national news
നരേന്ദ്ര ദാഭോല്‍ക്കറിന്റെ വിധി തന്നെ വരും; ശരദ് പവാറിനെതിരായ ഭീഷണി സന്ദേശത്തില്‍ പൊലീസിനെ സമീപിച്ച് സുപ്രിയ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Jun 09, 08:09 am
Friday, 9th June 2023, 1:39 pm

മുംബൈ: എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാറിന് ഭീഷണി സന്ദേശം ലഭിച്ച സംഭവത്തില്‍ പൊലീസിനെ സമീപിച്ച് മകളും എന്‍.സി.പി നേതാവുമായ സുപ്രിയ സുലെ. സംഭവത്തില്‍ മഹാരാഷ്ട്ര സര്‍ക്കാരിനോടും ആഭ്യന്തരമന്ത്രി അമിത് ഷായോടും ഇടപെടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സുപ്രിയ അറിയിച്ചു. പവാറിന് സോഷ്യല്‍ മീഡിയകള്‍ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചതെന്നും അവര്‍ പറഞ്ഞു.

ഇത്തരം പ്രവര്‍ത്തികള്‍ വിലകുറഞ്ഞ രാഷ്ട്രീയമാണെന്നും ഇത് അവസാനിപ്പിക്കണമെന്നും അവര്‍ പറഞ്ഞു.

‘വാട്‌സ് ആപ്പ് വഴി പവാര്‍ സാഹിബിനെ കുറിച്ചുള്ള സന്ദേശം ലഭിച്ചു. അദ്ദേഹത്തിന് സോഷ്യല്‍ മീഡിയ വഴി ഭീഷണി സന്ദേശം ലഭിക്കുന്നുണ്ട്. നീതിക്കായി പൊലീസിനെ സമീപിച്ചിട്ടുണ്ട്. സംസ്ഥാന ആഭ്യന്തര മന്ത്രിയോടും കേന്ദ്ര ആഭ്യന്തര മന്ത്രിയോടും വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെടുന്നു. ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നത് വിലകുറഞ്ഞ രാഷ്ട്രീയമാണ്. ഇത് അവസാനിപ്പിക്കണം,’ സുപ്രിയയെ ഉദ്ധരിച്ച് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

സംഭവത്തില്‍ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

‘ശരദ് പവാറിന്റെ സുരക്ഷ ഉറപ്പാക്കേണ്ടത് ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവാദിത്തമാണ്. ആഭ്യന്തര മന്ത്രി ഇക്കാര്യത്തില്‍ ഇടപെടണം. രാജ്യത്തെ നേതാവാണ് അദ്ദേഹം. പവാറിന് ഭീഷണി സന്ദേശം ലഭിച്ചതായി പൊലീസിനെ അറിയിച്ചിട്ടുണ്ട്. സംഭവത്തില്‍ നടപടി എടുക്കുമെന്ന് അവര്‍ അറിയിച്ചിട്ടുണ്ട്,’ സുപ്രിയ പറഞ്ഞു.

ശരദ് പവാറിനും ശിവസേന വക്താവ് സജ്ഞയ് റാവത്തിനും വെള്ളിയാഴ്ച വധ ഭീഷണി സന്ദേശം ലഭിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ശരദ് പവാറിന് ഡോ. നരേന്ദ്ര ദാഭോല്‍ക്കറിന്റെ വിധി തന്നെ വരുമെന്നായിരുന്നു ട്വിറ്റര്‍ വഴി ലഭിച്ച ഭീഷണി സന്ദേശം. മഹാരാഷ്ട്രയില്‍ മഹാഅഖാഡി സഖ്യം രൂപീകരിച്ചവരില്‍ പ്രധാനിയാണ് ശരദ് പവാറും സജ്ഞയ് റാവത്തും.

Content Highlight: Sharat pawar got threaten messages: Supriya sule