ഞാനും ഐശ്വര്യയും അടങ്ങുന്നവര്‍ അവരെ പോലെ സംസാരിച്ചാല്‍ ഈഗോയും പ്രശ്‌നങ്ങളും ആരംഭിക്കും: ഷറഫുദ്ദീന്‍
Entertainment
ഞാനും ഐശ്വര്യയും അടങ്ങുന്നവര്‍ അവരെ പോലെ സംസാരിച്ചാല്‍ ഈഗോയും പ്രശ്‌നങ്ങളും ആരംഭിക്കും: ഷറഫുദ്ദീന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 26th November 2024, 9:29 am

അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത നേരത്തിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന നടനാണ് ഷറഫുദ്ദീന്‍. പ്രേമത്തിലെ ഗിരിരാജന്‍ കോഴി എന്ന കഥാപാത്രം ഷറഫുദ്ദീനെ ജനപ്രിയനാക്കി. പിന്നീട് നായകനായും വില്ലനായും പ്രേക്ഷകരെ ഞെട്ടിക്കാന്‍ ഷറഫുദ്ദീന് സാധിച്ചു.

ഷറഫുദ്ദീന്‍ നായകനായ ഏറ്റവും പുതിയ ചിത്രമാണ് ഹലോ മമ്മി. ഹലോ മമ്മിയില്‍ നായികയായി എത്തിയത് ഐശ്വര്യ ലക്ഷ്മിയാണ്. ഇരുവരെയും കൂടാതെ ജഗദീഷ്, ജോണി ആന്റണി, അജു വര്‍ഗീസ് തുടങ്ങിയ വന്‍ താരനിരതന്നെ അണിനിരന്നിരുന്നു. ചിത്രത്തില്‍ അഭിനയിച്ച ജോണി ആന്റണിയുടെയും ജഗദീഷിന്റേയും സൗഹൃദത്തെ കുറിച്ച് സംസാരിക്കുകയാണ് വണ്‍ 2 ടോക്കിന് നല്‍കിയ അഭിമുഖത്തില്‍ ഷറഫുദ്ദീന്‍.

അവരെപ്പോലെ ജോളിയായി സംസാരിക്കാന്‍ ആ ജനറേഷനില്‍ ഉള്ളവര്‍ക്ക് മാത്രമേ കഴിയുകയുള്ളുവെന്ന് ഷറഫുദ്ദീന്‍ പറയുന്നു. താനും ഐശ്വര്യയും ഉള്‍പ്പെടുന്ന ഇപ്പോഴത്തെ ജനറേഷന്‍ അവരെപ്പോലെ സംസാരിച്ചാല്‍ അവിടെ ഈഗോയും പ്രശ്‌നങ്ങളും തുടങ്ങുമെന്നും പിന്നെ ഒന്നിച്ച് സിനിമയേ ചെയ്യാത്ത അവസ്ഥയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അവരുടെ സൗഹൃദം ആ ജനറേഷന്റെ ക്വാളിറ്റിയാണെന്നും അവരെപ്പോലെ ഇപ്പോഴത്തെ ജനറേഷന്‍ സംസാരിക്കാന്‍ തുടങ്ങിയാല്‍ ഒന്ന് പോയേടെ എന്ന് പറഞ്ഞ് പോകുമെന്നും ഷറഫുദ്ദീന്‍ പറഞ്ഞു.

‘ഇതുപോലെ ജോളിയായി സംസാരിക്കാന്‍ ആ ജനറേഷന് മാത്രമേ കഴിയു. ഞാനോ ഐശ്വര്യയോ ഉള്ള ഈ ജനറേഷന്‍ അവരെപ്പോലെ ഇരുന്ന് സംസാരിച്ചാല്‍ അവിടുത്തെ ഈഗോയും പ്രശ്‌നങ്ങളുമെല്ലാം ആരംഭിക്കും. പിന്നെ രണ്ട് മാസം സംസാരിക്കില്ല, പിണക്കമാകും, സിനിമയേ കൂടെ ചെയ്യില്ല. അങ്ങനെ ഉള്ള അവസ്ഥയാകും.

അവരുടെ ആ സൗഹൃദമുണ്ടല്ലോ അത് അവരുടെ ജനറേഷന് മാത്രമുള്ള ക്വാളിറ്റിയാണ്. ജോണി ചേട്ടനും ജഗദീഷേട്ടനുമെല്ലാം അങ്ങോട്ടും ഇങ്ങോട്ടും എല്ലാം ഇരുന്ന് കളിയാക്കാം, സംസാരിക്കാം. അവരെ പോലെ ഞങ്ങള്‍ തുടങ്ങി കഴിഞ്ഞാല്‍ ഒന്ന് പോയെടാ എന്ന് പറഞ്ഞ് എഴുന്നേറ്റ് പോകും. അവര്‍ ഇറങ്ങി പോകും. അങ്ങനത്തെ നല്ലൊരു സൗഹൃദമൊന്നും ഇപ്പോള്‍ ഇല്ല,’ ഷറഫുദ്ദീന്‍ പറയുന്നു.

Content Highlight: Sharafudheen Talks About Friendship Of Jagadish And Johny Antony