| Tuesday, 14th November 2023, 5:38 pm

അന്ന് അൽഫോൺസ് പറഞ്ഞത് അങ്ങനെയായിരുന്നു, അതിന് ശേഷമാണ് വലിയ മാറ്റങ്ങൾ വരാൻ തുടങ്ങിയത്: ഷറഫുദ്ദീൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികളുടെ ഇഷ്ട നടനാണ് ഷറഫുദ്ദീൻ. ഹാസ്യതാരമായി മലയാള സിനിമയിലേക്ക് കടന്നുവന്ന് പിന്നീട് ഏതുതരം വേഷങ്ങളും തനിക്ക് ചെയ്യാൻ കഴിയുമെന്ന് തെളിയിച്ച നടനാണ് ഷറഫുദ്ദീൻ.

ചുരുങ്ങിയ കാലം കൊണ്ടാണ് തന്നിലെ നടനെ ഉപയോഗിക്കുന്ന രീതിയിലേക്ക് താരം വളർന്നത്. പ്രേമത്തിലെ ഗിരിരാജൻ കോഴി എന്ന കഥാപാത്രത്തിലൂടെയാണ് മലയാളികൾക്ക് ഷറഫുദ്ദീൻ സുപരിചിതനാവുന്നത്. അൽഫോൺസ് പുത്രനായിരുന്നു പ്രേമത്തിന്റെ സംവിധായകൻ.

സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയതിന് ശേഷം സുഹൃത്ത് കൂടിയായ അൽഫോൺസ് തനിക്ക് നൽകിയ നിർദ്ദേശത്തെക്കുറിച്ച് പറയുകയാണ് താരം.

കരിയറിൽ എത്തിച്ചേർന്ന പൊസിഷനിൽ തിളങ്ങിനിൽക്കാൻ കഴിയണമെന്നും നിന്റെതായ ഒരു സ്ഥാനം സിനിമയിൽ അടയാളപ്പെടുത്തണമെന്നുമായിരുന്നു അൽഫോൻസ് തന്നോട് പറഞ്ഞത് എന്നാണ് ഷറഫുദ്ദീൻ പറയുന്നത്. മൈൽസ്റ്റോൺ മേക്കേഴ്സ്നോട് സംസാരിക്കുകയായിരുന്നു താരം.

‘എന്റെ ജീവിതത്തിന്റെ ഒരു രീതിയുണ്ട്. 2016 വരെ വർക്കിംഗ് ക്ലാസ് എന്നൊരു കാറ്റഗറിയിലായിരുന്നു ഞാൻ പോയിക്കൊണ്ടിരുന്നത്. ആ സമയത്തൊക്കെ ഞാൻ പലരീതിയിൽ ജോലി ചെയ്യുന്നുണ്ടായിരുന്നു.

പ്രേമം അഭിനയിക്കാൻ ഞാൻ പോകുമ്പോഴും ഞാൻ ഓഫീസിൽനിന്ന് എന്റെ ലാപ്ടോപ്പ് ഒക്കെ മടക്കി വച്ച് ഷോട്ടിനു പോയി അഭിനയിച്ച് തിരിച്ചു വരുമായിരുന്നു. ഞാൻ അങ്ങനെ വർക്ക് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. അതുകൊണ്ട് തന്നെ പ്രേമം ഇത്ര ഹിറ്റ് ആയില്ലായിരുന്നുവെങ്കിലും എനിക്ക് അത്ര കുഴപ്പമില്ലായിരുന്നു.

കാരണം അടുത്ത ഒരു അൽഫോൺസ് പുത്രന്റെ പടമോ ജൂഡ് ആന്തണിയുടെ പടമോ എനിക്ക് കിട്ടുമെന്ന് ഉറപ്പായിരുന്നു. പ്രേമത്തിന് മുൻപാണെങ്കിലും ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന അൽത്താഫിന്റെ ചിത്രം മാത്രമാണ് എനിക്ക് ലോക്കായിട്ടുണ്ടായിരുന്നത്. അല്ലാതെ വേറേ സിനിമ ഒന്നും ഉണ്ടായിരുന്നില്ല. പക്ഷെ അങ്ങനെയാണ് പോകുന്നതങ്കിലും ഞാൻ ഹാപ്പി ആയിരുന്നു.

പിന്നെ പ്രേമം കഴിഞ്ഞപ്പോൾ അൽഫോൺസ് എന്നോട് പറഞ്ഞു, നിനക്ക് നല്ലൊരു അവസരമാണ് വന്നിരിക്കുന്നത്, നീ നല്ലൊരു സ്പേസിലേക്ക് വന്നിട്ടുണ്ട്. ഇനി ഇതിന്റെ താഴേക്ക് പോവാതെ മാക്സിമം ഇവിടെ നിൽക്കണം. നീ ഇവിടെ എത്തിയതിന്റെ ഒരു സാധനം ഇവിടെ അടയാളപ്പെടുത്തണം. ഭാവിയിൽ നിന്നെ കുറിച്ച് ഓർക്കുമ്പോൾ എനിക്കും അഭിമാനം തോന്നണം എന്നായിരുന്നു.

അത് കേട്ടപ്പോൾ എനിക്കും തോന്നി, ശരിയാണ്. കാരണം ഭയങ്കരമായി ഒരുപാട് പേര് ആഗ്രഹിക്കുന്ന ഒരു സ്പേസിലാണ് ഞാൻ എത്തിയത്. അതിന് വേണ്ടി ഞാൻ ശ്രമിക്കണം. വർക്ക്‌ ചെയ്യണം. അങ്ങനെയാണ് എന്റെ സിനിമകളിൽ വലിയ മാറ്റങ്ങൾ വരാൻ തുടങ്ങിയത്,’ ഷറഫുദ്ദീൻ പറയുന്നു.

Content Highlight: Sharafudheen Talk About Advice of Alphonse Puthran

We use cookies to give you the best possible experience. Learn more