മലയാള സിനിമയുടെ നിലവാരം ഉയര്‍ന്നു, എന്നാല്‍ നര്‍മത്തിന്റെ തനിമ നഷ്ടപ്പെട്ടു: ഷറഫുദ്ദീന്‍
Entertainment
മലയാള സിനിമയുടെ നിലവാരം ഉയര്‍ന്നു, എന്നാല്‍ നര്‍മത്തിന്റെ തനിമ നഷ്ടപ്പെട്ടു: ഷറഫുദ്ദീന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 24th November 2024, 8:55 am

അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത നേരത്തിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന നടനാണ് ഷറഫുദ്ദീന്‍. പ്രേമത്തിലെ ഗിരിരാജന്‍ കോഴി എന്ന കഥാപാത്രം ഷറഫുദ്ദീനെ ജനപ്രിയനാക്കി. പിന്നീട് നായകനായും വില്ലനായും പ്രേക്ഷകരെ ഞെട്ടിക്കാന്‍ ഷറഫുദ്ദീന് സാധിച്ചു. ഷറഫുദ്ദീന്‍ നായകനായ ഏറ്റവും പുതിയ ചിത്രമാണ് ഹലോ മമ്മി.

പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍ എന്ന സിനിമ പോലുള്ള അവതരണമാണ് ഹലോ മമ്മിയുടേതെന്ന് ഷറഫുദ്ദീന്‍ പറയുന്നു. ഒരുകാലത്ത് നര്‍മം കൊണ്ട് സമ്പന്നമായിരുന്നു മലയാള സിനിമയെന്നും എന്നാല്‍ റിയലിസ്റ്റിക്കായ, ഗൗരവമുള്ള സിനിമകളിലേക്ക് ശ്രദ്ധപോയപ്പോള്‍ നര്‍മത്തിന്റെ തനിമ നഷ്ടപ്പെട്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഷറഫുദ്ദീന്‍.

‘ഹലോ മമ്മിയെ ഹൊറര്‍ കോമഡി എന്ന് വിളിക്കുന്നതിനേക്കാള്‍ ഫാന്റസി കോമഡി എന്ന വാക്കായിരിക്കും ചേരുന്നത്. ഹൊററിന്റെ ചേരുവകളല്ല സിനിമയില്‍ ഉപയോഗിച്ചിരിക്കുന്നത്. പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍ എന്ന സിനിമ ഓര്‍ക്കുന്നില്ലേ… അതില്‍ നമ്മള്‍ ഹൊറര്‍ അല്ലല്ലോ കാണുന്നത്. അതുപോലെയൊരു അവതരണമാണ് ഈ സിനിമയ്ക്ക്.

ഒരുകാലത്ത് സ്വതസിദ്ധമായ നര്‍മം കൊണ്ട് സമ്പന്നമായിരുന്നു മലയാളസിനിമ. ഇടയ്‌ക്കെപ്പോഴോ നമ്മുടെ മുഖ്യശ്രദ്ധ റിയലിസ്റ്റിക്കായ, ഗൗരവമുള്ള വിഷയങ്ങളിലേക്ക് മാറി. അതുകൊണ്ട് മലയാള സിനിമ കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നുണ്ട്. നമ്മുടെ സിനിമയുടെ നിലവാരവും ഉയര്‍ന്നു. പക്ഷേ, നര്‍മത്തിന്റെ ആ തനിമ നഷ്ടപ്പെട്ടുപോയി.

ഹലോ മമ്മി പ്രേക്ഷകനെ ചിരിപ്പിക്കാനും സന്തോഷിപ്പിക്കാനുമാണ് ശ്രമിക്കുന്നത്. ഇപ്പോള്‍ മലയാളത്തിലിറങ്ങുന്ന മറ്റ് സിനിമകളില്‍നിന്ന് ഹലോ മമ്മിയെ വ്യത്യസ്തമാക്കുന്നതും അതുതന്നെയാണ്. ഒറ്റത്തവണ കഥ കേട്ടപ്പോള്‍തന്നെ എന്നെക്കൊണ്ട് ഓക്കെ പറയിച്ചതും പ്രമേയത്തിലെ ഈ വ്യത്യസ്തതയാണ്,’ ഷറഫുദ്ദീന്‍ പറയുന്നു.

വരാന്‍ പോകുന്ന പ്രൊജക്ടുകളെ കുറിച്ചും താരം സംസാരിച്ചു.

‘രാജേഷ് രവി എന്ന പുതിയ സംവിധായകനൊപ്പം ഒരു സിനിമ ചെയ്യുന്നുണ്ട്. സിനിമയുടെ പേര് തീരുമാനിച്ചിട്ടില്ല. എന്റെ പ്രൊഡക്ഷന്‍ ഒരുക്കിയ പെറ്റ് ഡിറ്റക്ടീവ് എന്ന സിനിമയും വരാനിരിക്കുന്നു. ഫ്രൈഡേ ഫിലിംസിന്റെ പടക്കളം എന്ന സിനിമയുടെ ഷൂട്ട് നടക്കുന്നു. നിവിന്‍ പോളി-നയന്‍ താര ചിത്രമായ ഡിയര്‍ സ്റ്റുഡന്റ് എന്ന സിനിമയിലും അഭിനയിക്കുന്നുണ്ട്.

ആര്‍.ജെ. ബാലാജി മുഖ്യകഥാപാത്രമാകുന്ന സ്വര്‍ഗവാസല്‍ എന്ന തമിഴ് സിനിമ ഈ 29ന് റിലീസ് ചെയ്യും. ഈ സിനിമകളെല്ലാം ഏറെക്കുറെ വര്‍ക്ക് പൂര്‍ത്തിയായിക്കഴിഞ്ഞു. ഒരു ഹോളിഡേ മോഹം മനസ്സിലുണ്ട്. നടക്കുമോ എന്നറിയില്ല,’ഷറഫുദീന്‍ പറയുന്നു.

Content Highlight: Sharafudheen Says Malayalam Cinema Lost It’s uniqueness of humor