Advertisement
Entertainment
എന്താണ് കുഴപ്പമെന്ന് ചോദിച്ചു; ഒടുവില്‍ പ്രേമത്തിലെ എന്റെ സീനുകള്‍ ഞാന്‍ ഡിലീറ്റ് ചെയ്യിച്ചു: ഷറഫുദ്ദീന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Jan 31, 08:17 am
Friday, 31st January 2025, 1:47 pm

2015ല്‍ നിവിന്‍ പോളിയെ നായകനാക്കി അല്‍ഫോണ്‍സ് പുത്രന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ് പ്രേമം. സായ് പല്ലവി, അനുപമ പരമേശ്വരന്‍, മഡോണ സെബാസ്റ്റ്യന്‍ എന്നിവര്‍ നായികമാരായി എത്തിയ ചിത്രം ബോക്സ് ഓഫീസില്‍ വലിയ വിജയമായിരുന്നു.

ശബരീഷ് വര്‍മ, കൃഷ്ണ ശങ്കര്‍, സിജു വില്‍സണ്‍, വിനയ് ഫോര്‍ട്ട്, സൗബിന്‍ ഷാഹിര്‍ എന്നിവരും ഒന്നിച്ച സിനിമയില്‍ ഷറഫുദ്ദീനും ഒരു പ്രധാനവേഷത്തില്‍ എത്തിയിരുന്നു. ഗിരിരാജന്‍ കോഴിയെന്ന നടന്റെ കഥാപാത്രം ഏറെ ശ്രദ്ധനേടിയിരുന്നു.

താന്‍ സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രനെ കൊണ്ട് പ്രേമത്തിലെ തന്റെ സീനുകള്‍ ഡിലീറ്റ് ചെയ്യിപ്പിച്ചതിനെ കുറിച്ച് പറയുകയാണ് ഷറഫുദ്ദീന്‍. ധന്യ വര്‍മക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.

പ്രേമം ചെയ്യുന്ന സമയത്ത് എനിക്ക് ഒരു ബിസിനസ് ഉണ്ടായിരുന്നു. അതുകൊണ്ട് ഞാന്‍ എന്റെ ഓഫീസിലാകും. അപ്പോള്‍ എന്നെ അവിടുന്ന് മുഹസിന്‍ ഇടയ്ക്ക് വിളിക്കും. ‘നിന്റെ ഷോട്ട് ചിലപ്പോള്‍ ഉണ്ടാകുമെന്ന് പറയുന്നുണ്ട്. എവിടെയുണ്ട് നീ’ എന്ന് ചോദിക്കും.

ഓഫീസിലുണ്ടെന്ന് പറയുമ്പോള്‍ പെട്ടെന്ന് എന്നോട് ലൊക്കേഷനിലേക്ക് വരാന്‍ പറയും. അപ്പോള്‍ ഞാന്‍ ലാപ്‌ടോപ്പും അടച്ച് വെച്ചിട്ട് ഓഫീസില്‍ നിന്നും ലൊക്കേഷനിലേക്ക് ഇറങ്ങും. അന്ന് ഞാന്‍ മുഴുവന്‍ സമയമൊന്നും സെറ്റില്‍ ഉണ്ടാകില്ലായിരുന്നു.

എന്നാല്‍ വൈകുന്നേരം പാക്കപ്പ് പറയുമ്പോള്‍ അവിടെ ഉണ്ടാകുമായിരുന്നു. പിന്നെ ഞാന്‍ എഡിറ്റിങ്ങിന്റെ സമയത്ത് അല്‍ഫോണ്‍സിനോട് ഒരുപാട് തവണ റിക്വസ്റ്റ് ചെയ്ത ഒരു കാര്യം ഉണ്ടായിരുന്നു. അതിലെ എന്റെ ഒരു സീന്‍ കളയാന്‍ വേണ്ടിയാണ് പറഞ്ഞത്.

‘പ്ലീസ്, അത് കളയ്’ എന്ന് ഞാന്‍ അവന്‍ ഒരുപാട് തവണ പറഞ്ഞു. എന്റെ സീന്‍ ആയിട്ട് പോലും അത് വേണ്ടെന്ന് എനിക്ക് തോന്നുകയായിരുന്നു. അല്‍ഫോണ്‍സ് അതിനെ എതിര്‍ത്ത് എന്നോട് ഒരുപാട് സംസാരിച്ചിരുന്നു.

‘ആ സീനിന് എന്താണ് കുഴപ്പം’ എന്നതായിരുന്നു അവന്റെ ചോദ്യം. പക്ഷെ ഞാന്‍ അത് വേണ്ടെന്ന് പറഞ്ഞു. അങ്ങനെ അവസാനം എന്റെ ചില സീനുകള്‍ പ്രേമത്തില്‍ നിന്ന് കളഞ്ഞിട്ടുണ്ട്. എനിക്ക് അത് വേണ്ടായിരുന്നു. ഇപ്പോഴും ആ സീന്‍ വേണ്ടെന്ന് തന്നെയാണ്,’ ഷറഫുദ്ദീന്‍ പറഞ്ഞു.

Content Highlight: Sharafudheen Talks About Premam Movie