'പ്രേമം ഗാങ്' എന്ന ടാഗ് പൊട്ടാനാണ് ഞങ്ങൾ ശ്രമിച്ചു കൊണ്ടിരിക്കുന്നത്: ഷറഫുദ്ദീന്‍
Film News
'പ്രേമം ഗാങ്' എന്ന ടാഗ് പൊട്ടാനാണ് ഞങ്ങൾ ശ്രമിച്ചു കൊണ്ടിരിക്കുന്നത്: ഷറഫുദ്ദീന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 29th October 2023, 4:39 pm

പ്രേമം ഗ്യാങ്ങിനെക്കുറിച്ച് സംസാരിക്കുകയാണ് ഷറഫുദ്ദീന്‍. തങ്ങൾ പല ഇടങ്ങളിൽ നിന്നും കാണാറുണ്ടെന്നും സിനിമാ ചർച്ചകൾ ചെയ്യാറുണ്ടെന്നും ഷറഫുദ്ദീന്‍ പറയുന്നുണ്ട്. പ്രേമം സിനിമയിലെ ഭാർഗവി നിലയം പുര എന്ന വീട് കഴിഞ്ഞ മാസം തങ്ങൾ തിരിച്ചെടുത്തെന്നും അവിടെ വെച്ച് തങ്ങൾ കാണാറും കൂടാറുമുണ്ടെന്നും ഷറഫുദ്ദീന്‍ പറഞ്ഞു.

പ്രേമം കഴിഞ്ഞിട്ട് തങ്ങൾ നേരിട്ട ഏറ്റവും വലിയ പ്രശ്നം പ്രേമം ഗ്യാങ് പൊട്ടിക്കണം എന്നായിരുന്നെന്നും ഷറഫുദ്ദീന്‍ പറയുന്നുണ്ട്. എന്നാൽ അവരെല്ലാരും സിനിമയിൽ തങ്ങളുടേതായ റൂട്ട് കണ്ടെത്താൻ ശ്രമിക്കുന്നുണ്ടെന്നും തങ്ങളുടെ സർക്കിൾ ഇപ്പോഴും നിലനിക്കുന്നുണ്ടെന്നും ഷറഫുദ്ദീന്‍ കൂട്ടിച്ചേർത്തു. മീഡിയ വൺ ലൈറ്റിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘ഞങ്ങൾ ഇപ്പോഴും അവിടെയും ഇവിടെയും ഒക്കെ വെച്ചിട്ട് കാണാറുണ്ട്. ഞങ്ങൾക്കിടയിൽ സിനിമാ ചർച്ചകൾ ഒക്കെയുണ്ട്. പ്രേമത്തിലെ ഭാർഗവി നിലയം പുര എന്ന് പറയുന്ന ഞങ്ങളുടെ വീട്, അത് ഞങ്ങളുടെ കൂട്ടുകാരൻ്റെ അമ്മയുടെ തറവാടാണ്. ആ വീട് പ്രേമം കഴിഞ്ഞപ്പോൾ അവിടെ വേറെ ആളുകൾ വന്നപ്പോൾ, അത് ഞങ്ങളുടെ അടുത്ത് നിന്ന് പോയിരുന്നു. എന്നാൽ കഴിഞ്ഞ മാസം ഞങ്ങളത് തിരിച്ചെടുത്തു. ഇപ്പോൾ ഞങ്ങൾ എല്ലാവരും അവിടെ കാണുന്നുണ്ട്, കൂടുന്നുണ്ട്. അവിടെ വെച്ച് ചർച്ചകൾ ഒക്കെ നടക്കുന്നുണ്ട്.

പ്രേമം കഴിഞ്ഞിട്ട് ഞങ്ങൾ ഫേസ് ചെയ്ത ഏറ്റവും വലിയ പ്രശ്നം, പ്രേമം ഗാങ് എന്ന ടാഗ് പൊട്ടണം എന്നതായിരുന്നു. അത് ഞങ്ങളുടെ എല്ലാവരുടെയും ആഗ്രഹമായിരുന്നു. അതിനാണ് എല്ലാവരും ഇപ്പോൾ ട്രൈ ചെയ്തു കൊണ്ടിരിക്കുന്നത്. സിജു ആണെങ്കിലും കിച്ചു ആണെങ്കിലും ശബരി ആണെങ്കിലും അവർ ഇൻഡിവിജ്വലി സിനിമ ചെയ്യാനും അവരുടെ റൂട്ടുകൾ കണ്ടെത്താനുമാണ് നോക്കുന്നത്. അവരുടേതായ സ്പേസ് കിട്ടാൻ നോക്കുകയാണ്.

എന്നാൽ ഞങ്ങളുടെ സർക്കിളിൽ തന്നെ നിൽക്കുന്നു, സംസാരിക്കുന്നു. പറ്റുമെങ്കിൽ ചില വൈകുന്നേരം കാണുന്നു. ആ സ്പേസിൽ ഞങ്ങൾ ഇപ്പോഴും ഉണ്ട്,’ ഷറഫുദ്ദീന്‍ പറഞ്ഞു.

അതേസമയം ഷറഫുദ്ദീന്‍ കേന്ദ്ര കഥാപാത്രത്തിൽ അഭിനയിക്കുന്ന പുതിയ വെബ് സീരിസ് മാസ്റ്റര്‍ പീസ് റിലീസ് ചെയ്തിരിക്കുകയാണ്. ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറില്‍ സ്ട്രീമിങ് ആരംഭിച്ച മലയാളത്തിലെ ഏറ്റവും പുതിയ വെബ് സീരീസുകൂടിയാണിത്. ‘ബ്രോ ഡാഡി’ എന്ന ചിത്രത്തിന്റെ എഴുത്തുകാരനും ‘തെക്കന്‍ തല്ലുകേസ്’ എന്ന സിനിമയുടെ സംവിധായകനുമായ ശ്രീജിത്ത് എന്‍. ആണ് മാസ്റ്റര്‍ പീസ് സംവിധാനം ചെയ്തിരിക്കുന്നത്.

ഒരു കുടുംബകഥ പറയുന്ന സീരിസായി മാസ്റ്റര്‍പീസിനെ പരിഗണിക്കാമെങ്കിലും ഒരേ സമയം തമാശയിലൂടെ വലിയ രാഷ്ട്രീയം സംസാരിക്കുന്ന വെബ്സീരിസ് കൂടിയാണ് മാസ്റ്റര്‍പീസ്.

നിത്യ മേനോന്‍, രണ്‍ജി പണിക്കര്‍,അശോകൻ , ശാന്തി കൃഷ്ണ, മാല പാര്‍വതി തുടങ്ങിയവരാണ് ഈ സീരീസില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളാകുന്നത്. മാത്യൂ ജോര്‍ജ് ആണ് നിര്‍മാതാവ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ബംഗാളി, മറാത്തി തുടങ്ങിയ ഭാഷകളില്‍ സീരീസ് സ്ട്രീം ചെയ്യുന്നത്.

Content Highlight: Sharafudheen about their desire was to break the tag of Premam Gang