കൂട്ടുകാരുമൊത്ത് ആഗ്രഹിച്ചു പ്ലാൻ ചെയ്ത ഒരു ഷോർട്ട് ഫിലിമിനെ കുറിച്ച് സംസാരിക്കുകയാണ് നടൻ ഷറഫുദ്ദീൻ .
കൂട്ടുകാരുമൊത്ത് സിനിമകളെക്കുറിച്ച് സ്ഥിരമായി ചർച്ച ചെയ്യാറുണ്ടെന്നും അന്ന് അൽഫോൺസ് ചെന്നൈയിൽ ആയിരുന്നു എന്നുമാണ് താരം പറയുന്നത്.
ഷോർട്ട് ഫിലിമിനായി ചെയ്ത ഒരു കഥ അൽഫോൺസിന് ഇഷ്ടമാവുകയും അതൊരു വലിയ പ്രോജക്ടായി ചെയ്യുന്നതാണ് നല്ലതെന്ന് അൽഫോൺസ് പറഞ്ഞതിന്റെ ഭാഗമായി അതുവരെ നായകനായി കരുതിയിരുന്ന തനിക്ക് പകരം നിവിൻ പോളിയും സിജു വിൽസണും ആ വേഷത്തിലേക്ക് വന്നെന്നും ഷറഫുദ്ദീൻ പറയുന്നു. മൈൽസ്റ്റോൺ മേക്കേഴ്സിനോട് സംസാരിക്കുകയായിരുന്നു താരം.
‘ഞാനും കൂട്ടുകാരും ചേർന്ന് ഒരു ഷോർട്ട് ഫിലിം ചെയ്യാൻ ആദ്യം പ്ലാൻ ഇട്ടിരുന്നു. അന്ന് അൽഫോൺസ് ചെന്നൈയിൽ ആയിരുന്നു. കിച്ചുവാണ് (കൃഷ്ണ ശങ്കർ) ക്യാമറ ചെയ്യുന്നത്. സിജുവും നിവിനും ഒന്നും അന്ന് ഞങ്ങളുടെ അടുത്തേക്ക് എത്തിയിട്ടില്ല. അൽഫോൺസ് അന്ന് ചെന്നൈയിൽ നിർമാതാക്കളെ നോക്കി നടക്കുകയായിരുന്നു.
അൽഫോൺസ് ചെന്നൈയിൽ ആയിരുന്നെങ്കിലും ഞങ്ങൾ ഇവിടെ സിനിമകളെ കുറിച്ച് ഒരുപാട് ചർച്ച ചെയ്യാറുണ്ടായിരുന്നു. അങ്ങനെ ഞങ്ങൾ തീരുമാനിച്ച ആ ഷോർട്ട് ഫിലിം സംവിധാനം ചെയ്യാൻ തീരുമാനിച്ചത് എന്റെ സുഹൃത്ത് മുഹ്സിനും ക്യാമറ കിച്ചുവും ആയിരുന്നു. സ്വാഭാവികമായും ഞാൻ നായകൻ ആയിരിക്കുമല്ലോ.
2008 ൽ ആണെന്ന് തോന്നുന്നു ആ പ്രൊജക്റ്റ് ഞങ്ങൾ പ്ലാൻ ചെയ്തത്. അഭിനയം എന്ന് പറയുന്നത് ആദ്യമേ ഉണ്ടായിരുന്നു. പക്ഷെ ഞാൻ അങ്ങനെ സീരിയസായി കണ്ടിരുന്നില്ല.
ഒരു ദിവസം അൽഫോൺസ് എന്നോട് വളരെ വ്യക്തമായിട്ട് ഒരു കാര്യം പറഞ്ഞിരുന്നു, നീ ചാൻസ് ചോദിക്കില്ല. നിന്റെ ക്യാരക്ടറിൽ അത് ഉള്ളതാണ്. പക്ഷെ നീ നന്നായിട്ട് ചോദിക്കണം, നന്നായിട്ട് ശ്രമിക്കണം. എന്നാൽ മാത്രമേ ചാൻസ് കിട്ടുള്ളുവെന്ന്. പിന്നീട് ഞാൻ ഒരുപാട് അവസരമൊക്കെ ചോദിച്ച് പോയിരുന്നു.
അങ്ങനെ ഞങ്ങൾ ആ ഷോർട്ട് ഫിലിം ചെയ്യാൻ പ്ലാൻ ചെയ്തു. പിന്നീട് അൽഫോൺസ് തിരിച്ച് നാട്ടിൽ വന്നപ്പോൾ മുഹസിൻ കഥ പറഞ്ഞു. അവന് അത് നന്നായി ഇഷ്ടപ്പെട്ടു. പിന്നീട് അത് കുറച്ചുകൂടെ വലിയ പ്രൊജക്റ്റിലേക്ക് മാറാൻ തുടങ്ങി. അതിൽ അഭിനയിക്കാനാണ് ശരിക്കും നിവിനും സിജുവും വരുന്നത്.
അത് വരെ ഞാൻ ആയിരുന്നു നായകൻ പക്ഷെ അപ്പോൾ എന്റെ റോൾ ചെറുതായി. പക്ഷെ ഓരോ കാരണം കൊണ്ട് ആ ഷോർട്ട് ഫിലിം നടന്നില്ല. പക്ഷെ അത് നടക്കാതെ പോയതിൽ എനിക്ക് വിഷമമൊന്നുമില്ല. കാരണം അത് കുറച്ചൂടെ വലിയ പ്രൊജക്റ്റായിട്ടാണ് ചെയ്യേണ്ടത്.
നിവിൻ വന്ന ദിവസം അൽഫോൺസ് എന്നോട് എങ്ങനെയുണ്ടെന്ന് ചോദിച്ചിരുന്നു. ഞാൻ കൊള്ളാമെന്ന് പറഞ്ഞു. പക്ഷെ നായകൻ വേഷം നഷ്ടമായപ്പോൾ വില്ലൻ വേഷമെങ്കിലും എനിക്ക് കിട്ടുമെന്ന് കരുതിയിരുന്നു. പക്ഷെ അത് സിജുവിനാണ് കിട്ടിയത്( ചിരിക്കുന്നു),’ ഷറഫുദ്ദീൻ പറയുന്നു.
Content Highlight: Sharafudheen Talk About Nivin Pauly And Siju Wilson