ബാഴ്‌സലോണയില്‍ പോയി മെസിയുടെ കളി നേരിട്ട് കാണാന്‍ കഴിഞ്ഞത് ഒരിക്കലും മറക്കാന്‍ കഴിയാത്ത അനുഭവമാണെന്ന് ഡബ്ബിങ് ആര്‍ടിസ്റ്റും നടനുമായ ശരത് ദാസ്. ജീവിത പങ്കാളി കടുത്ത മെസി ആരാധികയാണെന്നും അവരുടെ വലിയ ആഗ്രമായിരുന്നു മെസിയുടെ കളി നേരിട്ട് കാണുക എന്നതെന്നും ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
പണം സമ്പാദിച്ച് പത്ത് വര്‍ഷം കാത്തിരുന്നതിന് ശേഷമാണ് തനിക്ക് ആ യാത്ര നടത്താനും മെസിയുടെ കളി നേരിട്ട് കാണാന്‍ കഴിഞ്ഞത് എന്നും ശരത് പറയുന്നു. ഇതായിരുന്നു താന്‍ ജീവിതത്തില്‍ ഏറ്റവും ആസ്വദിച്ച യാത്രയെന്നും ശരത് പറഞ്ഞു.
‘അമേരിക്ക, സിംഗപ്പൂര്‍, ദുബായ് അടക്കം കുറെയധികം വിദേശരാജ്യങ്ങള്‍ ഷോകളുടെ ഭാഗമായി പോയിട്ടുണ്ട്. എന്നാല്‍ വിവാഹം കഴിഞ്ഞതിന് ശേഷം നടത്തിയ യാത്രകളില്‍ ഏറ്റവും ആസ്വദിച്ചത് സ്‌പെയിനിലേക്കുള്ള ഒരു യാത്രയായിരുന്നു. എന്റെ ജീവിത പങ്കാളി ഒരു കടുത്ത മെസി ആരാധികയാണ്. അവരുടെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്നായിരുന്നു ബാഴ്‌സലോണയിലെ ക്യാമ്പ് നൗവില്‍ പോയി മെസിയുടെ കളി നേരിട്ട് കാണുക എന്നത്.
അങ്ങനെ അതിന് വേണ്ടി പണം സമ്പാദിച്ച്, പത്ത് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ആ ആഗ്രഹം സാധിച്ചത്. ബാഴ്‌സലോണയിലെ ക്യാമ്പ് നൗ സ്റ്റേഡിയത്തില്‍ പോയി മെസിയുടെ കളി നേരിട്ട് കണ്ടു. അത് ഒരിക്കലും മറക്കാനാകാത്ത അനുഭവമായിരുന്നു,’ ശരത് ദാസ് പറഞ്ഞു.
നടനും ഡബ്ബിങ് ആര്‍ടിസ്റ്റുമായി സിനിമ-സീരിയല്‍ രംഗത്ത് വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നയളാണ് ശരത്ദാസ്. മികച്ച ഡബ്ബിങ് ആര്‍ടിസ്റ്റിനുള്ള സംസ്ഥാന പുരസ്‌കാരം രണ്ട് തവണ സ്വന്തമാക്കിയിട്ടുള്ള അദ്ദേഹം കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന സിനിമയിലൂടെയാണ് ഡബ്ബിങ് രംഗത്തേക്ക് വരുന്നത്.
content highlights: Sharath Das shared his experience of going to Barcelona to watch Messi’s game