| Friday, 9th June 2023, 8:55 pm

ലഹരി ഉപയോഗിക്കുന്നവരെ സിനിമയിൽ വിളിക്കരുത്, എല്ലാവരെയും അടച്ചാക്ഷേപിക്കരുത്: ഷറഫുദ്ദീന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലഹരി ഉപയോഗിക്കുന്നവരെ സിനിമയിൽ നിന്നും ഒഴിവാക്കണമെന്ന് നടൻ ഷറഫുദ്ദീന്‍. എല്ലാവരെയും സംശയത്തിന്റെ മുനയിൽ നിർത്തുന്നത് വളരെ മോശമാണെന്നും അദ്ദേഹം പറഞ്ഞു. മൂവി മാൻ ബ്രോഡ്കാസ്റ്റിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ലഹരി ഇന്നുണ്ടായതല്ല. ലഹരി ഒരുപാട് നാളുകൾക്ക് മുൻപ് ഇവിടെയുണ്ട്. പഴയ അടുക്കള രഹസ്യമാണ് ഇപ്പോഴത്തെ അങ്ങാടിപ്പാട്ട്. അതല്ലാതെ ഇപ്പോൾ ഇവിടെ വേറെ പ്രശ്നങ്ങൾ ഒന്നും നിലനിൽക്കുന്നില്ല.

ഈ കാലത്ത് സിനിമയെ സംബന്ധിച്ചെടുത്തോളം ലഹരിയെക്കുറിച്ചുള്ള ചർച്ച ഹെൽത്തി അല്ലാത്തൊരു കാര്യമാണ്. ഇത്തരം കാര്യങ്ങളെപ്പറ്റിയുള്ള ചർച്ചകൾ കൊണ്ടുവരേണ്ടത് സിനിമാക്കാരും അല്ല.

സിനിമ സെറ്റിൽ നിന്നും ലഹരി ഒഴിവാക്കാൻ വളരെ എളുപ്പമാണ്. അത് ഉപയോഗിക്കുന്നവരെ ഒഴിവാക്കിയാൽ മതി. അല്ലാതെ എല്ലാവരെയും സംശയത്തിന്റെ മുനയിൽ നിർത്തുന്നതും അടച്ചാക്ഷേപിക്കുന്നതും മോശമാണ്,’ഷറഫുദ്ദീന്‍ പറഞ്ഞു.

അഭിനേതാക്കൾ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന പരാമർശത്തിൽ പേര് പറയുന്നില്ലെന്നും അത് വളരെ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

‘ആളുകൾ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് പറയുന്നുണ്ട്. പക്ഷെ അവരുടെ പേര് പറയുന്നില്ല. അതിൽ വളരെ വലിയ തെറ്റുണ്ട്. സിനിമ വർക്ക് ആവാത്തതിൽ ലഹരിക്ക് പങ്കില്ല,’ഷറഫുദ്ദീന്‍ പറഞ്ഞു.

ഷറഫുദ്ദീന്‍ അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് മധുര മനോഹര മോഹം. നവാഗതയായ സ്റ്റെഫി സേവ്യറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രജിഷ വിജയന്‍, സൈജു കുറുപ്പ്, ഷറഫുദീന്‍, ബിന്ദു പണിക്കര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്.

Content Highlights: Sharafudheen on drug use

We use cookies to give you the best possible experience. Learn more