തന്റെ കഥാപാത്രം വിജയിച്ചിട്ടും സിനിമ പരാജയപ്പെട്ടാൽ അത് തന്റെ തോൽവി ആയിരിക്കുമെന്ന് നടൻ ഷറഫുദ്ദീന്‍. നടൻ ജഗതിയൊന്നും അദ്ദേഹം അഭിനയിച്ച സിനിമകൾ മുഴുവൻ കണ്ടിട്ടില്ലെന്നും എന്നാൽ താൻ തന്റെ സിനിമകളെ വളരെ വ്യക്തിപരമായി സമീപിക്കുമെന്നും അതൊക്കെ തന്റെ സ്വന്തമാണെന്നും ഷറഫുദ്ദീന്‍ പറഞ്ഞു. ഫിലിം ബീറ്റിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘അമ്പിളി ചേട്ടനൊക്കെ ധാരാളം സിനിമകൾ അഭിനയിക്കുന്നുണ്ട്. ഏതൊക്കെ സിനിമകളാണ് റിലീസ് ആകുന്നതെന്നും ഏതൊക്കെ സിനിമകളിൽ അഭിനയിച്ചെന്നും അദ്ദേഹത്തിന് ഒരു ഓർമയും ഉണ്ടാകില്ല. അഭിനയിച്ചതിൽ ഏതൊക്കെ സിനിമകൾ കണ്ടു എന്നുള്ളതും ചിന്തിക്കേണ്ടിയിരിക്കുന്നു. ഏതൊക്കെ പടങ്ങളാണ് വിജമായതെന്നും ആകാത്തതെന്നും പുള്ളിക്കറിയാമെന്ന് എനിക്ക് തോന്നുന്നില്ല. അദ്ദേഹത്തിന്റെ വർക്കിങ് പാറ്റേൺ അനുസരിച്ച് അങ്ങനെ സംഭവിക്കാനാണ് സാധ്യത. ആ രീതിയിൽ ചിന്തിച്ചാൽ അതിൽ യാതൊരു വിധ പ്രശ്നവും ഇല്ല.
ഞാൻ എന്റെ എല്ലാ സിനിമയും വളരെ വ്യക്തിപരമായാണ് കാണുന്നത്, അതെന്റെ സ്വന്തമാണെന്ന് വിചാരിക്കാറുണ്ട്. അത് ചെറിയ റോൾ ആണെങ്കിലും വലുതാണെങ്കിലും എന്റെ സ്വന്തമാണ്.
എന്റെ കഥാപാത്രം വിജയിച്ചിട്ടും ആ സിനിമ വിജയിച്ചില്ലെങ്കിൽ അത് എന്റെ കൂടി തോൽവിയാണ്. കാരണം സിനിമ വിജയിച്ചാലാണ് ജനം കാണുകയുള്ളു, സിനിമ വിജയിച്ചാലാണ് കഥാപാത്രം വിജയിച്ചോ എന്നറിയാൻ പറ്റൂ. ഈ കഥാപാത്രത്തിന്റെ വിജയം എന്ന് പറയുന്നത് ഒറ്റക്ക് നടക്കുന്ന ഒന്നല്ല. അതുകൊണ്ട് കഥാപാത്ര വിജയം എന്നൊരു പരിപാടി തന്നെയില്ല,’ഷറഫുദ്ദീന്‍ പറഞ്ഞു.
അഭിമുഖത്തിൽ താൻ എങ്ങനെയാണ് കഥാപാത്രത്തെ ഉൾക്കൊള്ളുന്നതെന്നും അദ്ദേഹം സംസാരിച്ചു. കഥാപാത്രത്തിന്റെ സാധ്യതകളെപ്പറ്റി താൻ സംവിധായകനോടും തിരക്കഥാകൃത്തിനോടും സംസാരിക്കാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സെറ്റിൽ ചെന്നാൽ ആരോടെങ്കിലും കഥാപാത്രത്തെപ്പറ്റി സംസാരിക്കുന്നത് തനിക്ക് ഗുണമാണെന്നും ഷറഫുദ്ദീന്‍ കൂട്ടിച്ചേർത്തു.
‘കഥാപാത്രത്തിന്റെ പുരോഗമനത്തിന് വേണ്ടി ഞാൻ തിരക്കഥാകൃത്തിനോടും സംവിധായകനോടും സംസാരിക്കാറുണ്ട്. റോഷാക്കിൽ അഭിനയിക്കുമ്പോൾ അങ്ങനെ തന്നെ ആയിരുന്നു. എനിക്ക് ആ സിനിമ വളരെ ഇഷ്ടമായിരുന്നു. അതുകൊണ്ട് ഞാൻ അതിന്റെ തിരക്കഥാകൃത്തുമായി എപ്പോഴും മിണ്ടിക്കൊണ്ടിരിക്കും. എപ്പോഴും നമുക്ക് സംവിധായകനോടൊന്നും സംസാരിക്കാൻ കഴിഞ്ഞെന്ന് വരില്ല. അപ്പോൾ ഞാൻ ചിലപ്പോൾ സ്പോട് എഡിറ്ററോടൊക്കെ സംസാരിക്കും. അതെനിക്ക് വളരെ ഗുണം ചെയ്യാറുണ്ട്,’ ഷറഫുദ്ദീന്‍ പറഞ്ഞു.