|

അന്ന് വിജയ് സേതുപതി നല്‍കിയ ആ മറുപടി എനിക്ക് ഒരുപാട് ഇഷ്ടമായി: ഷറഫുദ്ദീന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ മലയാളത്തിന് സമ്മാനിച്ച നടനാണ് ഷറഫുദ്ദീന്‍. അല്‍ഫോണ്‍സിന്റെ നേരം എന്ന സിനിമയിലൂടെ 2013ലാണ് നടന്‍ സിനിമയില്‍ എത്തുന്നത്. പിന്നീട് ഓം ശാന്തി ഓശാന, ഹോംലി മീല്‍സ് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു.

എന്നാല്‍ 2015ല്‍ എത്തിയ അല്‍ഫോണ്‍സ് പുത്രന്‍ – നിവിന്‍ പോളി ചിത്രമായ പ്രേമത്തിലൂടെയാണ് ഷറഫുദ്ദീന്‍ ശ്രദ്ധിക്കപ്പെടുന്നത്. ആ സിനിമയില്‍ ഗിരിരാജന്‍ കോഴി ആയിട്ടാണ് അദ്ദേഹം അഭിനയിക്കുന്നത്.

ശേഷം നിരവധി സിനിമകളില്‍ ഹാസ്യ നടനായി എത്തിയ ഷറഫുദ്ദീന്‍ പിന്നീട് നായകനായും വില്ലനായും എത്തിയിരുന്നു. തന്റെ പേരില്‍ സിംപ്ലിസിറ്റി ആരോപിക്കുന്നത് തനിക്ക് ഇഷ്ടമല്ലെന്ന് പറയുകയാണ് ഷറഫുദ്ദീന്‍.

എന്തിനെ വെച്ചാണ് ആളുകള്‍ ഒരാള്‍ സിംപിളാണെന്ന് പറയുന്നതെന്ന് തനിക്ക് മനസിലായിട്ടില്ലെന്നും ഒപ്പം വിജയ് സേതുപതി ഈയിടെ സിംപ്ലിസിറ്റിയെ കുറിച്ച് പറഞ്ഞത് തനിക്ക് ഒരുപാട് ഇഷ്ടമായെന്നും നടന്‍ പറഞ്ഞു. ധന്യ വര്‍മക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഷറഫുദ്ദീന്‍.

‘സിംപ്ലിസിറ്റി എന്റെ പേരില്‍ ആരോപിക്കുന്നത് എനിക്ക് ഇഷ്ടമല്ല. ഇത് എല്ലാവരും കോംപ്ലിമെന്റായിട്ടാകാം എടുക്കുന്നത്. പക്ഷെ എനിക്ക് ഈ അടുത്ത് വിജയ് സേതുപതി പറഞ്ഞ കാര്യം ഒരുപാട് ഇഷ്ടമായി.

അദ്ദേഹം വളരെ സിംപിള്‍ ആയിട്ടാണ് നടക്കുക എന്നാണ് ആളുകള്‍ പറയാറുള്ളത്. അന്ന് അദ്ദേഹം പറഞ്ഞത് അദ്ദേഹത്തിന്റെ ഷര്‍ട്ടിനൊക്കെ നല്ല വിലയുണ്ടെന്നാണ് (ചിരി). ആ ഉത്തരം എനിക്ക് അന്ന് ഒരുപാട് ഇഷ്ടമായിരുന്നു.

എനിക്ക് സത്യത്തില്‍ എന്താണ് സിംപ്ലിസിറ്റിയുടെ യഥാര്‍ത്ഥ അര്‍ത്ഥം അറിയില്ല. എനിക്ക് അത് മനസിലായിട്ടില്ല. എന്തിനെ വെച്ചാണ് നിങ്ങള്‍ ഒരാള്‍ സിംപിളാണെന്ന് പറയുന്നത് എന്ന് എനിക്ക് മനസിലായിട്ടില്ല.

എന്നെ സംബന്ധിച്ചിടത്തോളം കോംപ്ലിക്കേറ്റഡ് ആകാതിരിക്കലാണ് സിംപിള്‍. ഒരാള്‍ സിംപിള്‍ ആകുകയെന്ന് പറയുന്നത് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമാണ്. അത് മാത്രമാണ് എനിക്ക് അറിയുന്ന കാര്യം. ഒരു കാര്യം വളരെ സിംപിളായി പറയാനല്ലേ ബുദ്ധിമുട്ട്,’ ഷറഫുദ്ദീന്‍ പറയുന്നു.

Content Highlight: Sharafudheen Talks About Simplicity And Vijay Sethupathi