'പ്രതിപക്ഷ എം.എല്‍.എമാരെ കള്ളക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ബി.ജെ.പിക്കൊപ്പം ചേര്‍ക്കുന്നു': ശരദ് പവാര്‍
national news
'പ്രതിപക്ഷ എം.എല്‍.എമാരെ കള്ളക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ബി.ജെ.പിക്കൊപ്പം ചേര്‍ക്കുന്നു': ശരദ് പവാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 8th October 2019, 8:07 am

മുംബൈ: പ്രതിപക്ഷ എം.എല്‍.എമാരെ ബി.ജെ.പി ഭീഷണിപ്പെടുത്തി ഇല്ലാതാക്കാന്‍ ശ്രമക്കുന്നുവെന്ന് എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍. സഹകരണ ബാങ്കുകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും തലപ്പത്തുള്ള എം.എല്‍.എമാരെ കള്ളക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ബി.ജെ.പി ഒപ്പം ചേര്‍ക്കുന്നതെന്ന് പവാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

‘സഹകരണ ബാങ്കുകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും തലപ്പത്തുള്ളവരാണ് ഈ എം.എല്‍.എമാര്‍. കള്ളക്കേസില്‍ കുടുക്കും എന്ന ഭയത്താലാണ് അവര്‍ ബി.ജെ.പിക്കൊപ്പം ചേര്‍ന്നത്’ പവാര്‍ പറഞ്ഞു.

ബി.ജെ.പി തന്നെ കള്ളക്കേസില്‍ കുടുക്കി രാഷ്ട്രീയമായി ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്നും വരുന്ന മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് അവര്‍ക്ക് തിരിച്ചടിയാവുമെന്നും പവാര്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ മറാത്താ ജനത ബി.ജെ.പിക്ക് മറുപടി പറയുമെന്നും മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് എന്‍.സി.പി സഖ്യം അധികാരത്തിലെത്തും അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കര്‍ഷക ആത്മഹത്യയും വരള്‍ച്ചയും ചര്‍ച്ചയാകാതിരിക്കാനാണ് ബി.ജെ.പി കശ്മീരും രാമക്ഷേത്രവും രാഷ്ട്രീയ ആയുധമാക്കുന്നതെന്നും ശരദ് പവാര്‍ പറഞ്ഞു.

കേന്ദ്ര ഏജന്‍സികളെ ബി.ജെ.പി ദുരുപയോഗം ചെയ്യുകയാണെന്നും. സഹകരണ ബാങ്ക് ക്രമക്കേടുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും പവാര്‍ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സഹകരണ യൂണിറ്റുകളുടെ സാമ്പത്തിക സാഹചര്യങ്ങള്‍ പരിഗണിക്കാതെ സഹകരണ പഞ്ചസാര ഫാക്ടറികള്‍ക്കും, സ്പിന്നിങ്ങ് മില്ലുകള്‍ക്കും, മറ്റു പ്രോസസിങ് യൂണിറ്റുകള്‍ക്കും മഹാരാഷ്ട്ര ബാങ്ക് അനധികൃതമായി വായ്പ നല്‍കി എന്ന കേസിലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ശരദ് പവാറിന്റെ പേരില്‍ കേസ് എടുത്തത്.

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും എന്‍.സി.പിയും 125 സീറ്റുകളില്‍ വീതം മത്സരിക്കുമെന്ന് എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാര്‍ നേരത്തെ വ്യ്ക്തമാക്കിയിരുന്നു.