| Friday, 22nd November 2024, 4:25 pm

ബോളിവുഡിലുള്ളവര്‍ പൊക്കിയടിക്കുന്ന ഭൂല്‍ ഭുലയ്യ നമ്മുടെയാണെന്ന് അവര്‍ സമ്മതിക്കാത്ത കാലത്താണ് നമ്മള്‍ ജീവിക്കുന്നത്: ഷറഫുദ്ദീന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത നേരത്തിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന നടനാണ് ഷറഫുദ്ദീന്‍. പ്രേമത്തിലെ ഗിരിരാജന്‍ കോഴി എന്ന കഥാപാത്രം ഷറഫുദ്ദീനെ ജനപ്രിയനാക്കി. പിന്നീട് നായകനായും വില്ലനായും പ്രേക്ഷകരെ ഞെട്ടിക്കാന്‍ ഷറഫുദ്ദീന് സാധിച്ചു. സ്വര്‍ഗവാസല്‍ എന്ന ചിത്രത്തിലൂടെ തമിഴിലും ഷറഫുദ്ദീന്‍ തന്റെ സാന്നിധ്യമറിയിക്കുകയാണ്.

ഏറ്റവും പുതിയ ചിത്രമായ ഹലോ മമ്മിയിലെ കഥാപാത്രത്തിന് ബോളിവുഡ് താരം റിതേഷ് ദേശ്മുഖിന്റെ ഷെയ്ഡ് ഉണ്ടെന്ന കമന്റിനോട് പ്രതികരിക്കുകയാണ് ഷറഫുദ്ദീന്‍. തനിക്ക് ഒരുപാട് ഇഷ്ടമുള്ള നടനാണ് റിതേഷെന്നും സിനിമ സെലക്ട് ചെയ്യുന്നതില്‍ വളരെയധികം ശ്രദ്ധിക്കുന്ന നടനാണ് അദ്ദേഹമെന്നും കോമഡി ടൈമിങ്ങിന്റെ കാര്യത്തില്‍ മറ്റ് നടന്മാരെക്കാള്‍ മുന്നിലാണെന്നും ഷറഫുദ്ദീന്‍ പറഞ്ഞു.

ബോളിവുഡ് ടച്ച് ഉണ്ടെന്ന് പറയുമ്പോള്‍ മലയാളസിനിമകളുടെ ഐഡിയകള്‍ക്ക് ഉള്ള ഒറിജിനാലിറ്റി ബോളിവുഡിനില്ലെന്നും ഷറഫുദ്ദീന്‍ കൂട്ടിച്ചേര്‍ത്തു. ബോളിവുഡിലുള്ളവര്‍ വലിയ സംഭവമായി പൊക്കിയടിക്കുന്ന ഭൂല്‍ ഭുലയ്യ പോലും മലയാളത്തില്‍ നിന്ന് കൊണ്ടുപോയതാണെന്ന് അവര്‍ സമ്മിതിക്കാത്ത കാലത്താണ് നമ്മള്‍ ജീവിക്കുന്നതെന്ന് ഷറഫുദ്ദീന്‍ പറഞ്ഞു. ഹലോ മമ്മിയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്മീറ്റിലാണ് ഷറഫുദ്ദീന്‍ ഇക്കാര്യം പറഞ്ഞത്.

‘റിതേഷ് ദേശ്മുഖ് എനിക്ക് ഒരുപാട് ഇഷ്ടമുള്ള നടനാണ്. വളരെ കുറച്ച് സിനിമകള്‍ മാത്രമേ അദ്ദേഹം ചെയ്തിട്ടുള്ളൂ. പക്ഷേ എല്ലാ സിനിമയിലും മികച്ച പെര്‍ഫോമന്‍സാണ് അദ്ദേഹം കാഴ്ചവെച്ചത്. സ്‌ക്രിപ്റ്റുകളെല്ലാം വളരെ ശ്രദ്ധയോടെ മാത്രമേ തെരഞ്ഞെടുക്കാറുള്ളൂ. കോമഡി ടൈമിങ്ങിന്റെ കാര്യത്തിലായാലും മറ്റുള്ള നടന്മാരെക്കാള്‍ കുറച്ചധികം മുന്നിലാണ് അദ്ദേഹം.

പിന്നെ ബോളിവുഡ് ടച്ച് ഉണ്ടെന്നൊക്കെ പറയുമ്പോള്‍ മലയാളത്തില്‍ നിന്ന് വരുന്ന ഐഡിയകളുടെ അത്ര ഒറിജിനാലിറ്റി ഈ പറയുന്ന ബോളിവുഡിനില്ല. ഇവിടുന്ന് കൊണ്ടുപോയ പല റീമേക്കുകളാണ് അവിടുത്തെ വലിയ ഹിറ്റുകള്‍. ഇപ്പോഴും ബോളിവുഡിലുള്ളവര്‍ പൊക്കിയടിക്കുന്ന ഭൂല്‍ ഭുലയ്യ നമ്മുടെ പടമാണെന്ന് അവരൊന്നും സമ്മതിക്കാത്ത കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. അതുംകൂടി നമ്മള്‍ മനസിലാക്കണം,’ ഷറഫുദ്ദീന്‍ പറയുന്നു.

Content Highlight: Sharafudheen says that Bollywood has less original ideas than Malayalam industry

We use cookies to give you the best possible experience. Learn more