അൽഫോൺസ് പുത്രൻ എന്ന സംവിധായകൻ മലയാളത്തിന് സമ്മാനിച്ച നടനാണ് ഷറഫുദ്ദീൻ. ചെറിയ സിനിമകളുടെ ഭാഗമായിട്ടുണ്ടെങ്കിലും പ്രേമം എന്ന സൂപ്പർഹിറ്റ് ചിത്രത്തിലെ ഗിരിരാജൻ കോഴിയെന്ന കഥാപാത്രമാണ് ഷറഫുദ്ദീൻ പ്രേക്ഷകർക്കിടയിൽ ഒരു മേൽവിലാസം നേടിക്കൊടുത്തത്. പിന്നീട് മലയാളത്തിലെ തിരക്കുള്ള ഹാസ്യ നടനായി മാറിയ ഷറഫുദ്ദീൻ പതിയെ ട്രാക്ക് മാറ്റുന്ന കാഴ്ചയാണ് പ്രേക്ഷകർ കണ്ടത്
ഷറഫുദ്ദീന്റെ സ്ഥിരം കഥാപാത്രങ്ങളിൽ നിന്നുള്ള ഒരു കൂടുമാറ്റമായിരുന്നു അമൽ നീരദ് ഒരുക്കിയ വരത്തനിലെ ജോസി എന്ന വേഷം. അന്ന് വരെ പ്രേക്ഷകർ കണ്ടതിൽ നിന്ന് പൂർണമായി വ്യത്യസ്തമായി ഒരു മുഴുനീള നെഗറ്റീവ് വേഷത്തിൽ ആയിരുന്നു ഷറഫുദ്ദീൻ ആ ചിത്രത്തിൽ എത്തിയത്.
വരത്തൻ എന്ന ചിത്രമാണ് പ്രേക്ഷകർക്കിടയിൽ ഷറഫുദ്ദീൻ എന്ന പേര് അടയാളപ്പെടുത്തിയതെന്നും അതുവരെ താൻ എല്ലാവർക്കും ഗിരിരാജൻ കോഴിയായിരുന്നുവെന്നും ഷറഫുദ്ദീൻ പറയുന്നു. തന്റെ ചിന്താഗതിയിൽ മാറ്റം വരാൻ തുടങ്ങിയത് വിനായകൻ, ഫഹദ് ഫാസിൽ എന്നിവർക്കൊപ്പം അഭിനയിച്ചപ്പോഴാണെന്നും ഷറഫുദ്ദീൻ പറഞ്ഞു.
‘പ്രേമത്തിലെ ഗിരിരാജൻ കോഴി എന്ന കഥാപാത്രമാണ് എനിക്ക് പ്രേക്ഷകരുടെ മനസിലേക്കുള്ള വാതിൽ തുറന്നു തന്നത്. അതിലെ ഡയലോഗ്, ട്രോളൻമാരൊക്കെ ഇപ്പോഴും ഉപയോഗിക്കുന്നത് കാണുമ്പോൾ സന്തോഷമുണ്ട്. പക്ഷേ, ഗിരിരാജൻ കോഴി ഹിറ്റായതോടെ അത്തരം കഥാപാത്രങ്ങളിൽ ഞാൻ എന്നും തളച്ചിടപ്പെടുമോയെന്ന പേടിയുണ്ടായിരുന്നു.
എന്നാൽ ഫഹദ് ഫാസിൽ, വിനായകൻ തുടങ്ങിയ നടൻമാർക്കൊപ്പം പിന്നീട് ചില സിനിമകൾ ചെയ്യാൻ കഴിഞ്ഞതോടെ എന്റെ ചിന്താഗതികളിൽ വലിയ മാറ്റമുണ്ടായി. അവരൊക്കെ കഥാപാത്രങ്ങളെ സമീപിക്കുന്ന രീതിയും അവതരിപ്പിക്കുന്ന ശൈലിയുമൊക്കെ എന്നെ സംബന്ധിച്ചിടത്തോളം വലിയ പാഠപുസ്തകങ്ങളായിരുന്നു.
സംവിധായകൻ അമൽ നീരദ് ‘വരത്തൻ’ എന്ന സിനിമയിലൂടെ എനിക്ക് തന്ന കഥാപാത്രമായ ജോസി അത്തരം പഠനങ്ങളുടെ തുടക്കമായിരുന്നു. സത്യത്തിൽ എന്നെ ആളുകൾ ഷറഫുദ്ദീൻ എന്നു വിളിച്ചു തുടങ്ങിയത് വരത്തൻ എന്ന സിനിമയിലൂടെയാണ്. അതുവരെ ഞാൻ എല്ലാവർക്കും ഗിരിരാജൻ കോഴി ആയിരുന്നു ,’ ഷറഫുദ്ദീൻ പറയുന്നു
അതേസമയം ഷറഫുദ്ദീന്റേതായി വരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഹലോ മമ്മി’. ഐശ്വര്യ ലക്ഷ്മി നായികയായി എത്തുന്ന ഫാന്റസി കോമഡി ചിത്രമാണ് ഇത്. നവാഗതനായ വൈശാഖ് എലന്സാണ് സിനിമ സംവിധാനം ചെയ്തത്. 21ന് ഹലോ മമ്മി പ്രേക്ഷകർക്ക് മുന്നിലെത്തും.
Content Highlight: Sharafudheen About His Film Career And Varathan Movie