസ് ശ്രമിക്കുന്നുവെന്നാണ്,’ പവാര്‍ പറഞ്ഞു.
മഹാരാഷ്ട്ര സര്‍ക്കാരിന് ഒരു പ്രശ്‌നവും ഇപ്പോഴില്ലെന്നും എല്ലാ എം.എല്‍.എമാരും ഇപ്പോള്‍ തങ്ങള്‍ക്കൊപ്പമുണ്ടെന്നും പവാര്‍ പറഞ്ഞു.
‘മഹാരാഷ്ട്ര സര്‍ക്കാരിന് ഒരു പ്രശ്‌നവും ഇപ്പോഴില്ല. എല്ലാ എം.എല്‍.എമാരും ഞങ്ങള്‍ക്കൊപ്പമുണ്ട്. അതിനെ തകര്‍ക്കാന്‍ ഏതെങ്കിലും തരത്തിലുള്ള ശ്രമങ്ങളുണ്ടായാല്‍ ജനങ്ങള്‍ മറുപടി നല്‍കും,’ പവാര്‍ പറഞ്ഞു.
രാജ്യത്ത് കൊവിഡ് ഏറ്റവും കൂടുതല്‍ ബാധിച്ചത് മഹാരാഷ്ട്രയിലാണ്. ഇതില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി ബി.ജെ.പി രംഗത്തെത്തിയിരുന്നു.
ബി.ജെ.പി നേതാവ് നാരായണ്‍ റാണെ ഗവര്‍ണറെ കണ്ട് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം കൊണ്ടു വരണമെന്ന് ആവശ്യപ്പെട്ടിരുന്നു. ശിവസേനയുടെ സഖ്യ സര്‍ക്കാര്‍ കൊവിഡിനെ പ്രതിരോധിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും റാണെ പറഞ്ഞിരുന്നു.
അതേസമയം മഹാരാഷ്ട്ര സര്‍ക്കാരില്‍ കൊവിഡിനെ നേരിടുന്നതുമായി ബന്ധപ്പെട്ട് പ്രതിസന്ധി നിലനില്‍ക്കുന്നതിനിടെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയും ശരദ് പവാറും കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ വസതിയില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു.
ഇതേത്തുടര്‍ന്ന് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തമാണെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞിരുന്നു.
അതേസമയം കൊവിഡ് പ്രതിസന്ധിയില്‍ നിന്നും സര്‍ക്കാരിനെ കരകയറ്റാന്‍ എന്‍.സി.പി നേതാവ് ശരദ് പവാറിന്റെ നേതൃത്വത്തില്‍ പുതിയ നീക്കങ്ങള്‍ നടക്കുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കൊവിഡുമായി ബന്ധപ്പെട്ട സര്‍ക്കാരിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ഇനി മുതല്‍ നേതൃത്വം നല്‍കുക പവാര്‍ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഉദ്യോഗസ്ഥര്‍ക്കും മുഖ്യമന്ത്രിയ്ക്കും വേണ്ട നിര്‍ദശങ്ങള്‍ നല്‍കുകയും സര്‍ക്കാര്‍ സഹായത്തിനായി കേന്ദ്രവുമായി ആശയവിനിമയം നടത്തുകയും പവാറായിരിക്കുമെന്നാണ് ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക