അല്‍ഫോണ്‍സ് പുത്രന്‍ എന്ന സംവിധായകന്‍ മലയാളത്തിന് സമ്മാനിച്ച നടനാണ് ഷറഫുദ്ദീന്‍. ചെറിയ സിനിമകളുടെ ഭാഗമായിട്ടുണ്ടെങ്കിലും പ്രേമം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലെ ഗിരിരാജന്‍ കോഴിയെന്ന കഥാപാത്രമാണ് ഷറഫുദ്ദീന് പ്രേക്ഷകര്‍ക്കിടയില്‍ ഒരു മേല്‍വിലാസം നേടിക്കൊടുത്തത്. പിന്നീട് മലയാളത്തിലെ തിരക്കുള്ള ഹാസ്യ നടനായി മാറിയ ഷറഫുദ്ദീന്‍ പതിയെ ട്രാക്ക് മാറ്റുന്ന കാഴ്ചയാണ് പ്രേക്ഷകര്‍ കണ്ടത്.
പ്രേമത്തിലെ ഗിരിരാജന്‍ കോഴി എന്ന കഥാപാത്രമാണ് തനിക്ക് പ്രേക്ഷകരുടെ മനസില്‍ സ്ഥാനമുണ്ടാക്കിയതെന്ന് ഷറഫുദ്ദീന്‍ പറയുന്നു. ഗിരിരാജന്‍ കോഴി ഹിറ്റായതോടെ അത്തരം കഥാപാത്രങ്ങളില്‍ തളച്ചിടപ്പെടുമോയെന്ന ഭയം ഉണ്ടായെന്നും എന്നാല്‍ ഫഹദ് ഫാസില്‍, വിനായകന്‍ എന്നിവരുടെ കൂടെ അഭിനയിച്ചപ്പോഴാണ് അത്തരം ചിന്തയെല്ലാം പോയതെന്ന് അദ്ദേഹം പറഞ്ഞു.
ആ രണ്ടുപേരും കഥാപാത്രങ്ങളെ സമീപിക്കുന്ന രീതിയും അവതരിപ്പിക്കുന്ന ശൈലിയുമൊക്കെ തന്നെ സംബന്ധിച്ചിടത്തോളം വലിയ പാഠപുസ്തകങ്ങളായിരുന്നുവെന്നും ഷറഫുദ്ദീന്‍ കൂട്ടിച്ചേര്‍ത്തു.
‘പ്രേമത്തിലെ ഗിരിരാജന്‍ കോഴി എന്ന കഥാപാത്രമാണ് എനിക്ക് പ്രേക്ഷകരുടെ മനസിലേക്കുള്ള വാതില്‍ തുറന്നു തന്നത്. അതിലെ ഡയലോഗ് ട്രോളര്‍മാരൊക്കെ ഇപ്പോഴും ഉപയോഗിക്കുന്നത് കാണുമ്പോള്‍ സന്തോഷമുണ്ട്. പക്ഷേ, ഗിരിരാജന്‍ കോഴി ഹിറ്റായതോടെ അത്തരം കഥാപാത്രങ്ങളില്‍ ഞാന്‍ എന്നും തളച്ചിടപ്പെടുമോയെന്ന പേടിയുണ്ടായിരുന്നു.
എന്നാല്‍ ഫഹദ് ഫാസില്‍, വിനായകന്‍ തുടങ്ങിയ നടന്‍മാര്‍ക്കൊപ്പം പിന്നീട് ചില സിനിമകള്‍ ചെയ്യാന്‍ കഴിഞ്ഞതോടെ എന്റെ ചിന്താഗതികളില്‍ വലിയ മാറ്റമുണ്ടായി. അവരൊക്കെ കഥാപാത്രങ്ങളെ സമീപിക്കുന്ന രീതിയും അവതരിപ്പിക്കുന്ന ശൈലിയുമൊക്കെ എന്നെ സംബന്ധിച്ചിടത്തോളം വലിയ പാഠപുസ്തകങ്ങളായിരുന്നു.
സംവിധായകന്‍ അമല്‍ നീരദ് വരത്തന്‍ എന്ന സിനിമയിലൂടെ എനിക്ക് തന്ന കഥാപാത്രമായ ജോസി അത്തരം പഠനങ്ങളുടെ തുടക്കമായിരുന്നു. സത്യത്തില്‍ എന്നെ ആളുകള്‍ ഷറഫുദ്ദീന്‍ എന്ന് വിളിച്ചു തുടങ്ങിയത് വരത്തന്‍ എന്ന സിനിമയിലൂടെയാണ്. അതുവരെ ഗിരിരാജന്‍ കോഴി ആയിരുന്നു ഞാന്‍ എല്ലാവര്‍ക്കും,’ ഷറഫുദ്ദീന്‍ പറയുന്നു.
Content Highlight: Sharafudheen talks about Vinayakan and Fahad Faasil