മുംബൈ: തെരഞ്ഞെടുപ്പ് കമ്മീഷന്‍ തങ്ങളുടെ പാര്‍ട്ടി ചിഹ്നം തട്ടിയെടുത്ത് മറ്റൊരു പാര്‍ട്ടിക്ക് നല്‍കിയെന്ന് എന്‍.സി.പി (നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി) നേതാവായ ശരത് പവാര്‍. അജിത് പവാറിന്റെ നേതൃത്വത്തിലുള്ള ഗ്രൂപ്പിന് എന്‍.സി.പിയുടെ പേരും ചിഹ്നവും അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിലാണ് ശരത് പവാറിന്റെ പ്രതികരണം.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ആശ്ചര്യകരമാണെന്ന് ശരത് പവാര്‍ ചൂണ്ടിക്കാട്ടി. പാര്‍ട്ടി രൂപീകരിക്കുകയും അതിനെ ഉയര്‍ത്തികൊണ്ടുവരികയും ചെയ്തവരുടെ കൈയില്‍ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംഘടനയെ തട്ടിയെടുത്ത് മറ്റുള്ളവര്‍ക്ക് നല്‍കിയത് രാജ്യത്ത് ആദ്യമായി നടക്കുന്ന ഒരു കാര്യമായിരിക്കുമെന്നും ശരത് പവാര്‍ വിമര്‍ശിച്ചു.
പാര്‍ട്ടിയുടെ പരിപാടികളും പ്രത്യയശാസ്ത്രവും ജനങ്ങള്‍ക്ക് പ്രധാനമാണെന്നും എന്നാല്‍ ഒരു ചിഹ്നമെന്നത് പരിമിതകാലത്തേക്ക് മാത്രം ഉപയോഗപ്രദമായതാണെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിധിക്കെതിരെ തങ്ങള്‍ സുപ്രീം കോടതിയെ സമീപിച്ചതിനെ ജനങ്ങള്‍ പിന്തുണക്കില്ലെന്ന് തനിക്ക് ഉറപ്പുണ്ടെന്നും ശരത് പവാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടി ഗ്രൂപ്പിനെ ‘നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി-ശരദ്ചന്ദ്ര പവാര്‍’ ആയി
തെരഞ്ഞെടുപ്പ് കമ്മീഷന്റെ പോളിങ് ബോഡി അംഗീകരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്‍.സി.പി പാര്‍ട്ടിയുടെ ഭരണഘടനയുടെയും സംഘടനയുടെ സ്വഭാവത്തിന്റെയും ഭൂരിപക്ഷ തീരുമാനങ്ങളുടെയും അടിസ്ഥാനത്തിലാണ് ഈ തീരുമാനത്തിലെത്തിയതെന്നും ഇ.സി അറിയിച്ചു.
ഫെബ്രുവരി 6ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അജിത് പവാര്‍ വിഭാഗത്തെ യഥാര്‍ത്ഥ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍.സി.പി) ആയി അംഗീകരിക്കുകയും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഗ്രൂപ്പിന് പാര്‍ട്ടി ചിഹ്നമായ ‘ക്ലോക്ക്’ അനുവദിക്കുകയും ചെയ്തിരുന്നു. കമ്മീഷന്റെ തീരുമാനം ശരത് പവാറിന് വലിയ തിരിച്ചടി ഉണ്ടാക്കിയിട്ടുണ്ട്.
Content Highlight: Sharat Pawar said that the Election Commission stole his party symbol and gave it to another party