പൂനെ: മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, തെലങ്കാന സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഇന്ത്യാ മുന്നണിയെ ബാധിക്കില്ലെന്ന് നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍.സി.പി) നേതാവ് ശരദ് പവാര്‍. സത്താറില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ന്യൂദല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ ചേരുന്ന യോഗത്തില്‍ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വിശകലനം ചെയ്യുമെന്ന് ശരത് പവാര്‍ പറഞ്ഞു.
ഓരോ സംസ്ഥാനങ്ങളിലെയും വിദഗ്ധരുമായി സംസാരിച്ച് ഫലങ്ങളിലുള്ള പൊതുവായ കാഴ്ചപ്പാട് വ്യക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
താന്‍ ഈ നാല് സംസ്ഥാനങ്ങളില്‍ ഒന്നുപോലും സന്ദര്‍ശിച്ചിട്ടില്ലെന്നും അതിനാല്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വസ്തുതകളും അവസ്ഥകളും എന്താണെന്ന് അറിയില്ലെന്നും ശരത് പവാര്‍ പറഞ്ഞു.
ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുമായി ബന്ധപ്പെട്ട ആരോപണങ്ങളെ കുറിച്ച് ആധികാരികമായി തനിക്കൊന്നും പറയാന്‍ സാധിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, തെലങ്കാന സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ തെലങ്കാനയില്‍ ഒഴികെ മറ്റു മൂന്ന് സംസ്ഥാനങ്ങളിലും ബി.ജെ.പി മുന്നിലാണ്.
Content Highlight: Sharat Pavar said that the election results in four states will not affect the India Front