അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത നേരത്തിലൂടെ സിനിമയിലേക്കെത്തിയ താരമാണ് ഷറഫുദ്ദീന്‍. പ്രേമത്തിലെ ഗിരിരാജന്‍ കോഴി എന്ന കഥാപാത്രത്തിലൂടെയാണ് താരം പ്രേക്ഷകര്‍ക്ക് സുപരിചിതനായത്. ആദ്യ കാലങ്ങളില്‍ കോമഡി വേഷത്തില്‍ മാത്രം ഒതുങ്ങി നിന്ന താരം അമല്‍ നീരദ് സംവിധാനം ചെയ്ത വരത്തനിലൂടെ ട്രാക്ക് മാറ്റിപ്പിടിച്ചു. ചിത്രത്തിലെ വില്ലനായ ജോസി എന്ന കഥാപാത്രം ഒരുപാട് ശ്രദ്ധിക്കപ്പെട്ടു. പിന്നീട് നായകനായും സഹനടനായും മികച്ച സിനിമകളുടെ ഭാഗമായി മാറി.
അമല്‍ നീരദിനോടൊപ്പം വീണ്ടും ഒന്നിക്കുന്ന ബോഗന്‍ വില്ലയുടെ ഷൂട്ടിനിടെ നടന്ന അനുഭവം പങ്കുവെക്കുകയാണ് താരം. ഫഹദുമായുള്ള സീനില്‍ ആദ്യ ടേക്ക് തനിക്ക് ഓക്കെയായി തോന്നിയെന്നും എന്നാല്‍ അമല്‍ നീരദ് വീണ്ടും പോകാമെന്ന് പറഞ്ഞെന്നും ഷറഫുദ്ദീന്‍ പറഞ്ഞു. നാലാമത്തെ ടേക്കാണ് അമല്‍ നീരദിന് ഇഷ്ടമായതെന്നും എന്നാല്‍ ആദ്യ ടേക്ക് മതിയെന്ന് അദ്ദേഹത്തോട് പറയാന്‍ തനിക്ക് മടിയായിരുന്നെന്നും താരം പറഞ്ഞു.
ഒടുവില്‍ ഫഹദ് എല്ലാ ടേക്കും കണ്ടതിന് ശേഷം ആദ്യത്തെ ടേക്ക് മതിയെന്ന് അമല്‍ നീരദിനോട് പറഞ്ഞെന്നും അമല്‍ എല്ലാ ഷോട്ടും കണ്ടിട്ട് ഫസ്റ്റ് ടേക്ക് മതിയെന്ന് തീരുമാനിച്ചെന്നും ഷറഫുദ്ദീന്‍ കൂട്ടിച്ചേര്‍ത്തു. പുതിയ ചിത്രമായ ലെവല്‍ ക്രോസിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തിലാണ് ഷറഫുദ്ദീന്‍ ഇക്കാര്യം പറഞ്ഞത്.
‘ചില സീന്‍ എടുക്കുമ്പോള്‍ ഫസ്റ്റ് ടേക്ക് നമുക്ക് ഓക്കെയായി തോന്നും. പക്ഷേ ഡയറക്ടര്‍ക്ക് ചിലപ്പോള്‍ അങ്ങനെ തോന്നാറില്ല. ബോഗന്‍വില്ലയുടെ ഷൂട്ടിന്റെ ഇടക്ക് അതുപോലെ ഒരു സംഭവമുണ്ടായി. ഫഹദുമായിട്ടുള്ള കോമ്പിനേഷന്‍ സീന്‍ ഷൂട്ട് ചെയ്യുമ്പോഴായിരുന്നു സംഭവം. ഒരു ഷോട്ട് എടുത്തപ്പോള്‍ ആ ടേക്ക് എനിക്ക് ഓക്കെയായി തോന്നി. പക്ഷേ അമലേട്ടന്‍ ഒന്നുകൂടി പോവാമെന്ന് പറഞ്ഞു.
മൂന്നാമത്തെയും നാലാമത്തെയും ടേക്ക് കഴിഞ്ഞപ്പോള്‍ ഓക്കെയാണെന്ന് അമലേട്ടന്‍ പറഞ്ഞു. പക്ഷേ എന്റെ മനസില്‍ ഫസ്റ്റ് ടേക്കാണ് അടിപൊളിയായി തോന്നിയത്. ആ സമയത്ത് ഫഹദ് മോണിറ്ററിന്റെയടുത്ത് ചെന്നിട്ട് എല്ലാ ടേക്കും കണ്ടു. ഫഹദിനും ഫസ്റ്റ് ടേക്കാണ് ഓക്കെയായി തോന്നിയത്. പുള്ളി ആ കാര്യം അമലേട്ടനെ പറഞ്ഞ് മനസിലാക്കി. അമലേട്ടനും ആ സമയത്ത് ഫസ്റ്റ് ടേക്ക് ഓക്കെയായി തോന്നി. ചില ഡയറക്ടേഴ്‌സുമായി നമ്മള്‍ കമ്മ്യൂണിക്കേറ്റ് ചെയ്യുന്ന രീതി പോലെയാണത്. എല്ലാവരോടും എല്ലാം തുറന്നു പറയാന്‍ പറ്റില്ല,’ ഷറഫുദ്ദീന്‍ പറഞ്ഞു.
Content Highlight: Sharafudheen shares the shooting experience with Amal Neerad in Bougainvillea movie