മലയാളത്തില്‍ മറ്റൊരു നടനും ചെയ്യാന്‍ പറ്റാത്ത വയലന്‍സാണ് ആ നടന്‍ ഇനി വരാന്‍ പോകുന്ന ഒരു സിനിമയില്‍ ചെയ്യുന്നത്: ഷറഫുദ്ദീന്‍
Entertainment
മലയാളത്തില്‍ മറ്റൊരു നടനും ചെയ്യാന്‍ പറ്റാത്ത വയലന്‍സാണ് ആ നടന്‍ ഇനി വരാന്‍ പോകുന്ന ഒരു സിനിമയില്‍ ചെയ്യുന്നത്: ഷറഫുദ്ദീന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 10th October 2024, 7:34 pm

അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത നേരത്തിലൂടെ സിനിമാജീവിതം ആരംഭിച്ച നടനാണ് ഷറഫുദ്ദീന്‍. അല്‍ഫോണ്‍സിന്റെ രണ്ടാമത്തെ ചിത്രമായ പ്രേമത്തിലെ ഗിരിരാജന്‍ എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ ഷറഫിന്റെ നല്ല ‘നേരം’ തെളിഞ്ഞു. പിന്നീട് നിരവധി സിനിമകളില്‍ കോമഡി റോളുകളില്‍ തിളങ്ങിയ ഷറഫുദ്ദീന്‍ അമല്‍ നീരദ് സംവിധാനം ചെയ്ത വരത്തനിലൂടെ വില്ലന്‍ വേഷവും തനിക്ക് ഇണങ്ങുമെന്ന് തെളിയിച്ചു. അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ബോഗെയ്ന്‍വില്ലയാണ് ഷറഫിന്റെ പുതിയ ചിത്രം.

വയലന്‍സ് സീനുകള്‍ മലയാളത്തില്‍ വരുന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് ഷറഫുദ്ദീന്‍. എല്ലാ സിനിമകളിലും വയലന്‍സില്ലെന്നും വയലന്‍സ് കാണിക്കേണ്ട സിനിമകള്‍ വേറെയുണ്ടെന്നും ഷറഫ് പറഞ്ഞു. വാര്‍, ക്രൈം ഴോണറുകളിലുള്ള സിനിമകളില്‍ വയലന്‍സ് കാണിക്കേണ്ടതുണ്ടെന്നും അതൊന്നും ഇല്ലാത്ത സിനിമകളും ധാരാളം വരുന്നുണ്ടെന്നും ഷറഫ് കൂട്ടിച്ചേര്‍ത്തു.

ഇനി വരാന്‍ പോകുന്ന ഒരു സിനിമയില്‍ മലയാളത്തില്‍ ഒരു നടനും ചെയ്യാന്‍ പറ്റാത്ത കാര്യമാണ് ഒരു സീനിയര്‍ നടന്‍ ചെയ്തുവെച്ചിരിക്കുന്നതെന്നും തനിക്ക് ആ സിനിമയുടെ പേര് പറയാന്‍ കഴിയില്ലെന്നും ഷറഫുദ്ദീന്‍ പറഞ്ഞു. പുതിയ ജനറേഷനിലെ നടന്മാര്‍ പോലും ചെയ്യാന്‍ പറ്റാത്ത കാര്യമാണ് പഴയ ജനറേഷനിലെ നടന്‍ ചെയ്തുവെച്ചിരിക്കതെന്നും വയലന്‍സ് മോശമാണെന്ന് പറയുമ്പോള്‍ പോലും അതിനെ പുതിയ രീതിയില്‍ അവതരിപ്പിക്കാനാണ് ഇപ്പോഴുള്ള ഫിലിംമേക്കേഴ്‌സ് ശ്രമിക്കുന്നതെന്നും ഷറഫ് കൂട്ടിച്ചേര്‍ത്തു. റിപ്പോര്‍ട്ടര്‍ ടി.വിയോട് സംസാരിക്കുകയായിരുന്നു ഷറഫുദ്ദീന്‍.

‘സിനിമയില്‍ വയലന്‍സ് കൂടുതലാണ് എന്നൊക്കെ ഇപ്പോള്‍ പലരും വിമര്‍ശിക്കുന്നുണ്ട്. എല്ലാ സിനിമയിലും വയലന്‍സില്ല, അതൊന്നും ഇല്ലാത്ത സിനിമകളും ഇവിടെ ധാരാളം ഇറങ്ങുന്നുണ്ട്. എപിക് ആയിട്ടുള്ള സിനിമകളെടുത്താല്‍ വാര്‍, ക്രൈം ഴോണറിലുള്ള സിനിമകളില്‍ വയലന്‍സ് കാണിക്കേണ്ടി വരും. ആ ഴോണറിന്റെ ഭാഗമാണ് അത്. അല്ലാത്ത ഴോണറിലുള്ള സിനിമകള്‍ വേറെയും വരുന്നുണ്ട്. മലയാളത്തില്‍ നോക്കിയാല്‍ ഇനി വരാന്‍ പോകുന്ന സിനിമയില്‍ സീനിയറായിട്ടുള്ള ഒരു നടന്‍ ചെയ്തുവെച്ച കാര്യം മറ്റൊരു നടനും ചെയ്യാന്‍ പറ്റില്ല.

ആ സിനിമ റിലീസാകാത്തതുകൊണ്ട് എനിക്കതിന്റെ പേര് പറയാന്‍ കഴിയില്ല. പഴയ ജനറേഷനിലുള്ള ഒരു നടനാണ് അത് ചെയ്തുവെച്ചത്. പുതിയ ജനറേഷനിലുള്ള ഒരു നടനും ആ കാര്യം ചെയ്യാന്‍ പറ്റില്ല. കാണുന്നവരുടെ തല പൊളിഞ്ഞുപോകുന്ന തരത്തിലുള്ള കാര്യമാണ് ആ സിനിമയിലുള്ളത്. വയലന്‍സിനെക്കുറിച്ച് പലരും എഴുതിക്കൊണ്ടിരിക്കുമ്പോള്‍ പല ഫിലിംമേക്കേഴ്‌സും അതിനെ എങ്ങനെ പുതിയ രീതിയില്‍ അവതരിപ്പിക്കാമെന്നാണ് നോക്കുന്നത്,’ ഷറഫുദ്ദീന്‍ പറഞ്ഞു.

Content Highlight: Sharafudheen about Violence in movies