Entertainment
നിവിൻ എങ്ങനെയുണ്ടെന്ന് അന്ന് അൽഫോൺസ് എന്നോട് ചോദിച്ചു, അവനും സിജുവും അന്ന് ഓഡീഷന് പോവുമായിരുന്നു: ഷറഫുദ്ദീൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Nov 18, 10:31 am
Saturday, 18th November 2023, 4:01 pm

മലയാളികളുടെ പ്രിയ താരമാണ് ഷറഫുദ്ദീൻ. ഹാസ്യ താരത്തിൽ നിന്ന് ഉയർന്ന് നായക നടനായി തിളങ്ങി നിൽകുമ്പോൾ ഷറഫുദ്ദീനും കൂട്ടുക്കാരും പണ്ട് തീരുമാനിച്ചിരുന്ന ഒരു ഷോർട്ട് ഫിലിമിനെ കുറിച്ച് സംസാരിക്കുകയാണ് താരം.

ചിത്രത്തിന്റെ കഥയിൽ അൽഫോൺസ് ഇടപെട്ടപ്പോൾ അതൊരു വലിയ പ്രൊജക്റ്റായി ചെയ്യുമെന്നും അങ്ങനെയാണ് നിവിൻ പോളിയും സിജു വിൽസണും തങ്ങൾക്കിടയിലേക്ക് വരുന്നതെന്നും ഷറഫുദ്ദീൻ പറയുന്നു. മൈൽസ്റ്റോൺ മേക്കേഴ്സിനോടാണ് തന്റെ രസകരമായ അനുഭവം താരം പങ്കുവച്ചത്.

‘അന്ന് അൽഫോൺസ് ഇടപെട്ടതോടെ പിന്നീട് അത് കുറച്ചുകൂടെ വലിയ പ്രൊജക്റ്റായി മാറി. ആ പ്രോജക്ടിലേക്കാണ് നിവിനും സിജുവും ആദ്യമായി വരുന്നത്. അതോടെ അത് വരെ നായകൻ ആയിരുന്ന ഞാൻ ഒന്നുമല്ലാതെ ആയി. പിന്നീട് പല കാരണം കൊണ്ട് ആ ഷോർട്ട് ഫിലിം നടക്കാതെ പോയി.

നിവിൻ ആദ്യമായി വന്ന ദിവസം അൽഫോൺസ് എന്നോട് നിവിൻ എങ്ങനെയുണ്ടെന്ന് ചോദിച്ചിരുന്നു. ഞാൻ കൊള്ളാമെന്ന് പറഞ്ഞു. പക്ഷെ നായകൻ വേഷം നഷ്ടമായപ്പോൾ വില്ലൻ വേഷമെങ്കിലും എനിക്ക് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷെ ആ വേഷം കിട്ടിയത് സിജുവിന് ആയിരുന്നു( ചിരി).

സിജു ആദ്യമായി വരുമ്പോൾ അവന്റെ നെറ്റിയിൽ ഒരു പൊട്ടിയ പാടൊക്കെയുണ്ട്. അവൻ അതിൽ ഒരു സ്റ്റിക്കർ ഒട്ടിച്ചാണ് വന്നത്. അന്ന് സിജു നല്ല മുടി നീട്ടിയ സമയമായിരുന്നു. അവൻ ആ വില്ലൻ വേഷത്തിന് ഓക്കേ ആയിരുന്നു. സിജുവും നിവിനും അന്ന് ഓഡീഷനെല്ലാം പോവുന്നുണ്ടായിരുന്നു.

പിന്നെ അൽഫോൺസ് ഒരു ദിവസം എന്നോട് പറഞ്ഞു, ഡാ അവന്മാർ ഇതിന് വേണ്ടി നടക്കുന്ന ആളുകളാണ്. പ്രത്യേകിച്ച് സിജു, അവൻ അഭിനയിക്കാനായി ഒരുപാട് ശ്രമിക്കുന്നുണ്ടായിരുന്നു. നിവിനും അങ്ങനെയായിരുന്നു,’ ഷറഫുദ്ദീൻ പറയുന്നു.

Content Highlight: Sharafudheen Talk About Nivin Pauly, Alphons Puthran, Siju Wilson