ഇത് നല്ലതിനല്ല; പ്രചാരണ റാലിയില്‍ പ്രധാനമന്ത്രി മതപരമായ മുദ്രാവാക്യം വിളിച്ചത് അതിശയപ്പെടുത്തി: ശരദ് പവാര്‍
national news
ഇത് നല്ലതിനല്ല; പ്രചാരണ റാലിയില്‍ പ്രധാനമന്ത്രി മതപരമായ മുദ്രാവാക്യം വിളിച്ചത് അതിശയപ്പെടുത്തി: ശരദ് പവാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 8th May 2023, 2:27 pm

മുംബൈ: കര്‍ണാടക തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി മതപരമായ മുദ്രാവാക്യം വിളിച്ചത് അതിശയപ്പെടുത്തിയെന്ന് എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍.

തെരഞ്ഞെടുപ്പില്‍ ഒരാള്‍ മതത്തെയോ മതവുമായി ബന്ധപ്പെട്ട വിഷയമോ ഏറ്റെടുക്കുമ്പോള്‍ അത് വ്യത്യസ്തമായ അന്തരീക്ഷം സൃഷ്ടിക്കുമെന്നും ഇത് നല്ല പ്രവണത അല്ലെന്നും പ്രാദേശിക വാര്‍ത്താ ചാനലിനോട് ശരദ് പറഞ്ഞു.

കര്‍ണാകയില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്ന് കഴിഞ്ഞ ദിവസം ശരദ് പവാര്‍ പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ ജനാധിപത്യ മൂല്യങ്ങള്‍ക്കും മതേതരത്തിനും വേണ്ടി ഞങ്ങള്‍ പ്രതിജ്ഞ ചെയ്യുന്നുവെന്നും അദ്ദേഹം ടി.വി9 മറാത്തിയോട് പറഞ്ഞു.

‘ കര്‍ണാടക തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മതപരമായ മുദ്രാവാക്യം വിളിച്ചത് എന്നെ അതിശയപ്പെടുത്തി. മതേതരമെന്ന ആശയത്തെ ഞങ്ങള്‍ അംഗീകരിക്കുന്നു. മതത്തെയും മതപരമായ വിഷയത്തെയും തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുമ്പോള്‍ അത് വ്യത്യസ്തമായ അന്തരീക്ഷമാണ് സൃഷ്ടിക്കുന്നത്. അത് നല്ലതല്ല’, ശരദ് പവാര്‍ പറഞ്ഞു.

മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ ഓയില്‍ റിഫൈനറി പദ്ധതിയെ എതിര്‍ത്ത്
ബര്‍സു ഗ്രാമവാസികള്‍ നടത്തുന്ന പ്രക്ഷോഭത്തെ കുറിച്ച് ചോദിച്ചപ്പോള്‍ അവിടെ സന്ദര്‍ശിക്കുമെന്നായിരുന്നു ശരദ് പവാറിന്റെ മറുപടി. ബര്‍സു ഗ്രാമവാസികളുടെ പ്രതിനിധിയുമായി ചര്‍ച്ച നടത്തിയിരുന്നുവെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം, ‘ബജ്‌റംഗ്ബലി കീ ജയ്’ മുദ്രവാക്യമുയര്‍ത്തി കഴിഞ്ഞ ദിവസം ബി.ജെ.പി നടത്തിയ
തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗത്തില്‍ കോണ്‍ഗ്രസിനെതിരെ കടുത്ത വിമര്‍ശനമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നയിച്ചത്. കോണ്‍ഗ്രസിന് ഭയം പിടിപ്പെട്ടെന്നും നുണകള്‍ ഫലിക്കാത്തത് കൊണ്ട് സോണിയ ഗാന്ധിയെ പ്രചാരണത്തിനിറക്കിയെന്നും പ്രധാനമന്ത്രി പറഞ്ഞു. കര്‍ണാകയിലെ ശിവമോഗയില്‍ റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി.

സോണിയയുടെ പേര് പരാമര്‍ശിക്കാതെയായിരുന്നു പ്രധാനമന്ത്രിയുടെ വിമര്‍ശനം. ‘കോണ്‍ഗ്രസ് ഇപ്പോള്‍ ഭയപ്പാടിലാണ്. അവരുടെ നുണകള്‍ ഫലിക്കുന്നില്ല എന്നായപ്പോള്‍ അവരെ പ്രചാരണത്തിനായി ഇവിടെ കൊണ്ടുവരുന്നു. തോല്‍വിയുടെ ഉത്തരവാദിത്തം കോണ്‍ഗ്രസ് ഇപ്പോള്‍ തന്നെ പരസ്പരം കെട്ടിവെക്കാന്‍ തുടങ്ങി’, പ്രധാനമന്ത്രി പറഞ്ഞു.

Contenthighlight: Sharath pawar againt modi karnataka campaign