സ്വിറ്റ്‌സര്‍ലാന്‍ഡ്: ബ്രസീലിലെ റിയോ ഡി ജനീറോയില്‍ വച്ച് നടക്കാനിരിക്കുന്ന 2016 ഒളിമ്പിക്‌സിന് റഷ്യന്‍ ടെന്നീസ് താരം മരിയ ഷറപ്പോവ പങ്കെടുക്കില്ല. ഉത്തേജകമരുന്ന് ഉപയോഗിച്ചതിന്റെ പേരില്‍ നേരിടുന്ന 2 വര്‍ഷത്തെ വിലക്ക് നീക്കണമെന്ന അപ്പീലിന് മുകളിലുള്ള തീരുമാനം വൈകിയതാണ് കാരണം.
കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷന്‍ ഫോര്‍ സ്‌പോര്‍ട്‌സ് ഡിസിഷന്‍ (സി.എ.എസ്) ആണ് അപ്പീല്‍ പരിഗണന രണ്ട് മാസത്തേക്ക് നീട്ടി വച്ചത്. ഇതോടെ ആഗസ്റ്റില്‍ തുടങ്ങാനിരിക്കുന്ന റിയോ ഒളിമ്പിക്‌സില്‍ ഷറപ്പോവക്ക ്പങ്കെടുക്കാനാവില്ല എന്ന് ഉറപ്പായി.
സെപ്തംബറില്‍ അപ്പീലിന്മേല്‍ വിധി കേള്‍ക്കാം എന്ന് ഷറപ്പോവയും , ഇന്റര്‍നാഷനല്‍ ടെന്നീസ് ഫെഡറേഷന്‍ (ഐ.ടി.എഫ്) അംഗീകരിച്ചതായി സി.എ.എസ് വിശദീകരിച്ചു.
അപ്പീലില്‍ കൂടുതല്‍ തെളിവുകള്‍ നല്‍കുന്നതിന്റെ ഭാഗമായിട്ടാണ് തീരുമാനം നീട്ടിയതെന്നും അവര്‍ വ്യക്തമാക്കി. ഇക്കഴിഞ്ഞ ജനുവരി 26ന് ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ വച്ചാണ് ഷറപ്പോവ ഉത്തേജകപരിശോധനയില്‍ പരാജയപ്പെട്ടത്.